Latest News

ഉത്രാടപ്പാച്ചില്‍...

കാഞ്ഞങ്ങാട്‌: ഓണത്തിരക്കില്‍ വെള്ളിയാഴ്ച കാഞ്ഞങ്ങാട്‌ നഗരം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. പൂവിപണിയും വസ്ത്രവിപണിയും ഒരുപോലെ തിരക്കിലായി. ഇടയ്ക്ക് മഴ എത്തിയെങ്കിലും അതൊന്നും തിരക്കിനെ ബാധിച്ചില്ല. ലോകമെങ്ങുമുള്ള മലയാളികള്‍ ഉത്രാടപ്പാച്ചിലിലാണ്. അവസാന ഒരുക്കങ്ങളുമായി നാടും നഗരവും ഒരുങ്ങിയതോടെ ഓണവിപണിയും സാംസ്കാരികവേദികളും കൂടുതല്‍ സജീവമാകും. കച്ചവടം പൊടിപൊടിക്കുന്ന ഉത്രാടനാളില്‍ നാളത്തേക്ക് വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കും തുടങ്ങി. 

ജില്ലയില്‍ പലയിടത്തും പൂക്കള മത്സരം, പായസ മത്സരം, ഉറിയടി, കുമ്മാട്ടി, പുലികളി, വടംവലി, തിരുവാതിരക്കളി തുടങ്ങിയ പരിപാടികള്‍ നടന്നു. സാംസ്കാരിക സംഘടനകള്‍ വെള്ളിയാഴ്ചമുതല്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ക്ലബ്ബുകളും മറ്റും വ്യത്യസ്ത പരിപാടികളോടെ ഓണത്തെ വരവേറ്റു. 

നഗരത്തില്‍ അന്യസംസ്ഥാന കച്ചവടക്കാരുടെ പൂ വില്‍പ്പന പൊടിപൊടിക്കുകയാണ്. ഇക്കുറിയും തമിഴ്നാട്ടില്‍നിന്നുള്ളവരാണ് ഏറെയും. അത്തംമുതല്‍ ഓരോ കോണുകളിലുമുണ്ടായിരുന്ന പൂക്കച്ചവടക്കാര്‍ ഇപ്പോള്‍ നിരത്ത് കൈയടക്കിയ കാഴ്ചയാണ്. നാടെങ്ങും പൂക്കള മത്സരങ്ങളുടെ തിരക്കാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം മത്സരത്തിന്റെ ആവേശമാണ്. പൂവിന് പൊള്ളുന്നവിലയാണ്. കര്‍ണാടകത്തിലെ ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട്, തമിഴ്നാട്ടിലെ ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഓണവിപണി ലക്ഷ്യമിട്ട് പൂക്കളെത്തുന്നത്. 

തിരുവോണം ഇങ്ങെത്തിയതോടെ നാടെങ്ങും പരിപാടികളുടെ ഉത്രാടപ്പാച്ചില്‍. മൂന്നുനാള്‍ നാടും നഗരവും ഉത്സാഹത്തിമിര്‍പിലേക്ക് അമരുകയാണ്.

മഡിയന്‍ ജവാന്‍ ക്ലബ്ബിന്റെ ഓണാഘോഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. തിരുവോണത്തിന് വീട്ടുമുറ്റത്ത് പൂക്കളമത്സരം. വിജയികള്‍ക്ക് 2555, 1777, 1111 രൂപയും അവാര്‍ഡും നല്‍കും. രാവിലെ എട്ടിന് മാവേലിയുടെ ഗൃഹസന്ദര്‍ശനം. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ കായികമത്സരങ്ങള്‍. തുടര്‍ന്ന് കമ്പവലിമത്സരം. വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്യും. എസ്എസ്.എല്‍സി- പ്ലസ്ടു പരീക്ഷ വിജയികള്‍ക്ക് മൂലക്കണ്ടം പ്രഭാകരനും മത്സരവിജയികള്‍ക്ക് എ വി കണ്ണനും ഉപഹാരം നല്‍കും.

നോര്‍ത്ത് കോട്ടച്ചേരി യൂത്ത്സെന്റര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം തിരുവോണ നാളില്‍ നടക്കും. രാവിലെ എട്ടിന് മാവേലിയുടെ ഗൃഹസന്ദര്‍ശനവും പൂക്കളമത്സരവും നടക്കും. രാവിലെ പത്തിന് ക്ലബ് പരിധിയിലെ വീടുകളില്‍ ഓണക്കിറ്റ്് വിതരണം. പകല്‍ രണ്ടിന് കലാ- കായിക മത്സരങ്ങള്‍. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്റെ വീട് ശുചിത്വവീട് അവാര്‍ഡ് മൂലക്കണ്ടം പ്രഭാകരന്‍ സമ്മാനിക്കും. രാത്രി എട്ടിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം തീപ്പൊട്ടന്‍. 

ആറാട്ടുകടവ് വെടിത്തറക്കാല്‍ യുവദര്‍ശനയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളമത്സരവും തുടര്‍ന്ന് മെഗാ തിരുവാതിരയും ശനിയാഴ്ച നടക്കും. 

ഉദയപുരം പൗരാവലിയുടെ ഓണാഘോഷം ഏഴുവരെ നടക്കും. സമാപനസമ്മേളനം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുശാല്‍നഗര്‍ നിത്യാനന്ദ ക്ലബ്ബിന്റെ ഓണാഘോഷം എട്ടിന് നടക്കും. എഡിഎം എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്യും. 

മടിക്കൈ പബ്ലിക് റീഡിങ് റൂം ഓണാഘോഷത്തിന്റെ ഭാഗമായി ലോകസാക്ഷരത ദിനാചരണത്തിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍വല്‍ക്കരണ പദ്ധതി എട്ടിന് വൈകിട്ട് നാലിന് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയും. 14ന് ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ഭക്ഷണം നമ്മുടെ കൃഷി വിഷയത്തില്‍ സംവാദം നടക്കും. കെ ബി ആര്‍ കണ്ണന്‍ വിഷയം അവതരിപ്പിക്കും.

പുല്ലൂര്‍ എ കെ ജി ക്ലബ് 7, 9 തിയതികളില്‍ ഓണാഘോഷം സംഘടപ്പിക്കും. പൂക്കളമത്സരം സംഘടിപ്പിക്കും. ഒമ്പതിന് പകല്‍ മൂന്നിന് കമ്പവലി മത്സരവുമുണ്ടാകും.

അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ യുദ്ധവിരുദ്ധ പൂക്കളം തീര്‍ത്തു. പ്രിന്‍സിപ്പല്‍ കെ പത്മനാഭന്‍, ശ്രീകാന്ത്, സൈജു, സജീവ്, ശ്യാമ, അശ്വിനി എന്നിവര്‍ സംസാരിച്ചു. 

കുണ്ടംകുഴി സഹൃദയ കുണ്ടംകുഴി, സഹൃദയ ലൈബ്രറി, പ്രതീക്ഷ സ്വാശ്രയ സംഘം, ബാലസംഘം, ബാലവേദി എന്നിവയുടെ ഓണാഘോഷം ഒമ്പതിന് രാവിലെ ഒമ്പതുമുതല്‍ കുണ്ടംകുഴിയില്‍ നടക്കും.

പായം എംഎന്‍ സ്മാരക വായനശാലയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ ഓണാഘോഷം നടക്കും. പൂക്കള മത്സരവും ഉണ്ടാകും.


Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.