Latest News

കേബിള്‍ ടിവി മേഖലയുടെ പ്രതിസന്ധി; സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ


കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നല്‍കുകയും നാടിന്റെ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കുകയും ചെയ്യുന്ന കേബിള്‍ ടിവി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വായ്പ സംവിധാനവും സബ്‌സിഡിയും നടപ്പിലാക്കണമെന്നും ഇതിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട് വ്യാപര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേബിള്‍ ടിവി മേഖല ചെയ്യുന്ന ദൗത്യം മഹത്തരമാണ്. അമ്പതിനായിരത്തോളം പേര്‍ക്കാണ് അത് തൊഴില്‍ നല്‍കുന്നത് അതുവഴി എത്രയോ കുടുംബങ്ങള്‍ ജീവിച്ചുപോകുന്നു. മാത്രവുമല്ല വന്‍ കിട ചാനലുകളെ അപേക്ഷിച്ച് നാടിന്റെ തുടുപ്പുകളെ തൊട്ടറിഞ്ഞ് വാര്‍ത്ത നല്‍കുന്നതിലും അധികൃതരുടെ മുന്നിലെത്തിക്കുന്നതിലും പ്രാദേശിക ചാനലുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. സര്‍ക്കാറിന് ഒരു ബാധ്യതയുമാവാതെ പ്രവര്‍ത്തിച്ചുപോവുന്ന കേബിള്‍ മേഖലയെ വിവിധ നിമയങ്ങള്‍ വഴി അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. 

വൈദ്യുതി പോസ്റ്റിലൂടെ കേബിള്‍ ലൈനുകള്‍ തൊട്ടുപോകുന്നുവെന്നതുകൊണ്ട് കെ.എസ്.ഇ.ബിക്ക് ഒരു വൈദ്യുതി നഷ്ടവുമില്ല, എന്നിട്ടും തൂണുകള്‍ക്ക് അമിത തുകയാണ് ഈടാക്കുന്നത്. സര്‍ക്കാറിന്റെ പുതിയ നിയമ പ്രകാരം ഡിജിറ്റലൈസ്ഡ് ബാധകമാക്കിയാല്‍ കേബിള്‍ മേഖലയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. നാടിന്റെ സ്പന്ദനത്തോടൊപ്പം നീങ്ങുന്ന കേബിള്‍ ടിവി മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കെ.സി.സി.എല്‍ എംഡി കെ.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര സ്വാഗതം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല നിര്‍വ്വഹിച്ചു. ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസി വിതരണം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗീസ് നിര്‍വ്വഹിച്ചു. 

സഹായധനം സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്‍ വിതരണം ചെയ്തു. കേരള വിഷന്‍ സമ്മാനോത്സവ് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനം കെ.സി.സി.എല്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് നിര്‍വ്വഹിച്ചു. സി.ഒ.എ.സംസ്ഥാന ട്രഷറര്‍ കെ.രാധാകൃഷ്ണന്‍, സി.ഒ.എ.സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ നാസര്‍ ഹസന്‍ അന്‍വര്‍, ഹരിഷ് പി.നായര്‍, സതീഷ്.കെ.പാക്കം സംസാരിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.