Latest News

മഅദനിയുടെ മക്കളുടെ ഉപവാസം: അനീതിക്കെതിരായ പോരാട്ടവേദിയായി


തിരുവനന്തപുരം: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അന്യായ തടങ്കലില്‍ കഴിയുന്ന പിതാവ് അബ്ദുന്നാസിര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടത്തിയ ഉപവാസം അനീതിക്കെതിരായ പോരാട്ടവേദിയായി. കക്ഷിഭേദം മറന്നെത്തിയ നേതാക്കളും പൊതുജനങ്ങളും ഐക്യദാര്‍ഢ്യത്തിന്റെ വിളംബരം നടത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയത്തിയ ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസവേദിക്ക് മുന്നില്‍ അണിചേര്‍ന്നു.

കേരള മുസ്ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. നീതി തേടുന്ന മനുഷ്യന്റെ കൂടെ നില്‍ക്കുകയെന്നത് നാടിന്റെ സംസ്‌കാരമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും നീതിയും നിഷേധിക്കപ്പെട്ടയാള്‍ക്ക് വേണ്ടിയുള്ള ധര്‍മസമരമാണിത്. മഅദനിയുടെ കാര്യത്തില്‍ കൊടും ക്രൂരതയാണ് നടക്കുന്നത്. ചരിത്രത്തില്‍ പിതാവിന് നീതി തേടി മക്കള്‍ നടത്തുന്ന ആദ്യ ധര്‍മസമരമാണിത്. നീതി തേടിയുള്ള ഈ പോരാട്ടത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും തുടര്‍ന്നും ശബ്ദമുയര്‍ത്തുമെന്ന് ഇ.ടി വ്യക്തമാക്കി.

ബംഗളൂരുവില്‍ മുത്തലിഖും ശ്രീരാമ സേനയും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ പേരിലാണ് മഅദനിയെ ജയിലിലടച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. മഅദനിയുടെ കാര്യത്തില്‍ സ്വാഗതാര്‍ഹമായ സമീപനം സ്വീകരിച്ച കേരള മുഖ്യമന്ത്രിയും സര്‍ക്കാറും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംയുക്തവേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ജമീലാപ്രകാശം, പി.ടി.എ റഹീം, പാലോട് രവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം, ബസേലിയസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റ് എബ്രഹാം ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, എ. യൂനുസ് കുഞ്ഞ്, വി.സുരേന്ദ്രന്‍ പിള്ള, ഭാസുരേന്ദ്ര ബാബു, ഗ്രോ വാസു, പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സംവിധായകന്‍ കെ.പി.ശശി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വിഴിഞ്ഞം സഈദ് മൗലവി, മൗലവി ഹസന്‍ ബസരി, ബഷീര്‍ മൗലവി അടിമാലി, പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് അര്‍ഷദ് മൗലവി, ഷംസുദ്ദീന്‍ മന്നാനി ചക്കമല, സാബു കൊട്ടാരക്കര, വി.എച്ച്. അലിയാര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, കെ. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. മൈലക്കാട് ഷാ സ്വാഗതവും പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

ബീമാപള്ളിയില്‍ പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തിയാണ് മഅദനിയുടെ മക്കള്‍ ഉപവാസത്തിനായി സെക്രട്ടേറിയറ്റിന് മുന്നിലത്തെിയത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സന്ദേശവും ചടങ്ങില്‍ വായിച്ചു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈകുന്നേരം ആറിന് നടന്ന ചടങ്ങില്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഉമര്‍ മുഖ്താറിനും സലാഹുദ്ദീന്‍ അയ്യൂബിക്കും ഈന്തപ്പഴം നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.