Latest News

ഭൂരഹിതരില്ലാത്ത കേരളം : കാസര്‍കോട്ട്‌ 32046 പ്ലോട്ടുകള്‍ കണ്ടെത്തി


കാസര്‍കോട്‌ : ഭൂരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട്‌ 32046 പ്ലോട്ടുകള്‍ കണ്ടെത്തിയതായി റവന്യൂ മന്ത്രി അഡൂര്‍ പ്രകാശ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഇതിനകം 13,307 പേര്‍ക്ക്‌ പട്ടയം വിതരണം ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ 84, 604 പേര്‍ക്കാണ്‌ അഞ്ചുവര്‍ഷം കൊണ്ട്‌ വിതരണം ചെയ്‌തത്‌. യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ 76,311 പേര്‍ക്കു പട്ടയങ്ങള്‍ വിതരണം ചെയ്‌തു. ഇനി 35,000 പേര്‍ക്കു കൂടി പട്ടയം വിതരണം ചെയ്യുന്നതോടെ രണ്ടരവര്‍ഷക്കാലം കൊണ്ട്‌ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ്‌ സ്വന്തമായി ഭൂമി ലഭ്യമാകുന്നത്‌.

ജില്ലയില്‍ ഭൂരഹിതര്‍ക്കായി 35,000 പ്ലോട്ടുകളാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇത്തരത്തില്‍ 1800 ഏക്കറോളം സ്ഥലമാണ്‌ വിതരണം ചെയ്യുക. ജില്ലയില്‍ മൊത്തം 39,202 പ്ലോട്ടുകളാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇതില്‍ ചിലത്‌ കോടതിയിലും മറ്റും കേസുകള്‍ ഉള്ളവയാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 2014 ജനുവരി 14 നു പട്ടയമേള സംഘടിപ്പിക്കുന്നതിനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പ്രസ്‌തുത ദിവസം നബിദിനമായതിനാല്‍ പരിപാടി സംഘടിപ്പിക്കാന്‍ അസൗകര്യമുണ്ട്‌. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു തീയ്യതി കണ്ടെത്തി പട്ടയമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റു ജില്ലകളില്‍ നിന്ന്‌ 15,000 പേര്‍ കാസര്‍കോട്‌ ജില്ലയില്‍ സ്ഥലം ലഭിച്ചാല്‍ വരാന്‍ തയ്യാറാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌. കൂടാതെ 40,000 ത്തോളം പേര്‍ ഏതു ജില്ലയിലായാലും സ്ഥലം ലഭിച്ചാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ കൈവശം ഭൂമി കുറവാണ്‌. സ്വകാര്യ വ്യക്തികളും മറ്റും കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക്‌ നല്‍കുന്നതിനുള്ള നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്‌. സംസ്ഥാനത്ത്‌ മുപ്പത്‌ ഏക്കറോളം സ്ഥലം കൈയ്യടക്കി വെച്ചിരിക്കുന്നത്‌ സ്വമേധയാ വിട്ടു നല്‍കാന്‍ തയ്യാറായിട്ടുണ്ട്‌. ഇത്തരത്തില്‍ തന്റെ കൈവശമുള്ള ഭൂമിയും വിട്ടുനല്‍കി പദ്ധതിയില്‍ അംഗമാകുമെന്നും മന്ത്രി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ പി എസ്‌ മുഹമ്മദ്‌ സഗീര്‍, എ ഡി എം എച്ച്‌ ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.