Latest News

മണ്ണിനും മനസ്സിനും കുളിര്‍മയായി റീച്ചാര്‍ജ്ജിംഗ് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞു

കാസര്‍കോട്: തിമര്‍ത്ത് പെയ്യുന്ന മഴക്കാലം കഴിഞ്ഞ് ഫെബ്രുവരിയിലെത്തുന്നതോടെ കുടിവെളളക്ഷാമത്താല്‍ സ്‌കൂളിന് അവധി നല്‍കേണ്ട അവസ്ഥ. കുടിവെളളത്തിനും, കൈകഴുകാന്‍ വരെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍. കിണറുകള്‍ വറ്റിവരളുന്നതിനാല്‍ കടുത്ത ആശങ്കയിലാകുന്ന കുറേ കുടംബങ്ങള്‍. കാസര്‍കോട് മധൂര്‍ പഞ്ചായത്തില്‍ ഉദയഗിരിയിലാണ് ഈ അനുഭവം. ഈ സാഹചര്യത്തില്‍,സ്‌കൂളിനെയും പരിസര പ്രദേശങ്ങളെയും ജലസമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ജില്ലാ മണ്ണ് പര്യവേഷണ സംസ്‌കരണ വകുപ്പ് കൃത്രിമ ഭൂഗര്‍ഭജല പരിപോഷണ സംവിധാനം (റീച്ചാര്‍ജ്ജിംഗ് ടാങ്ക) നടപ്പിലാക്കിയത്.

വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 1050-ളം പേരുണ്ട് ഉദയഗിരി വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍. പരിസരപ്രദേശങ്ങളിലായി 200ലധികം കുടുംബങ്ങളും. പൊതുവെ വരണ്ട പ്രദേശം. വേനലെത്തുന്നതിനു മുമ്പുതന്നെ കിണറുകള്‍ വറ്റിവരളുന്നത് പതിവാണ്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന ഉറച്ച തീരുമാനത്തോടെയാണ് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ജില്ലാ മണ്ണ് പര്യവേഷണ സംസ്‌കരണ വകുപ്പ് റീച്ചാര്‍ജ്ജ് ടാങ്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
സ്‌കൂള്‍ അധികൃതര്‍ അനുവദിച്ച 15 സെന്റ് ഭൂമിയില്‍ 5.3 ലക്ഷം മുടക്കി 2012 മെയ്മാസത്തിലാണ് രണ്ട് ടാങ്കുകളുടെ പണി പൂര്‍ത്തിയാക്കിയത്. 15 മീറ്റര്‍ നീളം 10 മീറ്റര്‍ വീതി എന്ന അനുപാതത്തില്‍ രണ്ടര മീറ്റര്‍ ആഴത്തിലാണ് ഒരു ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റൊന്നിന് 20 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ആഴവുമുണ്ട്. ഇരു ടാങ്കുകള്‍ക്കും നല്ല ഉയരത്തില്‍ ചുറ്റുമതിലും നിര്‍മ്മിച്ചു. മഴ ആരംഭിച്ചതോടെ ടാങ്കുകള്‍ നിറഞ്ഞ് കവിഞ്ഞു. ദിവസങ്ങള്‍ക്കകം ഈ ജലം മുഴുവന്‍ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി ഇനി ചുറ്റുമുളള പ്രദേശങ്ങളില്‍ ഇതിന്റെ ഗുണം ലഭിക്കും
ഭൂമിശാസ്ത്രപരമായ നിരവധി പരിമിതികളെ ശാസ്ത്രീയമായി വിശകലനം ചെയ്ത പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ ചെങ്കല്ലും മണ്ണും ഉപയോഗിച്ചാണ് റീച്ചാര്‍ജ്ജിംഗ് ടാങ്കുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഴക്കാലത്ത് പരിസര പ്രദേശങ്ങളില്‍ പെയ്യുന്ന മഴവെളളം പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ചാലുകളിലൂടെ ടാങ്കുകളിലേക്ക് ഒഴുകിയെത്തുന്നു. മണിക്കൂറുകള്‍ക്കകം ടാങ്കുകള്‍ നിറഞ്ഞ് കവിയും. വരള്‍ച്ചയെ പ്രതിരോധിക്കാനായി പ്രകൃതിയുടെ സ്വാഭാവിക സംതുലനാവസ്ഥക്ക് പരിക്കേല്‍ക്കാതെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പൊതുവെ ചെങ്കല്‍പ്പാറ നിറഞ്ഞ് വരണ്ടതാണ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും. ഇക്കാരണത്താല്‍ മഴവെളളം ഭൂമിയിലേക്കിറങ്ങാന്‍ സാധ്യത വളരെ കുറവ്. സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ബോര്‍ഡും കേരളാ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വാട്ടര്‍ പൊട്ടന്‍ഷ്യല്‍ ലിസ്റ്റില്‍ നോട്ടിഫൈഡ് ഏരിയകളില്‍ ഒന്നാമതാണ് കാസര്‍കേട് ബ്ലോക്ക് പഞ്ചായത്ത്. അതായത് ലഭ്യമായ ഭൂഗര്‍ഭ ജലത്തിനേക്കാള്‍ അമിതമായ ജലചൂഷണം നടക്കുന്ന പ്രദേശം. ഇങ്ങനെ പോയാല്‍ ഈ പ്രദേശം മരുഭൂമിക്ക് സമാനമാകുമെന്നര്‍ത്ഥം.
മഞ്ചേശ്വരം ഗവര്‍ണ്‍മെന്റ് കോളേജിലും, പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിലും റീച്ചാര്‍ജ്ജിംഗ് ടാങ്കുകള്‍ വകുപ്പ് മുമ്പ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രദേശത്തെ കര്‍ഷകരുള്‍പ്പെടെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇക്കഴിഞ്ഞ കടുത്ത വരള്‍ച്ചാക്കാലത്ത് വലിയ ആശ്വാസമാണ് ഇതുവഴി ലഭിച്ചത്.
ഓരോ വര്‍ഷവും മഴ നമുക്ക് ധാരാളം ലഭിക്കുന്നുണ്ട്. കൊടുംവരള്‍ച്ചയും. ഡ്രൈനേജുകള്‍, ചാലുകള്‍, എന്നിവ വഴി കുത്തിയൊലിച്ചുപോകുന്ന മഴവെളളം പാഴായിക്കിടക്കുന്ന പ്രദേശങ്ങളില്‍ റീച്ചാര്‍ജ്ജിംഗ് ടാങ്കുകള്‍ നിര്‍മ്മിച്ച് സംഭരിക്കുകയാണെങ്കില്‍, ഏതുവേനലിലും ജില്ലയെ ജലസമൃദ്ധമാക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.