Latest News

വാങ്കടെ വിതുമ്പി; ഒപ്പം സച്ചിനും, ലോകം കാതോര്‍ത്ത ആ വാക്കുകളിലേക്ക്‌..

മുംബയ്: സചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ഇരുനൂറാം ടെസ്റ്റ് മത്സരത്തിനുശേഷം ക്രിക്കറ്റില്‍നിന്ന് വിരമിച്ചപ്പോള്‍ മുംബയ് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര രൂപം (സചിന്‍ സംസാരിക്കുന്നതിനുമുന്പ് ഏറെ നേരം നീണ്ട ശബ്ദഘോഷമായിരുന്നു സ്‌റ്റേഡിയത്തില്‍)

''എന്റെ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു, ഞാന്‍ തുടങ്ങട്ടെ. ഞാന്‍ വല്ലാതെ വികാരത്തില്‍ മുങ്ങുന്നു. 22 വാരയ്ക്കുള്ളിലെ 24 വര്‍ഷം അവസാനിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാനേ തോന്നുന്നില്ല. ഇവിടംവരെ എന്നെ എത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്റെ കൈയില്‍ വലിയൊരു പട്ടികയുണ്ട്. അതില്‍ ഏതെങ്കിലും പേരുകള്‍വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

ആദ്യം എന്റെ അച്ഛന്‍. 1999 ല്‍ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. എന്റെ കായിക ജീവിതത്തില്‍ അദ്ദേഹത്തിന് അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്. അദ്ദേഹം എനിക്ക് സ്വാതന്ത്ര്യം തന്നു. അദ്ദേഹം എന്നോടു പറഞ്ഞു, നിന്റെ സ്വപ്നങ്ങളെ പിന്തുടരുക. കുറുക്കുവഴികള്‍ തേടരുത്. നല്ലൊരു മനുഷ്യനായി നല്ലൊരു മനുഷ്യനായി ജീവിക്കുക.

എന്റെ അമ്മ. എന്നെപ്പോലൊരു കുസൃതി ചെറുക്കനെ ആ അമ്മ എങ്ങനെ കൈകാര്യം ചെയ്തിരുന്നുവെന്ന് എനിക്ക് അത്ഭുതമാണ്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നതില്‍ അമ്മ വളരെയധികം ശ്രദ്ധിച്ചു. ഞാന്‍ കളി തുടങ്ങുന്നതിനുമുന്‍പുതന്നെ അമ്മ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു. ആ പ്രാര്‍ത്ഥനയാണ് എനിക്ക് ശക്തി പകര്‍ന്നത്.

സ്‌കൂള്‍ വീട്ടില്‍നിന്ന് വളരെ അകലെയായിരുന്നതുകൊണ്ട് അവിടെ പഠിക്കുമ്പോള്‍ ഞാന്‍ എന്റെ അമ്മാവനോടും അമ്മായിയോടുമൊപ്പമാണ് താമസിച്ചിരുന്നത്. മകനെപ്പോലെയാണ് അവര്‍ എന്നെ വളര്‍ത്തിയത്. നന്നായി കളിക്കാന്‍ വേണ്ടി അവര്‍ എനിക്ക് നല്ല ഭക്ഷണം തന്നു. എന്റെ മൂത്ത സഹോദരന്‍ നിതിന്‍ പറയുമായിരുന്നു, നീ എല്ലാം നന്നായി ചെയ്യുമെന്ന് എനിക്കറിയാം. അതുകൊണ്ട് നിന്നില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ സഹോദരി സവിത. അവളാണ് എനിക്ക് ആദ്യത്തെ ബാറ്റ് സമ്മാനിച്ചത്. കാശ്മീര്‍ വില്ലോ കൊണ്ടുള്ള ബാറ്റായിരുന്നു അത്. ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് അവള്‍ കാണാനിരിക്കും.

അജിത് എന്റെ സഹോദരന്‍. അവനെക്കുറിച്ച് ഒന്നും പറയാനാവുന്നില്ല. ഈ സ്വപ്നം ജീവിച്ചുതീര്‍ത്തത് ഞങ്ങള്‍ രണ്ടുപേരും കൂടിയാണ്. പതിനൊന്നാം വയസിലായിരുന്നു അതിന്റെ തുടക്കം. അന്ന് അവന്‍ എന്ന അച്‌രേക്കര്‍ സാറിനെ (കോച്ച്) കാണാന്‍ കൊണ്ടുപോയി. കഴിഞ്ഞ രാത്രിയിലും അവന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ എങ്ങനെ പുറത്തായി എന്ന് രണ്ടുപേരും ചര്‍ച്ച ചെയ്തു. കളി പൂര്‍ത്തിയായാലും ഞങ്ങള്‍ ടെക്‌നിക്കുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഞങ്ങള്‍ തര്‍ക്കിക്കും. പല കാര്യത്തിലും വിയോജിക്കും. അത് ഞാന്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഇതിലും എത്രയോ ചെറിയ ക്രിക്കറ്ററായിരിക്കും !ഞാന്‍.

ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് 1991ലായിരുന്നു. അപ്പോഴായിരുന്നു ഞാന്‍ എന്റെ ഭാര്യ അഞ്ജലിയെ കണ്ടുമുട്ടിയത്. അഞ്ജലി ഒരു ഡോക്ടറാണെന്ന് എനിക്കറിയാമായിരുന്നു. ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍ അഞ്ജലി എന്നോടു പറഞ്ഞു, നിങ്ങള്‍ കളി തുടരുക, ഞാന്‍ കുടുംബത്തെ കാത്തുകൊള്ളാം. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇത്രയും ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അതിനെല്ലാം എനിക്ക് നിന്നോടു നന്ദിയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാര്‍ട്‌നര്‍ഷിപ്പായിരുന്നു അത്. പിന്നെ എന്റെ ജീവിതത്തിലെ വിലപിടിപ്പുള്ള രണ്ട് വജ്രങ്ങള്‍: സാറയും അര്‍ജുനും. മകള്‍ക്ക് 16 വയസുണ്ട്. മകന് പതിനാലും. സമയം ധാരാളം ഒഴുകിപ്പോയിരിക്കുന്നു. എല്ലാ ജന്മദിനങ്ങളിലും വാര്‍ഷിക ദിനങ്ങളിലുമൊന്നും എനിക്ക് അവരോടൊപ്പം കഴിയാനായില്ല. അത് അവര്‍ക്ക് മനസിലാകുമായിരുന്നു. നിങ്ങള്‍ രണ്ടുപേരും എന്റെ ജീവിതത്തില്‍ ഏറ്റവും പ്രത്യേകതയുള്ളവരാണ്. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇനിയുള്ള ജീവിതം അത് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

എന്റെ ഭാര്യയുടെ മാതാപിതാക്കള്‍. എന്നും എന്നെ നിങ്ങള്‍ തുണച്ചിരുന്നു. അവരുമായി പല കാര്യങ്ങളും ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങള്‍ക്ക് നല്ലൊരു കുടുംബമുണ്ട്.അഞ്ജലിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചതിന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
.''ധാരാളം സുഹൃത്തുക്കള്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ വിളിക്കുമ്പോഴൊക്കെ ചെയ്തുകൊണ്ടിരുന്നതെല്ലാം ഉപേക്ഷിച്ച് അവര്‍ എനിക്ക് ബൗള്‍ ചെയ്യാനായി ഓടിയെത്തുമായിരുന്നു. എനിക്ക് പരിക്കു പറ്റിയപ്പോള്‍ എന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചുവെന്ന് ഞാന്‍ കരുതി. ഒന്നും അവസാനിച്ചിട്ടില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വെളുപ്പിന് മൂന്നു മണിക്കുപോലും എന്നെ വിളിച്ചുണര്‍ത്തിയവരുണ്ട്. എന്റെ ക്രിക്കറ്റ്ജീവിതം തുടങ്ങിയത് പതിനൊന്നാം വയസിലായിരുന്നു. എന്റെ സഹോദരന്‍ അച്‌രേക്കര്‍ സാറിന്റെയടുത്ത് എന്നെ കൊണ്ടുപോയത് അന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സംഭവം അതായിരുന്നു. എനിക്ക് ഏറ്റവും നല്ല മാച്ച് പ്രാക്ടീസ് കിട്ടാന്‍ എന്നെ സ്‌കൂട്ടറില്‍ കയറ്റി മുംബയ് മുഴുവന്‍ അദ്ദേഹം കൊണ്ടുപോകുമായിരുന്നു. ഒരു തമാശ: ഒരിക്കലും നന്നായി കളിച്ചെന്ന് അദ്ദേഹം എന്നോടു പറയുകയില്ല. ഞാന്‍ മടിയനായിപ്പോകുമെന്ന് വിചാരിച്ചിട്ടായിരിക്കണം അത്.

ധോണി എനിക്ക് ഇരുനൂറാം ടെസ്റ്റിന്റെ തൊപ്പി തന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു ടീമായി ഇവിടെയെത്തിയതില്‍ നാമെല്ലാവരും അഭിമാനിക്കണം. എല്ലാ കഴിവുകളുമെടുത്ത് നമ്മുടെ രാജ്യത്തെ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്കാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എല്ലാ ഡോക്ടര്‍മാര്‍ക്കും ഫിസിയോമാര്‍ക്കും നന്ദി പറയുന്നു. ഞാന്‍ ഇത്ര ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം താല്പര്യമെടുത്തു. എങ്ങനെയാണ് നിങ്ങള്‍ക്ക് അതിന് കഴിഞ്ഞതെന്ന് എനിക്കറിയില്ല.

എന്റെ പ്രിയ സുഹൃത്ത് മാര്‍ക്ക് മസ്‌കരെനാസ്. എന്റെ ആദ്യ മാനേജര്‍. അദ്ദേഹമില്ലാതെ സ്‌പോണ്‍സര്‍ഷിപ്പുകളക്കം എനിക്ക് ഇതൊന്നും നേടാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം ഒരു കാറപകടത്തില്‍ മരിച്ചു. ആ തുണയ്ക്ക് നന്ദിയുണ്ട്. എനിക്ക് അദ്ദേഹമില്ലാത്തതില്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. എന്റെ മാനേജര്‍ വിനോദ് നായിഡു. എന്റെ കുടുംബാംഗം പോലെയാണ്. സ്വന്തം കുടുംബകാര്യം പോലും മാറ്റിവച്ച് എനിക്കുവേണ്ടി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്.
സ്‌കൂള്‍ മുതല്‍ എന്നെ മാദ്ധ്യമങ്ങള്‍ ധാരാളം പിന്തുണച്ചിട്ടുണ്ട്. ഇന്നും അങ്ങനെതന്നെ. എല്ലാവര്‍ക്കും നന്ദിയുണ്ട്, പ്രത്യേകിച്ച് ഫോട്ടോഗ്രാഫര്‍മാരോട്. ആ നിമിഷങ്ങള്‍ എന്നും എന്നോടൊപ്പമുണ്ടായിരിക്കും.

എന്റെ ക്രിക്കറ്റ് ജീവിതം ഈ ഗ്രൗണ്ടിലാണ് തുടങ്ങിയത്. ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതുതന്നെയായിരുന്നു എന്റെ സ്വപ്നം. ബിസിസിഐ അത്യത്ഭുതകരം. പതിനാറു വയസില്‍തന്നെ എന്നില്‍ വിശ്വാസമര്‍പ്പിച്ച് അവര്‍ എന്നെ തിരഞ്ഞെടുത്തു. എനിക്കു തന്ന പിന്തുണയ്ക്കും എന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി. അതില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു. നിരവധി സീനിയര്‍ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. രാഹുല്‍, ലക്ഷ്മണ്‍, സൗരവ് എന്റെ ടീമംഗങ്ങള്‍. നിങ്ങള്‍ എന്റെ കുടുംബാംഗങ്ങളെപ്പോലെയാണ്. ആ ഡ്രസിംഗ് റൂമില്ലാതെ അവിടത്തെ ആ നല്ല നിമിഷങ്ങളില്ലാതെ മുന്നോട്ടുപോകുന്നത് പ്രയാസമാണ്.

എന്റെ പ്രസംഗം വല്ലാതെ നീണ്ടുപോകുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്ന് ഇവിടെ പറന്നെത്തിയവരോട് എനിക്ക് നന്ദിയുണ്ട്. നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് വളരെ വലുതാണ്. എനിക്കുവേണ്ടി പട്ടിണി കിടന്നവരുണ്ട്. എന്തെല്ലാം ചെയ്തവരുണ്ട്. എനിക്ക് പലതരത്തില്‍ പല കാര്യങ്ങള്‍ ചെയ്തുതന്ന നിരവധിയാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പൂജ്യത്തിനു പുറത്തായാലും സെഞ്ചുറി നേടിയാലും അങ്ങനെതന്നെ. എല്ലാത്തിനും എനിക്ക് നന്ദിയുണ്ട്. പ്രത്യേകിച്ച് സചിന്‍.. സചിന്‍.. ആ വാക്കുകള്‍ക്ക്. അവ എന്റെ അവസാന ശ്വാസം വരെ എന്റെ കര്‍ണങ്ങളില്‍ പതിച്ചുകൊണ്ടിരിക്കും. എല്ലാവര്‍ക്കും വളരെ നന്ദി. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. വിട..''


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sachin

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.