Latest News

മുഖം മിനുക്കി റോള പാര്‍ക്ക് ഒരുങ്ങുന്നു


ഷാര്‍ജ: ഷാര്‍ജയുടെ വ്യാപാര നഗരിയിലെത്തുന്നവരെ സ്വീകരിക്കാന്‍ റോള സ്‌ക്വയര്‍ പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു. പതിറ്റാണ്ടുകളായി എമിറേറ്റിലെ ചരിത്രപരമായ അടയാളമായി നിലകൊണ്ട പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സമാഗതമായ വിശുദ്ധ റമസാന്‍ അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണറിയുന്നത്. രണ്ട് വര്‍ഷത്തിലധികമായി പുനരുദ്ധാരണ ജോലികള്‍ക്കായി പാര്‍ക്ക് അടച്ചിട്ട നിലയിലാണ്.

രാജ്യത്തെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായ റോളയുടെ ഹൃദയഭാഗത്ത് 3.7 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് ചരിത്ര പ്രധാന കേന്ദ്രം കൂടിയായാണ് പരിഗണിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ഭരണാധികാരിയായിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി നട്ടുപിടിപ്പിച്ച ആല്‍മര ചെടിയുടെ സ്മരണക്കായാണ് പിന്നീട് പാര്‍ക്ക് പണിതതും ഈ മേഖലക്ക് 'റോള' എന്ന് നാമകരണം ചെയ്തതും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ക്കിന്റെ വിവിധ വശങ്ങളില്‍ തണല്‍ വിരിക്കാന്‍ നിരവധി ആല്‍മരങ്ങള്‍ വളര്‍ത്തുകയും മധ്യത്തിലായി കോണ്‍ക്രീറ്റില്‍ കൂറ്റന്‍ ആല്‍മര സ്തൂപം നിര്‍മിക്കുകയുമുണ്ടായി.

തുറസ്സായ നിലയിലായിരുന്ന പാര്‍ക്കിന് ചുറ്റും കമ്പിവേലി ഘടിപ്പിക്കുകയും മനോഹരമായ കമാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. പുതുതായി പണിത കഫ്ത്തീരിയയുടെ മിനുക്കു പണികള്‍ നടന്നുവരുന്നു. സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്ന ജലധാരകളുടെ നിര്‍മാണ ജോലി അവസാനഘട്ടത്തിലാണ്. വര്‍ണ വെളിച്ചം വിതറുന്ന അമ്പതില്‍പരം വിളക്കുകളും സ്ഥാപിച്ചു.
ഇരിപ്പിടങ്ങളും നടപ്പാതകളും സൗകര്യപ്രദമാക്കുന്ന ജോലിയും പുരോഗമിക്കുന്നു.

റോളയുടെയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറുക്കണക്കിന് പേരാണിവിടെ സായാഹ്ന നടത്തത്തിനും വ്യായാമത്തിനുമായെത്തുന്നത്. ഒഴിഞ്ഞയിടങ്ങളില്‍ പുല്ല് വിരിക്കുന്ന പ്രവൃത്തിയും ത്വരിതഗതിയില്‍ നടക്കുന്നു. പാര്‍ക്കിന്റെ ഏതാണ്ട് 60 ശതമാനം ഭാഗവും പച്ചപുല്ല് വിരിച്ച നിലയിലായിരിക്കും. ഷാര്‍ജയുടെ പൈതൃകവും സാംസ്‌കാരിക മികവും പരിചയപ്പെടുന്ന കേന്ദ്രമാക്കി റോള സ്‌ക്വയര്‍ പാര്‍ക്കിനെ മാറ്റാനാണ് പദ്ധതി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.2 കോടി ദിര്‍ഹമാണ് ഷാര്‍ജ നഗരസഭ ചെലവഴിക്കുന്നത്.

അവധി ദിനങ്ങളിലും മറ്റും റോളയിലെത്തുന്നവരില്‍ ഏറെ പേരും സമയം ചെലവഴിക്കുന്നതിനും മറ്റുമായി മുഖ്യമായും ആശ്രയിച്ചിരുന്ന റോള സ്‌ക്വയര്‍ പാര്‍ക്ക് പുതിയ മുഖമണിയുന്നതോടെ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താനും സാധ്യതയുണ്ട്. ഏഷ്യക്കാരായ ബാച്ചിലര്‍മാര്‍ കൈയടക്കിവെച്ച അവസ്ഥയായിരുന്നു പാര്‍ക്ക് മുന്‍കാലങ്ങളില്‍. മുച്ചീട്ട് കളി ഉള്‍പ്പെടെ അരങ്ങേറിയിരുന്നു. അനധികൃത താമസക്കാരുടെ താവളമായി മാറുകയും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമാകുകയും ചെയ്തതോടെ അധികൃതര്‍ പാര്‍ക്ക് അടച്ചിടുകയായിരുന്നു.

അതേസമയം, പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത് ഏറെ ആഹ്ലാദത്തിലാക്കുന്നത് സമീപത്തെ വ്യാപാരികളെയാണ്. നഗരമധ്യത്തിലെ വിനോദ കേന്ദ്രത്തില്‍ ആളനക്കം വരുന്നതോടെ കച്ചവടത്തില്‍ നല്ല പുരോഗതി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണിവര്‍. വര്‍ഷങ്ങളായി പാര്‍ക്ക് അടഞ്ഞുകിടന്നത് കച്ചവടക്കാരെ തെല്ലൊന്നമല്ല ബാധിച്ചത്. പിടിച്ചുനില്‍ക്കാനാവാതെ സ്ഥാപനം ഉപേക്ഷിച്ച് വിമാനം കയറിയവരും നിരവധി.

പാര്‍ക്കിന്റെ ചുറ്റുഭാഗത്തെ വ്യാപാര സ്ഥാപനങ്ങളുടെ നിയന്ത്രണമേറെയും മലയാളികള്‍ക്കാണ്. വാരാന്ത്യ അവധി ദിനങ്ങളില്‍ റോള സ്‌ക്വയര്‍ പാര്‍ക്കില്‍ ഒത്തുകൂടുന്നവര്‍ വന്‍ സമ്മേളനത്തിന്റെ പ്രതീതി ജനിപ്പിച്ചിരുന്നു. ഇവരെ ആശ്രയിച്ചായിരുന്നു ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ നിലനില്‍പ്പും.


(Chandrika)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.