Latest News

ഹറമുകളിലെ റംസാന്‍ ഒരുക്കം തിങ്കളാഴ്ച ആരംഭിക്കും


മക്ക: വിശുദ്ധ റംസാന്‍ മാസത്തിനായുളള മക്ക, മദീന ഹറമുകളിലെ സജ്ജീകരണങ്ങള്‍ അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. സ്ഥിര- താത്കാലിക ജോലിക്കാരായി എണ്ണായിരത്തോളം പേര്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ റംസാനില്‍ തീര്‍ഥാടകരുടെ സേവനത്തിനു രംഗത്തുണ്ടാകും.

റംസാന്‍ പ്രവര്‍ത്തനപരിപാടികള്‍ വളരെ നേരത്തെ ആവിഷ്‌കരിച്ചിട്ടുണ്ട്. മക്ക ഹറമിലെ കിങ് അബ്ദുല്ല ഹറം വടക്ക് മുറ്റ വികസന പദ്ധതിക്ക് കീഴിലെ താഴ്ഭാഗത്തെ നിലയും ഒന്നാം നിലയും ഭാഗികമായി റംസാനില്‍ ഉപയോഗപ്പെടുത്തും. ഇതിലൂടെ ഏകദേശം 5,40,000 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുണ്ടാകും. ഇവിടങ്ങളില്‍ സ്ഥിരവും താത്കാലികവുമായ പാലങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന ജോലികള്‍ നടന്നുവരികയാണ്. 

വിവിധ ഭാഗങ്ങളിലായി അംഗശുചീകരണ സമുച്ചയങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവയില്‍ 5384 ടോയ്‌ലറ്റുകളുണ്ട്. 1872 കുടിവെള്ള ടാപ്പുകളുണ്ട്. ഹറമിന്റെ മുറ്റങ്ങളില്‍ ശീതകാറ്റേകാന്‍ 250 ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹറമിന്റെ ഏറ്റവും മുകളില്‍ 272 ഫാനുകളും ഒരുക്കി. ബേസ്‌മെന്റിലും ഒന്നാം നിലയിലും എയര്‍ കണ്ടീഷനിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. 

തീര്‍ഥാടകര്‍ക്ക് മതവിധികള്‍ക്കും സംശയ നിവാരണം നടത്തുന്നതിനായി 12 കാബിനുകളുണ്ടാകും. ഇരുഹറമുകളുടെ വിവിധ ഭാഗങ്ങളില്‍ പഠന ക്‌ളാസുകളുണ്ടായിരിക്കും. ബോധവത്കരണത്തിനും നിര്‍ദേശങ്ങള്‍ക്കുമായി ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും നടപ്പാതകളിലുമായി നിരവധി ഇലക്ട്രോണിക് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

സംസംവിതരണത്തിന് നടപടികള്‍ പൂര്‍ത്തായിട്ടുണ്ട്. ഇതിനായി 18000 പാത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വഴുതി വീഴാന്‍ കാരണമാകുന്നതിനാല്‍ പ്‌ളാസ്റ്റിക് ബാഗുകളില്‍ സംസമെടുക്കുന്നത് ഒഴിവാക്കണം. ഹറമിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്നവരെ പിടികൂടാനും തിക്കും തിരക്കും ഒഴിവാക്കാനും നടപ്പാതകളിലെ ഇരുത്തവും കിടത്തവും തടയാനും പ്രത്യേക വിഭാഗം രംഗത്തുണ്ടാകും. 

പ്രായംകൂടിയവര്‍ക്കും വികലാംഗര്‍ക്കും ഉന്തുവണ്ടികളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വൈദ്യുതി, സൗണ്ട് സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് പരിശോധിക്കും. അവശിഷ്ടങ്ങള്‍ അതിനായി നിശ്ചയിച്ച സ്ഥലത്തെ ഇടാവൂ. 

ഹറമിന്റെ വിശുദ്ധി എല്ലാവരും കാത്തുസൂക്ഷിക്കണം. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങളും പരാതികളും അറിയിക്കുന്നതിന് 02 5739992 എന്ന ഫാക്‌സും  www.gph.gov.sa എന്ന വെബ്‌സൈറ്റും ഒരുക്കിയതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.