Latest News

ഹൃദയത്തില്‍ നന്മ നിറയട്ടെ: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ദൈവത്തിന്റെ ഭൂമിയില്‍ സൃഷ്ടികളെല്ലാം തുല്യരാണെന്ന സമത്വചിന്തയും എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന സാഹോദര്യബോധവും വളര്‍ത്തുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ ഈ സുദിനത്തില്‍ പ്രതിജ്ഞ ചെയ്യണം. ആഘോഷങ്ങള്‍ ജീവിത നന്മയുടെ തുടക്കവും തുടര്‍ച്ചയുമാകണം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതാണ് റമസാനിന്റെ മഹത്വം. ലോകജനതക്ക് ഏത് ഇരുട്ടിലും വഴി കാണിക്കാന്‍ പ്രാപ്തമായ വിശുദ്ധ ഗ്രന്ഥമാണത്. ആശ്വാസവും പ്രതീക്ഷയും ആശ്രയവുമാണ് ഖുര്‍ആന്‍ നല്‍കുന്ന അനുഭൂതി.

മാനവ സംസ്‌കാരത്തിന്റെ ഗതി നിര്‍ണയിച്ച മഹത്തായ ഗ്രന്ഥത്തിന്റെ അവകാശികളാകാന്‍ കഴിഞ്ഞ സമുദായം അതിനൊത്ത് ജീവിതം ചിട്ടപ്പെടുത്തണം. പരിശുദ്ധിയുടെ പാഠങ്ങള്‍ ഉരുവിടുന്നത് പോലെ, ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും വേണം. ചെയ്തുപോയ അപരാധങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുന്ന മനസ്സാണ് അല്ലാഹുവിനിഷ്ടം. തിരിച്ചറിവ് ലഭിച്ചശേഷവും പാപങ്ങള്‍ തുടരുന്നത് മനുഷ്യത്വരഹിതവും ദൈവകോപത്തിന് ഹേതുവുമാണ്. വിശുദ്ധ റമസാന്‍ ഈ പുണ്യ, പാപ വിവേചനത്തിന്റെയും ദൈവ മാര്‍ഗത്തില്‍ ജീവിതം ക്രമപ്പെടുത്തുന്നതിന്റെയും പരിശീലനഘട്ടമായിരുന്നു. ആത്മാര്‍ത്ഥമായി നോമ്പനുഷ്ഠിച്ച വ്യക്തി സംസ്‌കാര സമ്പന്നനായ ഒരു സമ്പൂര്‍ണ്ണ മനുഷ്യനായാണ് പുറത്ത് വരുന്നത്. ആ സ്വര്‍ഗീയ വിശുദ്ധിയെ ജീവിതമാസകലം പരിപാലിക്കാനാക്കുന്നവര്‍ക്കാണ് വിജയം.

ദാനധര്‍മ്മങ്ങളിലൂടെ ദുര്‍ബലരോടും അഗതികളോടും അശരണരോടുമുള്ള സഹാനുഭൂതിയും ഐക്യദാര്‍ഢ്യവുമാണ് റമസാനില്‍ വെളിപ്പെട്ടത്. ദൈവീക സമര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഉത്തമ മാതൃകകളായിത്തീരുമെന്ന് ഉറച്ച തീരുമാനമെടുക്കാന്‍ ഓരോ വിശ്വാസിക്കും കൈവന്ന അവസരമാണ് ഈദ് ദിനം.

പെരുന്നാള്‍ ആഘോഷങ്ങളില്‍ സംതൃപ്തികൊള്ളുമ്പോള്‍ തന്നെ കാലവര്‍ഷക്കെടുതിയാലും മറ്റു പ്രകൃതി ദുരന്തങ്ങളാലും കഷ്ടപ്പെടുന്ന സഹോദരന്മാരെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും കാരുണ്യത്തിന്റെ കൈനീട്ടുകയും വേണം. സംസ്ഥാനത്തിന്റെ പലഭാഗത്തും നമ്മുടെ സഹോദരന്മാര്‍ പ്രകൃതിക്ഷോഭത്തിന്റെ വിഷമഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വേദന നമ്മുടേതു കൂടിയാണ്. രാജ്യത്തിന്റെ പലഭാഗത്തും പെരുന്നാള്‍ ആഘോഷിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്നവരുണ്ടെന്നത് വിസ്മരിക്കരുത്. പട്ടിണിയും പലായനവും യുദ്ധവും നിത്യകാഴ്ചയായി മാറിയ സമൂഹങ്ങളെ കുറിച്ചും ഓര്‍ക്കുക. അവര്‍ക്ക് ശാന്തിയും അഭയവും ആശ്വാസവും ലഭിക്കുന്നതിന് പ്രാര്‍ത്ഥിക്കുക. സഹായ പരിശ്രമങ്ങള്‍ക്കു മുന്‍കൈ എടുക്കുക. അങ്ങനെയെല്ലാമാണ് ഈദുല്‍ഫിത്വര്‍ പൂര്‍ണമാകുന്നത്.

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ച് ജീവിത വിജയം കൈവരിക്കാന്‍ പ്രതിജ്ഞ ചെയ്യുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍...., വലില്ലാഹില്‍ ഹംദ്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Eid Mubarak

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.