Latest News

മംഗലാപുരം വിമാനദുരന്തം: സുപ്രിംകോടതി കേസ് ഡിസംബറിലേക്കു മാറ്റി

കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തിനു മൂന്നാണ്ട് പൂര്‍ത്തിയായപ്പോഴും നഷ്ടപരിഹാരത്തിനായി ഇരകള്‍ കോടതി കയറിയിറങ്ങുന്നു. ആരിക്കാടി സ്വദേശി അബ്ദുല്‍സലാം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വാദം ഡിസംബറിലേക്കു മാറ്റി. 2010 മെയ് 22നാണ് ദുരന്തം നടന്നത്.

158 യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 58 പേര്‍ മലയാളികളാണ്. ദുരന്തം നടന്നു മൂന്നുവര്‍ഷം പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ടുന്ന അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ ഇപ്പോഴും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ മൃതദേഹംപോലും ഒരുനോക്കു കാണാന്‍ സാധിക്കാത്ത 15ഓളം കുടുംബങ്ങള്‍ അടക്കാനാവാത്ത വേദനയുമായി കഴിഞ്ഞുകൂടുകയാണ്.

വിമാനദുരന്തം നടന്നയുടനെ അന്നത്തെ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു മോണ്‍ട്രിയല്‍ ഉടമ്പടി അനുസരിച്ചുള്ള 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ മരിച്ചവരുടെ കുടുംബങ്ങളുമായി വിലപേശല്‍ നടത്തി അവരുടെ ഗള്‍ഫിലെ തൊഴില്‍വരുമാനം അനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമാണു നല്‍കിയത്. ഭൂരിഭാഗംപേര്‍ക്കും 50 ലക്ഷത്തില്‍ താഴെ തുകമാത്രമാണ് ലഭിച്ചത്. എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ മുല്ല ആന്റ് മുല്ല കമ്പനിയുടെ കോണ്‍സല്‍ ജസ്റ്റിസ് നാനാവതി കമ്പനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എയര്‍ ഇന്ത്യ ആശ്രിതര്‍ക്കു ജോലി നല്‍കാമെന്ന വാഗ്ദാനവും നിറവേറ്റിയിട്ടില്ല.

കുമ്പള ആരിക്കാടി കടവത്ത് സ്വദേശി അബ്ദുല്‍സലാം മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മകനും ഷാര്‍ജയില്‍ സെയില്‍സ്മാനുമായിരുന്ന മുഹമ്മദ് റാഫി(22) ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഈ കേസ് കഴിഞ്ഞ ദിവസം പരിഗണനയ്‌ക്കെടുത്ത് ഡിസംബറിലേക്കു മാറ്റി. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണ്.

കേരള സര്‍ക്കാര്‍ നല്‍കിയ മൂന്നുലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷം രൂപയുമടക്കം അഞ്ചുലക്ഷം വേറെയും ലഭിച്ചിരുന്നു.

147 കുടുംബങ്ങള്‍ക്കായി ആകെ 107.35 കോടി രൂപ വിതരണം ചെയ്തതായി എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ മൃതദേഹം കൂട്ടസംസ്‌കാരമാണ് നടത്തിയത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ജസ്റ്റിസ് നാനാവതി മരണപ്പെട്ടവരുടെ ആശ്രിതരുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരം ലഭിച്ചവര്‍ക്ക് മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇനിയും നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്നറിയിച്ചിരുന്നു. എന്നാല്‍, അബ്ദുല്‍ സലാം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ആശ്രയിച്ചായിരിക്കും മറ്റുള്ളവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.