മുംബൈ: നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ് മഹാരാഷ്ട്രയില്‍ പാളം തെറ്റി മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ട്രെയിനിലെ പാന്‍ട്രി കാര്‍ ജീവനക്കാരനായ കാസര്‍കോഡ് സ്വദേശി മുരളീധരന്‍ ആണ് മരിച്ച മലയാളി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്.
രാവിലെ 6.25നായിരുന്നു അപകടമുണ്ടായത്. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗല്‍പുരിക്കും നാസിക്കിനുമിടയിലുള്ള ഗോട്ടിയില്‍ വച്ച് പാളം തെറ്റുകയായിരുന്നു.
നാസിക്കില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഇഗത്പൂര്‍. എസ് 9, എസ് 10, എസ് 15 എസി കോച്ചുകളായ ബി 1, ബി 2, ബി 3 എന്നിവയാണ് പാളം തെറ്റിയത്. എസ് 15 കോച്ച് പൂര്‍ണമായും തകര്‍ന്നു. മൂന്നു ബോഗികളും പാന്‍ട്രി കാറും പൂര്‍ണമായും പാളത്തിനു വെളിയിലേക്കു പോയി. അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. തകര്‍ന്ന ബോഗികളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മുന്നൂറോളം പേര്‍ ഈ ബോഗികളില്‍ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളത്തില്‍ വലിയ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. ഇതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്കും കൊങ്കണിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mangala Express, Accident, Mumbai


No comments:
Post a Comment