Latest News

കമ്മാടി കോളനിയില്‍ കളക്ടറുടെ അദാലത്ത് പരാതികള്‍ക്ക് പരിഹാരമായി


കാഞ്ഞങ്ങാട്: പനത്തടി ഗ്രാമപഞ്ചായത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കമ്മാടി പട്ടികവര്‍ഗ്ഗ കോളനിയില്‍ വാസയോഗ്യമല്ലാത്ത വീടുകളുളള ഏഴു കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് വീടുകള്‍ പനത്തടി ഗ്രാമപഞ്ചായത്തും നാല് വീടുകള്‍ ജില്ലാ പട്ടിക വര്‍ഗ്ഗ വികസന വകുപ്പും നിര്‍മ്മിച്ച് നല്‍കും. മുമ്പ് പട്ടിക വര്‍ഗ്ഗ വകുപ്പ് 10 കുടുംബങ്ങള്‍ക്കായി 10 സെന്റ് വീതം അനുവദിച്ച ഭൂമിക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കമ്മാടി ഏകധ്യാപക വിദ്യാലയ പരിസരത്ത് സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ അപേക്ഷ നല്‍കിയ 12 കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കകം പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. നിലവിലുളള 9 റേഷന്‍ കാര്‍ഡുകള്‍ എ എ വൈ സ്‌കീമിലേക്ക് മാറ്റും. ബി പി എല്‍ പട്ടികയിലേക്ക് ഇനിയും അപേക്ഷ നല്‍കാത്ത കോളനി വാസികള്‍ ബുധനാഴ്ചയ്ക്കുളളില്‍ നല്‍കണം. 

വൈദ്യുതി ലഭിക്കാത്തവര്‍ക്ക് സാങ്കേതിക തടസ്സം പരിഹരിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളനിയിലെ പെണ്‍കുട്ടികള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കാന്‍ സാഹചര്യമുണ്ടാക്കും. ഇതിനായി മേയ് മാസത്തില്‍ അപേക്ഷ നല്‍കണം. 

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ എസ് ടി പ്രമോട്ടര്‍മാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോളനിയില്‍ ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി ഭൂമി കണ്ടെത്തും. കോളനിയില്‍ കുടിവെളള പ്രശ്‌ന പരിഹാരത്തിനായി ആക്‌സിലറി വാട്ടര്‍ സപ്ലൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.
മലകുടിയ വിഭാഗത്തില്‍പ്പെട്ട നാല്‍പത് കുടുംബങ്ങളാണ് കമ്മാടി കോളനിയില്‍ താമസിക്കുന്നത്. വൃക്ക സംബന്ധമായ ശസ്ത്രക്രിയ നടത്തിയ ഒരാള്‍ക്ക് അദാലത്തില്‍ 5000 രൂപ അനുവദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 200 കോളനിവാസികളെ പരിശോധിച്ചു. 

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ അജിത് കുമാര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. മോഹന്‍കുമാര്‍, പനത്തടി പഞ്ചായത്ത് മെമ്പര്‍ ആര്‍ സി അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ ജെയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി രത്‌നാകരന്‍, ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിനോദ് നായര്‍, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കല്ല്യാണ്‍ കൃഷ്ണന്‍, ഡെപ്യൂട്ടി ഡി എം ഒ എം സി വിമല്‍രാജ്, തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.