Latest News

അരുള്‍ കുമാറിന് ഫേസ്ബുക്കിന്റെ സമ്മാനം എട്ടുലക്ഷം

പറയുമ്പോള്‍ നമ്മള്‍ എത്ര നേരംകളയുന്നതാണ് ഫേസ്ബുക്കില്‍. അതിരാവിലെ ഉണരുന്നതുമുതല്‍ പാതിരായ്ക്ക് ഉറക്കംവന്നു തൂങ്ങിയാലും ഫേസ്ബുക്കില്‍നിന്ന് സൈന്‍ഔട്ട് ചെയ്യാത്തവര്‍. അഞ്ചുരൂപ ഗുണംകിട്ടുമോ ഇതിങ്ങനെ നോക്കിയിരുന്നാല്‍ എന്ന് വീട്ടുകാര്‍ ചോദിച്ചാല്‍ ഒരുത്തരമില്ല മിണ്ടാന്‍. ഇതാ, ഫേസ്ബുക്ക് നമ്മളെപ്പോലെ ഒരാള്‍ക്ക് എട്ടുലക്ഷം രൂപ കൊടുത്തിരിക്കുന്നു, സമ്മാനമായി!

സേലത്തുജനിച്ച് കോയമ്പത്തൂരില്‍നിന്ന് ഡിഗ്രിയെടുത്ത് ചെന്നൈയില്‍ ജോലിയന്വേഷിച്ചു നടക്കുന്ന 21കാരനായ അരുള്‍ കുമാറിനാണ് ഫേസ്ബുക്കില്‍നിന്ന് ഇത്രയും മികച്ച അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ഒരു ബഗ്, എന്നുവച്ചാല്‍ ഒരു പ്രശ്‌നം, കണ്ടെത്തി അത് ഫേസ്ബുക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാണ് ഈ തുക സമ്മാനമായി ലഭിച്ചത്.

വിശദമായ കഥ: ലോകമെമ്പാടും ഉപയോക്താക്കളുള്ള ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളുടെ സുരക്ഷ കാര്യത്തില്‍ അരുളിന് ഏറെ താത്പര്യമുള്ള വിഷയമാണ്. സൈറ്റുകളിലെ എല്ലാ ഫീച്ചറുകളും ടെസ്റ്റ് ചെയ്തുനോക്കുക എന്നത് പതിവാക്കുകയും ചെയ്തിരുന്നു. ബഗ്ഗുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അങ്ങനെയുള്ള ടെസ്റ്റിംഗിനിടെയാണ് ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് ഉടമ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ അയാളുടെ അറിവോ സമ്മതമോ കൂടാതെ മറ്റൊരാള്‍ക്ക് എടുത്തുകളയാം എന്നു മനസിലായത്. എന്നുവച്ചാല്‍ ഒരു ബഗ് ഉണ്ട് എന്നുതന്നെ.

സാധാരണഗതിയില്‍ ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോ റിമൂവ് ചെയ്യാന്‍ രണ്ടുരീതികളാണുള്ളത്. ഒന്ന് യൂസര്‍ക്ക് സ്വയം ചെയ്യാം. രണ്ടാമത്തേത് ഫോട്ടോ റിമൂവ് ചെയ്യണമെന്ന് ഫേസ്ബുക്ക് ഇങ്ങോട്ട് ആവശ്യപ്പെടുന്ന രീതിയാണ്. ഫോട്ടോ കാണുന്ന ആരെങ്കിലും അത് സഭ്യതയ്ക്കു നിരക്കുന്നതല്ലെന്നോ മറ്റോ ഫേസ്ബുക്കിനെ അറിയിക്കുമ്പോഴാണ് അവര്‍ അത് എടുത്തുകളയണമെന്ന് യൂസറോട് ആവശ്യപ്പെടുന്നത്.

അരുള്‍ ഈ ഓപ്ഷന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഫോട്ടോ എടുത്തുകളയണമെന്ന് അത് അപ്‌ലോഡ് ചെയ്ത യൂസറോട് ആവശ്യപ്പെടുന്നതിനു പകരം, അരുളിനുതന്നെ അത് റിമൂവ് ചെയ്യാനുള്ള റിക്വസ്റ്റ് വന്നു. അതായിരുന്നു ബഗ്.

ഒരു രാത്രിമുഴുവനെടുത്താണ് ഈ പ്രശ്‌നം അരുള്‍ വിശകലനംചെയ്തത്. ഫേസ്ബുക്ക് അധികൃതര്‍ക്ക് വിശദമായ ഒരു റിപ്പോര്‍ട്ട് അയയ്ക്കുകയും ചെയ്തു. എന്നാല്‍, അത്തരമൊരു ബഗ് തങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. അതോടെ അരുള്‍ ഒരു വീഡിയോ തയാറാക്കി അവര്‍ക്കു നല്‍കി. അപ്പോള്‍ ഫേസ്ബുക്കുകാര്‍ക്ക് കാര്യം പിടികിട്ടുകയും ചെയ്തു. അരുളിന്റെ സേവനം മികച്ചതായിരുന്നെന്ന അടിക്കുറിപ്പോടെയാണ് 12,500 ഡോളറിന്റെ (എട്ടു ലക്ഷത്തില്‍പ്പരം രൂപ) സമ്മാനവിവരം അവര്‍ അറിയിച്ചത്. ബഗ് അവര്‍ ഒഴിവാക്കിയെടുക്കുകയും ചെയ്തു.

സേലത്ത് ഒരു ചെറിയ കട നടത്തുകയാണ് അരുളിന്റെ അച്ഛന്‍. സമ്മാനത്തുക അദ്ദേഹത്തിനു കൈമാറണമെന്നാണ് അരുളിന്റെ ആഗ്രഹം. എന്തായാലും ഇനി ബഗ് കണ്ടുപിടിക്കാന്‍കൂടി ഫേസ്ബുക്കില്‍ ഇടിയാകും. 

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Facebook, Arul kumar, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.