Latest News

മസ്‌ക്കററില്‍ ദുരൂഹ സഹചര്യത്തില്‍ മരിച്ച അബൂബക്കറിന്റെ ഖബറടക്കം വൈകിട്ട്‌

ഉപ്പള: മസ്‌ക്കറ്റില്‍ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഉപ്പള ഗേറ്റ് മൂസോടിയിലെ ഇച്ച ഭായ് എന്ന അബൂബക്കറി (35) ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ചെ അഞ്ചു മണിക്ക് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് നാട്ടിലേക്ക് റോഡ് വഴിയാണ് മൃതദേഹം കൊണ്ടു വരുന്നത്.

അബൂബക്കറിന്റെ സഹോദരന്‍ മുഹമ്മദും നാട്ടുകാരനായ യു.എസ് മൊയ്തുവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ടോടെ ഉപ്പളയിലെത്തിക്കുന്ന മൃതദേഹം ഉപ്പള ഗേറ്റ് കുന്നില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഒമാന്‍ എയര്‍വേഴ്‌സ് വിമാനത്തിലാണ് മൃതദേഹം ബാംഗ്ലൂരില്‍ എത്തിച്ചത്.

ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മസ്‌ക്കറ്റിലെ താമസ സ്ഥലത്ത് തൂങ്ങിയ നിലയിലാണ് അബൂബക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അബൂബക്കറിന്റെ ദുബൈയിലുള്ള സഹോദരന്‍ മുഹമ്മദും ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഒമാനിലെ ഖുറം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. മരണം സംബന്ധിച്ച് ഖുറം പോലീസും സീബ് പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.

20 വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബൂബക്കര്‍ വിസ, പാസ്‌പോര്‍ട്ട് സംബന്ധമായ രേഖകള്‍ ശരിയാക്കി നല്‍കുന്ന ജോലിയില്‍ ഏര്‍പെട്ടുവരികയായിരുന്നു. ഉദ്യോഗസ്ഥ തലങ്ങളില്‍ നല്ല പിടിപാടുള്ള ആളായിരുന്നതിനാല്‍ നിരവധി പേര്‍ അബൂബക്കറിന്റെ സഹായം തേടിയിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു അബൂബക്കര്‍.

ഏത് പ്രശ്‌നത്തെയും ശാന്തമായും സൗമ്യമായും നേരിടുന്ന പ്രകൃതക്കാരനായ അബൂബക്കര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ അബൂബക്കറിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. അബൂബക്കറിന്റെ ഇടപാടുകളും കുടുംബപരമായ പ്രശ്‌നങ്ങളും സംബന്ധിച്ചെല്ലാം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

നാലു മാസം മുമ്പാണ് ഒടുവില്‍ അബൂബക്കര്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. നിര്യാണത്തില്‍ കുമ്പോള്‍ സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, കെ.എസ് അലി തങ്ങള്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് സമീറ, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഫക്രുദ്ദീന്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ആഇശത്ത് ത്വാഹിറ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.