Latest News

കര്‍ഷകര്‍ ഒരു മാസം വിറ്റഴിച്ചത് 10 ടണ്‍ പച്ചക്കറികള്‍

ബേക്കല്‍: കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പള്ളിക്കരയിലെ ബട്ടത്തൂരില്‍ ആരംഭിച്ച സ്വാശ്രയ കര്‍ഷക വിപണി കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. 

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിച്ച് ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ ലഭ്യമാക്കാന്‍ വിപണി സഹായിക്കുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കര്‍ഷക വിപണി പ്രവര്‍ത്തിക്കുന്നത്.

പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ച 18 സ്വാശ്രയ കര്‍ഷക സംഘങ്ങളിലെ കര്‍ഷകരാണ് വിളകള്‍ വിപണിയിലെത്തിക്കുന്നത്. ഓരോ സംഘത്തിനും 10 മുതല്‍ 15 വരെ അംഗങ്ങളുണ്ട്. എല്ലാത്തരം പച്ചക്കറികളും ഫ്രഷ് ആയി വിപണിയിലെത്തിക്കു കയും അപ്പോള്‍ തന്നെ അവ വിറ്റഴിക്കുകയും ചെയ്യുന്നു. പച്ചക്കറി വില്‍പ്പനക്കാരായ വ്യാപാരികള്‍ നല്‍കുന്ന തുകയുടെ അഞ്ച് ശതമാനം കുറച്ചാണ് കര്‍ഷകര്‍ക്ക് നല്‍കുക. ഈ തുക വിപണിയില്‍ വരവ് വയ്ക്കും. 

അടുത്ത ഓണക്കാലത്ത് ഓരോ കര്‍ഷകനും മൂന്ന് ശതമാനം തുക ബോണസായി നല്‍കും. ബാക്കി രണ്ട് ശതമാനം വിപണിയുടെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്നു. സംഘങ്ങളിലെ അംഗങ്ങളെ കൂടാതെ 225 രൂപ നല്‍കി വിപണിയില്‍ അംഗത്വമെടുത്ത ഏത് കര്‍ഷകര്‍ക്കും അവരുടെ ഉല്പന്നങ്ങള്‍ ഇവിടെ എത്തിക്കാം.
ചെര്‍ക്കള, കാഞ്ഞങ്ങാട്, പൊയിനാച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തവ്യാപാരികളാണ് പ്രധാനമായും ഇവിടെ നിന്നും പച്ചക്കറികള്‍ വാങ്ങുന്നത്. നേന്ത്രക്കായ, ഞാലിപ്പൂവന്‍, പയര്‍, വെണ്ട, ചീര, മരച്ചീനി, കുമ്പളം, പാവല്‍, പടവലം, ഞരമ്പന്‍ എന്നിവയാണ് വിപണിയിലൂടെ പ്രധാനമായും വിറ്റഴിക്കുന്നത്. ഓരോ സീസണിലും വിളയുന്ന എല്ലാ പച്ചക്കറികളും വിപണിയിലൂടെ കച്ചവടക്കാരിലേക്കെത്തിക്കുന്നു. ഇടനിലക്കാര്‍ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന വിലയേക്കാള്‍ ഉയര്‍ന്ന വില എല്ലാ വിളകള്‍ക്കും വിപണിയില്‍ ഉറപ്പു വരുത്തുന്നുണ്ട്.
സ്വാശ്രയ കര്‍ഷക സമിതിയിലെ മൂന്ന് പേരാണ് വിപണിയില്‍ ജീവനക്കാരായുള്ളത്. കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിച്ച വിപണിയിലൂടെ 10 ടണ്‍ പച്ചക്കറികള്‍ വിറ്റഴിച്ചിട്ടുണ്ട്. നേന്ത്രവാഴ- 1,96,318 രൂപ, പച്ചക്കറികള്‍- 72,738 രൂപ, കിഴങ്ങ് വിളകള്‍-15,837 രൂപ എന്ന തോതില്‍ കഴിഞ്ഞ മാസം വിപണനം സാധ്യമായി. കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചക്കറി വിത്ത്, തൈകള്‍ തുടങ്ങിയവയും വിപണിയിലൂടെ ലഭ്യമാക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.