Latest News

പെരുന്നാള്‍ ആഘോഷവും ആരാധനയും

ഈദ് എന്ന പദമാണ് പെരുന്നാളാഘോഷത്തിന് അറബി ഉപയോഗം. വര്‍ഷാന്തം ആവര്‍ത്തിക്കുന്നതിനാലാണ് പ്രസ്തുത പ്രയോഗമെന്നാണ് ബലമായ അഭിപ്രായം. അത്തരം ആവര്‍ത്തനാഘോഷം എല്ലാ സമുദായത്തിലും കാണാം. റസൂല്‍ (സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ മദീനക്കാര്‍ രണ്ട് ദിവസം വിനോദ ദിനമായി കൊണ്ടാടുന്നത് ശ്രദ്ധയില്‍പെടുകയുണ്ടായി. ഇതെന്ത് ദിനമാണെന്ന് അവിടുന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ജാഹിലിയ്യാ കാലം മുതല്‍ക്കെ ഞങ്ങള്‍ വിനോദങ്ങളിലേര്‍പ്പെടുന്ന ദിവസങ്ങളാണവ.

അവിടുന്നിപ്രകാരം പ്രതികരിക്കുകയുണ്ടായി: എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് അതിനേക്കാള്‍ ഉത്തമമായ രണ്ട് ദിവസങ്ങള്‍ പകരം തന്നിരിക്കുന്നു. അവ ബലിപെരുന്നാളും (ഈദുല്‍ അസ്ഹ) ചെറിയ പെരുന്നാളു(ഈദുല്‍ ഫിത്ര്‍)മാണ്. ഹ: അനസില്‍ നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ ഹദീസ്.
ജൂതസമുദായമടക്കം മിക്ക സമുദായത്തിലും അത്തരം സുദിനങ്ങള്‍ ആഘോഷിക്കുന്നതായി കാണാം. എന്നാല്‍ മുസ്‌ലിമിന്റെ പെരുന്നാളാഘോഷം രക്ഷിതാവിന്റെ തൃപ്തി ആര്‍ജിക്കാനുളള ദിനങ്ങളായിട്ടാണ് തിരുദൂതര്‍ പരിചയപ്പെടുത്തുന്നത്. കിതാബുശ്ശരീഅത്തില്‍ ശൈഖുല്‍ അക്ബര്‍ മുഹ്‌യിദ്ദീനുല്‍ അറബി ഇപ്രകാരം രേഖപ്പെടുത്തുന്നു:

'അവ രണ്ട് സന്തോഷ സുദിനങ്ങളാണ്.റംസാന്‍ നോമ്പ് അവസാനിപ്പിച്ചു കൊണ്ട് സന്തോഷിക്കുന്നതോടൊപ്പം റബ്ബിന്റെ തിരു ദൃശ്യ ദര്‍ശനമാണ് രണ്ടാമത്തെ സന്തോഷം. പ്രസ്തുത രണ്ട് സന്തോഷവും ക്ഷണികമായി ലഭിക്കാനായി ഈദുല്‍ഫിത്വര്‍ നിസ്‌കാരം ശറആക്കുകയും അന്നേ ദിവസം നോമ്പ് ഹറാമാക്കുകയും ചെയ്തു. നിര്‍ബന്ധിതാരാധനയില്‍ ലയിച്ചു നിര്‍ബന്ധ അമലുകളുടെ പ്രതിഫലം ലഭിക്കാനും അതുവഴി ഉന്നത സ്ഥാനം ലഭിക്കാനുമാണത്.
അതേ ക്രമത്തില്‍ അറഫാ ദിനത്തില്‍ പുണ്യമേറിയ നോമ്പ് അനുഷ്ഠിച്ചവര്‍ ബലിപെരുന്നാള്‍ നിസ്‌കാരം വഴി റബ്ബിന്റെ ഉന്നതമായ വാജിബാത്തിനെ പ്രതിഫലവത്താക്കാനുമായി നിസ്‌കാരം ശറആക്കി യിരിക്കുന്നു. അന്നപാനീയം മുതലായവ കൊണ്ട് ശാരീരിക സന്തോഷം അനുവദിക്കപ്പെട്ട പ്രസ്തുത ദിനത്തില്‍ റബ്ബിന്റെ മുനാജാത്തായ നിസ്‌കാരം കൊണ്ടാരംഭിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ്. പകലിന്റെ ബാക്കി ഭാഗം സംരക്ഷിക്കാനാണത്. നിസ്‌കാരം നിയ്യത്ത് കൊണ്ടാരംഭിക്കുന്നതു പോലെ പ്രസ്തുത ദിനം നിസ്‌കാരം കൊണ്ടാരംഭിക്കുകയാണ്. നിസ്‌കാരത്തിനിടയില്‍ അശ്രദ്ധ വരാതിരിക്കാനും വന്നാല്‍ പരിഹരിക്കാനുമാണ് നിയ്യത്ത്. അതുപോലെ പ്രസ്തുത ദിനം രാവിലെ ഈദ് നിസ്‌കാരം നിയ്യത്തിന്റെ സ്ഥാനത്തും ബാക്കി സമയം നിസ്‌കാരത്തില്‍ തുടരുന്നതിനു സമവുമാണ്. എന്നാല്‍ ബാക്കി ഭാഗം ഹലായായ വിനോദത്തിലും മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നത്

നിസ്‌കാരത്തിലിരിക്കെയുളള സംരക്ഷണം പോലെയായിരിക്കേണ്ടതാണ്. (ഇത്ഹാഫ് 382/3) ചുരുക്കത്തില്‍ പ്രസ്തുത സുദിനങ്ങള്‍ അനുവദനീയമായ ആസ്വാദനവും വിനോദവും ആസ്വദിക്കപ്പെടുന്നത് നിസ്‌കാരമായ ആരാധനയില്‍ തുടരുന്നതിന് തുല്യമെന്നര്‍ത്ഥം.

പെരുന്നാള്‍ രാത്രികള്‍ ഇബാദത്തിലായി ഉറക്കമൊഴിക്കല്‍ പ്രത്യേകം സുന്നത്തായി മഹാന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. അഞ്ചു രാത്രികളില്‍ പ്രാര്‍ത്ഥനക്കുത്തരമുണ്ടാകുമെന്ന് ഇമാം ശാഫിഇ (റ) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പെരുന്നാള്‍ രാത്രി, വെളളിയാഴ്ച രാത്രി, റജബിന്റെ ആദ്യ രാത്രി, ശഅബാന്‍ പകുതി (ബറാഅത്ത് രാത്രി) എന്നിവയാണ് അത്.(410/3 ഇത്ഹാഫ്) അബൂ ഉമാമയുടെ റിപ്പോര്‍ട്ട് ഇബ്‌നുമാജ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തതായി കാണാം: രണ്ട് പെരുന്നാള്‍ രാത്രി കൂലി ആഗ്രഹിച്ച് ഒരാള്‍ നിസ്‌കരിച്ചാല്‍ ഹൃദയം നിര്‍ജീവമാകുന്ന സമയം അവന്റെ ഹൃദയം നിര്‍ജീവമാകുന്നില്ല'ചുരുക്കത്തില്‍ പെരുന്നാള്‍ രാവും പകലും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഭക്ഷണ പാനീയത്തിന്റെയും വിനോദത്തിന്റെയും ദിനം എന്ന് വിശേഷിപ്പിക്കുന്നത് മറ്റു ദിനങ്ങളെ അപേക്ഷിച്ച് അവ അനുവദനീയമാക്കി എന്ന നിലക്കാണ്. എന്നാല്‍ ആരാധനകളിലെണ്ണപ്പെടുന്ന ബന്ധുക്കളെയും മരണപ്പെട്ടവരുടെ ഖബറിടങ്ങളും സന്ദര്‍ശിക്കുക, കുടുംബങ്ങള്‍ തമ്മില്‍ സന്ദര്‍ശിച്ചു ബന്ധം പുതുക്കുക മുതലായവ പ്രസ്തുത ഇനത്തില്‍ പെടുന്നു.

നമ്മുടെ ചെറുപ്പകാലത്തുളള നടപടി അതായിരുന്നു. അടുത്തവരും അകന്നവരുമായ ബന്ധുക്കളെ സന്ദര്‍ശിച്ചു സന്ദേശം കൈമാറുക, മഹാന്മാരുടെ മഖ്ബറകളും ബന്ധുക്കളുടെ ഖബറുകളും സിയാറത്ത് ചെയ്ത് പ്രാര്‍ത്ഥന നടത്തുക എന്നിവ മുസ്‌ലിംകള്‍ സ്വീകരിച്ച ആചാരക്രമങ്ങളായിരുന്നു. എന്നാല്‍ ഇന്ന് യുവതലമുറ മാത്രമല്ല പൂര്‍വീകരുടെ മാതൃക വിസ്മരിച്ച വയോധികരും യുവതികളും വരെ വിനോദശാലകളെന്ന പേരില്‍ സിനിമാ തിയേറ്ററിലും നാടക വേദിയിലും സമയം കഴിക്കുന്നത് പാശ്ചാത്യരുടെയും മറ്റു സമുദായങ്ങളുടെയും അനുകരണഭ്രമത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന കാര്യം വിസ്മരിക്കാന്‍ വയ്യ. മദ്യ ശാലകളില്‍ വരെ ഈദ് ദിനത്തില്‍ മുസ്‌ലിംകളുടെ തളളിക്കയറ്റം. മലക്കുകളും സജ്ജനങ്ങളും ശപിക്കുന്നിടം വരെ സമൂഹം എത്തിച്ചേര്‍ന്നത് എത്ര ഖേദകരമല്ല? അത്തരം ദുരാചാരങ്ങള്‍ക്കും കുറ്റകരമായ നീച കര്‍മങ്ങള്‍ക്കും സമൂഹത്തെ കയറൂരിവിടാതെ മുസ്‌ലിം സംഘടനകളും മതബോധമുളള ഉമറാക്കളും ഉലമാക്കളും രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഏഴു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ഇമാം ഗസ്സാലി ഉണര്‍ത്തുന്നു. ഒന്ന് തക്ബീറാണ്. ചെറിയ പെരുന്നാള്‍ രാത്രി ആരംഭിച്ചതു മുതല്‍ പെരുന്നാള്‍ നിസ്‌കാരം വരെ ചെറിയ പെരുന്നാളിന് തക്ബീര്‍ സുന്നത്താണ്. കൂട്ടായും ഒറ്റയായും വഴികളിലും വീടുകളിലുമെല്ലാം ശാഫിഇ മദ്ഹബനുസരിച്ച് ഉച്ചത്തിലും അത് സുന്നത്താണ്. പ്രസ്തുത സമയത്തെ മൂന്ന് നിസ്‌കാര ശേഷം പ്രത്യേകം തക്ബീര്‍ സുന്നത്തില്ലെന്നാണ് പ്രബലമായ അഭിപ്രായമെങ്കിലും സുന്നത്തുണ്ടെന്ന അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ബലിപെരുന്നാള്‍ രാത്രിയും പെരുന്നാള്‍ നിസ്‌കാരം വരെയും മേല്‍ പ്രകാരം മുര്‍സലായ തക്ബീര്‍ സുന്നത്ത് തന്നെ. എന്നാല്‍ അറഫ ദിനത്തിന്റെ സുബ്ഹ് മുതല്‍ പതിമൂന്ന് (അയ്യാമുത്തശ്‌രീഖ്) അസര്‍ വരെ നിസ്‌കാര ശേഷം മുഖയ്യദായ തക്ബീര്‍ സുന്നത്താണ്.
രണ്ടാമത്തെ കര്‍മം പെരുന്നാള്‍ രാവിലെ കുളിച്ചു ഭംഗിയുളള വസ്ത്രം ധരിച്ച് സുഗന്ധം പൂശി വെളളിയാഴ്ച പോലെ പളളിയിലേക്ക് നീങ്ങുകയാണ്. മൂന്നാമത്തേത് നിസ്‌കാരത്തിന് പോകുന്നത് ഒരു വഴിയിലും തിരിച്ച് വരുന്നത് മറ്റൊരു വഴിയിലുമായിരിക്കേണ്ടത് സുന്നത്താണ്. അത് റസൂല്‍ (സ) യുടെ സമ്പ്രദായമായിരുന്നു.

നാലാമത്തേത,് പെരുന്നാള്‍ നിസ്‌കാരം. മൂന്ന് പുണ്യ മസ്ജിദുകളിലെന്ന പോലെ സ്ഥലത്തെ മസ്ജിദ് വിശാലമാണെങ്കില്‍ അവിടെ വെച്ചും അസാധ്യമായാല്‍ മാത്രം പൊതു സ്ഥലത്തുമായിരിക്കേണ്ടതാണ്. പരിഷ്‌കാരത്തില്‍ പളളി സൗകര്യമുളളതോട് കൂടി പെരുന്നാള്‍ പറമ്പോ മുസല്ലയോ ഉണ്ടാകുന്നത് സുന്നത്തിനെതിരത്രെ. അഞ്ചാമത്തേത്, സമയ ശ്രദ്ധയാണ്. പെരുന്നാള്‍ നിസ്‌കാര സമയം സൂര്യോദയം മുതല്‍ മദ്ധ്യാഹ്നം വരെയാണ്. ബലിപെരുന്നാള്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടത് രണ്ട് റകഅത്തിന്റെയും രണ്ട് ഖുതുബയുടെയും ഉദയശേഷം കഴിഞ്ഞാണ് സമയം. അതിനായി ബലി പെരുന്നാള്‍ നിസ്‌കാരം പ്രാതല്‍ കഴിക്കാതെ നേരത്തെ നിര്‍വഹിച്ചു അറവിനായി ഒരുങ്ങുകയാണ് ഉത്തമം.

ചെറിയ പെരുന്നാള്‍ നിസ്‌കാരം ഫിത്്വര്‍ സകാത്ത് നല്‍കിയ ശേഷമായതിനാല്‍ അല്‍പം താമസിക്കലും അതിന് മുമ്പായി വല്ലതും ഭക്ഷിക്കലും സുന്നതാണ്. നിസ്‌കാരം രണ്ട് റക്അത്താണെങ്കിലും ആദ്യ റക്അത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഏഴ് പ്രാവശ്യവും രണ്ടാം റകഅത്തില്‍ അഞ്ച് പ്രാവശ്യവും കൈ ഇളക്കി 'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍' എന്ന് ചൊല്ലലും സുന്നത്താണ്. ഇസ്‌ലാമിന്റെ 'ശിആറാ'യ (ചിഹ്നം) പെരുന്നാള്‍ ദിനങ്ങള്‍ അര്‍ഹിക്കുന്ന വിധം റബ്ബിന്റെ സംതൃപ്തി കരസ്ഥമാക്കാനുളള സന്മനസ് സമുദായം വീണ്ടെടുക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യാം. റബ്ബ് സ്വീകരിക്കുമാറാകട്ടെ.
എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍













(കടപ്പാട്: സിറാജ്‌) Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eid, MA Adulkhader Musliyar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.