Latest News

പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥി മരിച്ചു

തിരൂര്‍: മണല്‍കടത്തു സംഘമെന്ന് സംശയിച്ച് പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്‌ളസ്ടു വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ തൃപ്രങ്ങോടിനടുത്ത ബീരാഞ്ചിറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കൊടക്കല്‍ മേടമ്മല്‍ തയ്യില്‍ മുഹമ്മദലിയുടെ മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. 

കാറിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ചിരിക്കുകയാണ്. ഇതിനെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നു. രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ വകവെക്കാതെയാണ് നാട്ടുകാര്‍ പൊലീസിനെതിരെ രംഗത്തത്തെിയിട്ടുള്ളത്.

ഫൈസലിനൊപ്പമുണ്ടായിരുന്ന ബന്ധു ശാക്കിറി (25)നെ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാക്കിറാണ് കാര്‍ ഓടിച്ചിരുന്നത്. തിരൂര്‍ ഡിവൈ.എസ്.പി കെ.എം. സൈതാലി, സി.ഐ. ആര്‍.റാഫി എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചിട്ടുള്ളത്. പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചെങ്കിലും നാട്ടുകാര്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് അത്താഴത്തിനുള്ള ഭക്ഷണവുമായി പോകുന്നതിനിടെയാണ് മണല്‍ കടത്ത് തടയുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്‍. ക്യാമ്പിലെ രണ്ട് പൊലീസുകാര്‍ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നത്. പൊലീസുകാര്‍ മഫ്തിയിലായിരുന്നു. ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുന്നത് കണ്ട് പരിഭ്രാന്തരായ ഫൈസലും ശാക്കിറും അതിവേഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഫൈസല്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.