Latest News

ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബുധനാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍ . എം.എല്‍.എമാര്‍ക്കെതിരെ ഗ്രെനേഡ് പ്രയോഗിച്ചതിനെതിരെ സമഗ്ര അന്വേഷണം എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച തലസ്ഥാനത്ത് ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രകടനവും പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇടത് എം.എല്‍.എമാരുടെ ധര്‍ണ്ണക്കിടയിലേക്ക് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതും വിവാദമായി. മൂന്നുതവണ നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ വി.എസ് അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍ അടക്കമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടതുകൊണ്ട് മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി എറണാകുളത്ത് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ആന്റണിയുടെ പരാമര്‍ശം ഹൈക്കമാന്‍ഡ് തീരുമാനമാണെന്ന പ്രതീതിക്കിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സോളാര്‍ പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോടാണ് സോണിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സോളാര്‍ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ ശ്രീധരന്‍നായരുമായുള്ള അഭിമുഖം ചാനലുകള്‍ പുറത്തുവിട്ടിരുന്നു. അതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കനത്ത സമ്മര്‍ദ്ദമാണ് ഉയര്‍ന്നത്. അര്‍ദ്ധരാത്രിതന്നെ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇടത് സംഘടനകളും യുവമോര്‍ച്ചയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു.

രാത്രിതന്നെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കെ.എംമാണി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ നിയമസഭക്കകത്തും സോളാര്‍ വിഷയം ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകരേയും നേതാക്കളേയും യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ഭരണപക്ഷം സഭാസമ്മേളനം വെട്ടിച്ചുരുക്കി.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.