Latest News

കുട്ടികള്‍ക്ക് അരഞ്ഞാണം കെട്ടല്ലേ; ചുരിദാറും സാരിയും മോഷ്ടിക്കുന്ന പെണ്‍കൂട്ടം വിലസുന്നു

കണ്ണൂര്‍: സ്വകാര്യ ആശുപത്രികളില്‍ പിഞ്ചുകുട്ടികളുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സ്ത്രീകള്‍ വിലസുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് നാടെങ്ങും തെരച്ചില്‍ നടത്തുകയാണ്. ഇവരുടെ ദൃശ്യങ്ങള്‍ ചില ആശുപത്രിയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 30 ഉം 45 വയസും തോന്നിക്കുന്ന രണ്ട് സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. ഒപ്പം അഞ്ച് വയസ് തോന്നിക്കുന്ന കുട്ടിയുമുണ്ട്. പ്രായം കുറഞ്ഞ സ്ത്രീ ചുവന്ന ചുരിദാറും പ്രായമുള്ളയാള്‍ നീലസാരിയുമാണ് ധരിച്ചിരിക്കുന്നത്. ഇവര്‍ മലയാളികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

പിഞ്ചുകുഞ്ഞുങ്ങളുമായി ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തുന്ന സ്ത്രീകളെ സമീപിച്ചാണ് തട്ടിപ്പ്. ആളുകള്‍ ഒപ്പമില്ലാത്തവരെ തെരഞ്ഞെടുത്ത് ലോഹ്യം പറഞ്ഞുതുടങ്ങുന്ന ഇവര്‍ ക്രമേണ സ്ത്രീകളുടെ വിശ്വാസം നേടും. ഒപ്പം ഒരു കുട്ടിയുള്ളതിനാല്‍ ആരും സംശയിക്കില്ല. സംസാരത്തിനിടെ കുഞ്ഞിനെ ലാളിക്കാനായി ഇവര്‍ വാങ്ങും. ഈ സമയം മറ്റേ സ്ത്രീ കുഞ്ഞിന്റെ അമ്മയുമായി നിര്‍ത്താതെ സംസാരി
ച്ച് ശ്രദ്ധ തിരിക്കും. അല്‍പം കഴിഞ്ഞ് കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് ഇവര്‍ മടങ്ങും. ഇതിനകം അരഞ്ഞാണം കൈക്കലാക്കിയിട്ടുണ്ടാവും.

ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ ഒരു പവന്‍ അരഞ്ഞാണവും മറ്റൊരു ആശുപത്രിയില്‍ നിന്ന് അഞ്ചമാസം പ്രായമുള്ള കുട്ടിയുടെ ഒന്നരപ്പവന്‍ അരഞ്ഞാണവും ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന കുട്ടിയുടെ സ്വര്‍ണ്ണാാഭരണവുമാണ് കവര്‍ന്നത്. മരുന്ന് വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ അപരിചിത കുട്ടിയെ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചത്. ഇവരെ കുറിച്ച് ഊര്‍ജിത അന്വേഷണം നടക്കുകയാണ്. അതിനിടെ പട്ടാപ്പകല്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുന്ന സ്ത്രീകളും നഗരത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഗ്ലോബല്‍ വില്ലേജിലും ഒരു തുണിക്കടയിലും ബല്ലാര്‍ഡ് റോഡിലെ ദി ന്യൂസ്റ്റോറിലും ഇക്കൂട്ടര്‍ എത്തി. ന്യൂസ്റ്റോറില്‍ എത്തിയ പര്‍ദ ധരിച്ചെത്തിയ യുവതി ചുരിദാര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ജീവനക്കാര്‍ ഓടിയെങ്കിലും അവരെ കണ്ടെത്താനായില്ല. ഗ്ലോബല്‍ വില്ലേജിലെ കടയില്‍ രണ്ട് യുവതികളെയാണ് കയ്യോടെ പിടികൂടിയത്. മാപ്പ് പറഞ്ഞശേഷം അവരെ വിട്ടയച്ചു.

വെള്ളൂര്‍കുന്നം ചെറീസ് കളക്ഷനില്‍ നിന്നും കാല്‍ലക്ഷം രൂപയുടെ ചുരിദാറുകളാണ് കവര്‍ന്നത്. ബുധനാഴ്ച 12മണിയോടെയാണ് സംഭവം. വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ സംഘമായെത്തിയാണ് കവര്‍ച്ച. കീച്ചേരിപെട്ടിയിലെ ജെ പി ടെക്‌സ്റ്റൈയില്‍സില്‍ നിന്നും 35,000 രൂപയുടെ സാരികളും കവര്‍ന്നിരുന്നു. കവര്‍ച്ച ചെയ്ത രണ്ട് സ്ഥാപനങ്ങളും വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തുന്ന സംഘം കൃത്രിമമായ തിരക്കുണ്ടാക്കിയും കുട്ടികളെ കയറ്റിവിട്ടുമാണ് മോഷണത്തിന അരങ്ങൊരുക്കുന്നത്. അതിനിടെ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാനെത്തിയ യുവതി വീട്ടുകാരെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു.

വെള്ളാറക്കാട് വെള്ളത്തേരിയില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. കൊട്ടിലങ്ങല്‍ നിഷാദിന്റെ ഭാര്യ മാജിദയെ (21) യാണ് ആക്രമിച്ചത്. പര്‍ദ ധരിച്ചെത്തിയ യുവതിയാണ് മാജിദയെ തലക്കടിച്ച് വീഴ്ത്തിയത്. വസ്ത്രങ്ങള്‍ നല്‍കിയശേഷം മാജിദ വാതില്‍ അടച്ച് ഒരു വയസുള്ള കുട്ടിയെ തൊട്ടില്‍ കിടത്തിയുറക്കാന്‍ പോയി. ഈ സമയം പര്‍ദക്കാരി വീടിന്റെ പിറകിലൂടെ വന്ന് മുറിയില്‍ കയറി മാജിദയെ തലക്കടിച്ച്
വീഴ്ത്തി. വീടിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പുറത്തു പോയ നിഷാദിന്റെ മാതാവ് അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലുള്ള മാജിദയെ കണ്ടത്. വീട്ടിനുള്ളിലെ സാധനങ്ങളും മുറിയിലെ അലമാരയിലെ വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലുമാണ്. മാജിദയുടെ സ്വര്‍ണക്കമ്മല്‍ കാണാനില്ല. മാജിദയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മാജിദയും കുട്ടിയും ഉമ്മയുമാണ് വീട്ടിലുള്ളത്. മറ്റ് വീടുകളിലും ഭിക്ഷക്കായും വസ്ത്രത്തിനായും ഈ സ്ത്രീ പോയിരുന്നുവത്രെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Robbery, Hospital, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.