Latest News

ദീപശിഖയെത്തി; കൗമാര കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് കോളജ് മൈതാനം ഒരുങ്ങി

കൊച്ചി: കായിക കേരളത്തിന്റെ കണ്ണും മനസ്സും ഇനി നാലുനാള്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തേക്ക്. കൗമാര പ്രതിഭകളുടെ കരുത്തും ആവേശവും വിളംബരം ചെയ്യുന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച തുടക്കം. 

നാലു ദിനം, 95 മല്‍സര ഇനങ്ങള്‍, 14 ജില്ലകള്‍, 851 സ്‌കൂളുകള്‍, 2,595 താരങ്ങള്‍... മീറ്റിന്റെ മല്‍സര ചിത്രം ഇങ്ങനെ. ശനിയാഴ്ച രാവിലെ ഏഴിന് 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ മല്‍സരത്തോടെ മല്‍സരാവേശത്തിന് കൊടിയേറും.

വൈകിട്ട് 3.30ന് മന്ത്രി കെ. ബാബു മീറ്റ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മീറ്റിലെ മിന്നുംതാരം പി.യു. ചിത്ര ദീപശിഖ തെളിക്കും. ശനിയാഴ്ച 18 ഇനങ്ങളിലാണ് ഫൈനല്‍. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് അട്ടിമറിയിലൂടെ പിടിച്ചെടുത്ത കിരീടം കാക്കാന്‍ പാലക്കാടും കുത്തകയായിരുന്ന ഓവറോള്‍ ചാംപ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ ആതിഥേയരായ എറണാകുളവും കച്ചകെട്ടുമ്പോള്‍ പോരിനു വാശിയേറും. 

പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളാണ് പാലക്കാടന്‍ കരുത്തെങ്കില്‍ എറണാകുളത്തിന് ശക്തി പകരാന്‍ കോതമംഗലത്തെ സെന്റ് ജോര്‍ജ്, മാര്‍ബേസില്‍ സ്‌കൂളുകള്‍ക്കൊപ്പം ഇത്തവണ ഇവരുടെ അയല്‍ക്കാരായ മറ്റൊരു സര്‍ക്കാര്‍ സ്‌കൂള്‍ കൂടിയുണ്ടാവും മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസ്. 

തിരുവനന്തപുരത്തുനിന്ന് എത്തിയ മീറ്റിന്റെ ദീപശിഖ ജില്ലാ അതിര്‍ത്തിയായ അരൂരില്‍ ഒളിംപ്യന്‍ മെഴ്‌സി കുട്ടന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കായിക താരങ്ങള്‍ കൂട്ടയോട്ടമായി എസ്ആര്‍വി സ്‌കൂളില്‍ എത്തിച്ച് സ്ഥാപിച്ച ദീപശിഖ ശനിയാഴ്ച സ്‌കൂള്‍ മീറ്റിലെ ഏഴു താരങ്ങള്‍ ചേര്‍ന്നാണ് മല്‍സര വേദിയിലേക്ക് എത്തിക്കുക.

ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന ടീമിന് 1,10,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമിന് യഥാക്രമം 82,500 രൂപയും 55,000 രൂപയും സമ്മാനമായി നല്‍കും.

26ന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ അബ്ദുറബ്ബ് ട്രോഫികള്‍ വിതരണം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.