Latest News

നിതാഖാത്തും വേനലവധിയും: വിമാനക്കന്പനികൾ പ്രവാസികളെ പിഴിയുന്നു

മലപ്പുറം: നിതാഖാത്തും വേനലവധിയും മുതലെടുത്ത് വിമാനക്കന്പനികൾ പ്രവാസികളെ കൊളളയടിക്കുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ ടിക്കറ്റ് നിരക്ക് ഇരട്ടിയായി. കഴിഞ്ഞ മാസം എയർഇന്ത്യയും മറ്റ് എയർലൈനുകശും ജിദ്ദ-കരിപ്പൂർ റൂട്ടിൽ 11,000-12,000 രൂപ ഈടാക്കിയിരുന്നു. ഇതിപ്പോൾ 20,000-25,000 ആണ്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. നെടുന്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 3,000രൂപ കുറവാണ്. അബൂദാബി, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരക്കും കുത്തനേ കൂട്ടി.

സ്വകാര്യകന്പനികൾക്കൊപ്പം എയർഇന്ത്യയും പകൽക്കൊള്ള‌യിൽ മുന്നിലാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ഗൾഫിൽ വേനലവധിയായതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് പതിവാണ്. മുന്പെങ്ങുമില്ലാത്ത വിധമാണ് നിരക്ക് വർദ്ധിച്ചതെന്ന് സൗദിയിൽ നിന്ന് കരിപ്പൂരിലെത്തിയ അരീക്കോട് സ്വദേശി ടി.എൻ. ഫൈസൽ പറഞ്ഞു. നിതാഖാത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ പകുതിയോടെ ടിക്കറ്റ് നിരക്ക് 35,000 വരെയായേക്കുമെന്ന് കോഴിക്കോട് അൽഹിന്ദ് ട്രാവൽസിലെ അസിസ്റ്റന്റ് മാനേജർ എം.കെ. മുഹമ്മദ് ഷബീർ പറഞ്ഞു. ജൂൺ 25 വരെ ഒരു വിമാനത്തിലും കരിപ്പൂരിലേക്ക് ടിക്കറ്റില്ല. നിതാഖാത്തിന്റെ പശ്ചാത്തലത്തിൽ അധിക സർവീസ് നടത്തുന്നതിനെക്കുറിച്ച് വിമാനക്കന്പനികളോ സർക്കാരോ സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്ന് 20 മലയാളികളെ ഡൽഹിയിലാണ് എത്തിച്ചത്. കരിപ്പൂരിനേക്കാൾ പകുതി ചാർജ്ജ് മതി ഡൽഹിയിലേക്ക്. 11000-12000ത്തിന് ഇടയ്‌ക്കാണ് ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക്. ജിദ്ദയിൽ നിന്ന് അഞ്ചു മണിക്കൂറാണ് മുംബയിലേക്കുള്ള യാത്രാസമയം. അരമണിക്കൂർ മാത്രം കൂടുതലുള്ള കരിപ്പൂരിലേക്ക് ഈടാക്കുന്നത് പതിനായിരത്തിലധികം രൂപ.

അനധികൃത താമസക്കാർക്കും ചുവപ്പ്, മഞ്ഞ വിഭാഗത്തിൽപ്പെട്ട കന്പനികളിലെ തൊഴിലാളികൾക്കും രാജ്യം വിടാൻ കുവൈറ്റ് ജൂൺ മുപ്പതും സൗദി ജൂലൈ രണ്ടും വരെയാണ് സമയം നൽകിയിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവർത്തിച്ചിട്ടുണ്ടെങ്കിലും പ്രവാസികൾക്ക് ഇതുവരെ ബന്ധപ്പെട്ടവരിൽ നിന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. നിലവിൽ മടങ്ങിയെത്തുന്ന മലയാളികൾ സ്വന്തമായി ടിക്കറ്റെടുത്തവരാണ്. ജൂൺ അവസാനത്തോടെ തിരിച്ചുവരവ് ശക്തമാകും. സമയപരിധിക്കുള്ളിൽ ഗ്രീൻ വിഭാഗത്തിലേക്ക് മാറാനായില്ലെങ്കിൽ ഒരുലക്ഷത്തോളം മലയാളികൾ മടങ്ങേണ്ടി വരുമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.സെയ്താലിക്കുട്ടി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.