Latest News

ജുഡീഷ്യല്‍ കമ്മീഷനെ അപമാനിക്കുന്ന നടപടി: കെ.സുരേന്ദ്രന്‍

കാസര്‍കോട്: സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ നിന്നും മുഖ്യമന്ത്രിയെയും ഓഫീസിനേയും ഒഴിവാക്കിയത് ജുഡീഷ്യല്‍ അന്വേഷണത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രിയെയും ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടാത്തത് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അന്തസത്തയെത്തന്നെ ചോദ്യം ചെയ്യുകയാണ്. സോളാര്‍ തട്ടിപ്പ് സംഘത്തിന് മുഖ്യമന്ത്രിയുടെ സഹായം ലഭ്യമായിട്ടുണ്ടോയെന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്. നിരപരാധിയാണെന്നും ഒന്നും ഭയപ്പെടാനില്ലെന്നും ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി അന്വേഷണപരിധിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് സ്വയം ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

സാങ്കേതികമായി അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷത്തോട് എഴുതി വാങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടാത്ത അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കരുത്.
മൂന്ന് ക്രിമിനല്‍ കേസുകളില്‍ ചോദ്യം ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന ബഹുമതി ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായിരിക്കുകയാണ്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് നടന്നത്. ഇത്ര രഹസ്യമായി ചോദ്യം ചെയ്തത് എന്തിനെന്ന സംശയം നിലനില്‍ക്കുകയാണ്. മറ്റുപ്രതികളേയും സാക്ഷികളേയും ചോദ്യം ചെയ്തപ്പോള്‍ പത്രസമ്മേളനങ്ങള്‍ നടത്തിയ അന്വേഷണ സംഘം മുഖ്യമന്ത്രിയെ രഹസ്യമായി ചോദ്യം ചെയ്തത് ദുരൂഹമാണ്. ചോദ്യം ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുന്നതിലും ദുരൂഹതയുണ്ട്. സൈബര്‍ സെല്‍ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വകാര്യ ഏജന്‍സിക്ക് ദൃശ്യങ്ങള്‍ കൈമാറിയത് എന്തിനെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. സോളാര്‍ കേസില്‍ വിവരാവകാശ നിയമങ്ങള്‍ പോലും അട്ടിമറിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ രക്ഷിക്കുന്ന അഡ്വക്കേറ്റ് ജനറലും അന്വേഷണ സംഘത്തലവനും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഒരു ക്രിമിനല്‍ കേസിനും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നാണ് എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെയുള്ള മോഷ്ടാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണെന്ന് സാധാരണ ജനങ്ങള്‍ക്കുപോലും അറിയുമ്പോഴാണ് അന്വേഷണ സംഘത്തലവന്‍ ഹൈക്കോടതിയില്‍ നുണ പറഞ്ഞതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.