Latest News

ഷരീഫിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല

കാഞ്ഞങ്ങാട്: ഡിഗ്രി വിദ്യാര്‍ത്ഥിയായ അജാനൂര്‍ കൊളവയല്‍ യുവാവ് മലപ്പുറം മഞ്ചേരിയിലെ താമസസ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. കൊളവയല്‍ ഇട്ടമ്മലിലെ കെ അബ്ദുള്‍റഹിമാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷരീഫിനെ(24)യാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേരി പാണ്ടിക്കാട്ടെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മഞ്ചേരിയിലെ ഒരു സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു ഷരീഫ്. പഠനത്തോടൊപ്പം ആയുര്‍വ്വേദ മരുന്നുകളുടെ വി ല്‍പ്പന നടത്തിവരികയായിരുന്നു. പാണ്ടിക്കാട്ടെ വാടക കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഏണിപ്പടിയുടെ ചുവട്ടിലുള്ള മുറിയില്‍ ഒറ്റക്ക് താമസിച്ചുവരികയായിരുന്നു യുവാവ്. 

ശനിയാഴ്ച രാത്രി 11 ഓടെയാണ് ഷരീഫിനെ തൂങ്ങിയ നിലയില്‍ പരിസരവാസികള്‍ കണ്ടെത്തിയത്. പക്ഷെ തൂങ്ങി നിന്ന യുവാവിന്റെ കാല്‍ നിലത്ത് ഇഴയുന്ന നിലയിലായിരുന്നു. വലതുകൈയുടെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ സാധാരണ ഗതിയില്‍ വലതുകൈ കൊണ്ട് ഇടതുകൈയുടെ ഞരമ്പാണ് മുറിക്കാറുള്ളത്. ഇവിടെ വലതുകൈയില്‍ മുറിവ് കണ്ടെത്തിയതും തൂങ്ങിനിന്ന മൃതദേഹത്തിന്റെ ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.

മരണം നടന്ന ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഷരീഫ് പിതാവ് അബ്ദുള്‍റഹിമാന്‍ ഹാജിയെ ഫോണില്‍ വിളിച്ചിരുന്നു. ഷരീഫ് ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് അവസാനം പോയ കോളും പിതാവിന് തന്നെ. 

മൂന്ന് ദിവസം മുമ്പ് കൊളവയലിലെ താമസ സ്ഥലത്തെത്തി മടങ്ങിയ ഷരീഫ് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഷരീഫിന് ഗുരുതരമായ അസുഖമാണെന്ന് ശനിയാഴ്ച രാത്രി മഞ്ചേരിയില്‍ നിന്ന് പിതാവിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് മരണവിവരം കുടുംബം അറിയുന്നത്. 

മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വൈകിട്ടോടെ നാട്ടിലെത്തിച്ചു. അതിഞ്ഞാല്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രിയോടെ അതിഞ്ഞാല്‍ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്തു. മറിയമാണ് മാതാവ്. അബ്ദുള്‍സത്താര്‍, ഖദീജ, സാബിറ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.