Latest News

മുസ്ലീംലീഗ് പരിസ്ഥിതി യോഗത്തില്‍ കയ്യാങ്കളി


കണ്ണൂര്‍ : മുസ്ലിംലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുസ്ലിംലീഗില്‍ നിന്നും പുറത്താക്കിയ ആള്‍ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പാര്‍ട്ടി പുറത്താക്കിയ ആള്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു.

പുറത്താക്കിയ ആളെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ചിലര്‍ വടിയും കല്ലുമായി പുറത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. ചേംബര്‍ ഹാളിന്റെ വാതിലുള്‍ക്ക് കേടുപാടുപറ്റിയിട്ടുണ്ട്. ടൗണ്‍ പോലീസെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ കെട്ടടങ്ങിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് തടസമൊന്നുമില്ലെന്നും ഈ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും ജില്ലാ ലീഗ് ജന.സിക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.
സെമിനാര്‍ അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്‌നം കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്താണ് മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയതെന്നും സമദാനി പറഞ്ഞു.അബ്ദുറഹിമാന്‍ കല്ലായി അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, നേതാക്കളായ വി പി വമ്പന്‍, അഡ്വ പി വി സൈനുദ്ദീന്‍, ബി പി ഫാറൂഖ്, കെ പി താഹിര്‍, നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.