ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എഫ്.മിനിമോള്‍ മുമ്പാകെ ഹാജരാക്കാന്‍ 11 മണിയോടെയാണ് പ്രതികളെ എത്തിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സി.ഐ. അനില്‍കുമാര്‍ വൈകിയതിനാല്‍ അദ്ദേഹമെത്തുംവരെ പ്രതികളെ കോടതി വരാന്തയിലെ ബഞ്ചിലിരുത്തി. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് കോടതിവളപ്പില്‍ അഭിഭാഷകരടക്കം വന്‍ജനക്കൂട്ടമുണ്ടായിരുന്നു. അഭിഭാഷകരിലൊരു വിഭാഗം രോഷാകുലരായിരുന്നു. ബഞ്ചിലിരുന്ന പ്രതികള്‍ക്കെതിരെ ഒരു സംഘം അഭിഭാഷകര്‍ ശകാരവര്‍ഷം നടത്തുന്നതും കേള്‍ക്കാമായിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള രോഷം പ്രകടമാക്കാന്‍ ഒരുസംഘം വനിതാ അഭിഭാഷകരും മടികാട്ടിയില്ല. ബഞ്ചിലിരുന്ന പ്രതികളെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതോടെ പോലീസ് ഇരുവരേയും കോടതിമുറിക്കുളളില്‍ എത്തിച്ചു.
ഇതിനുശേഷമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായത്. അപേക്ഷ പരിഗണിക്കവെ മജിസ്‌ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വീഴ്ചയില്‍ ശകാരിച്ചു. ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത് നിമിത്തമാണ് താമസിച്ചതെന്ന ഉദ്യോഗസ്ഥന്റെ മറുപടി കോടതിക്ക് ബോധിച്ചില്ല. പുറത്ത് ഇത്രയും സംഘര്‍ഷഭരിതമായ അവസ്ഥ നിലനിന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ താമസിച്ചെത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി കുറ്റപ്പെടുത്തി.
തുടര്‍ന്ന് അപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ്, പ്രതികളെ ഒമ്പതിന് രാവിലെ 11.45ന് വീണ്ടും ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ പോലീസ് കസ്റ്റഡി അനുവദിച്ചു. ഇതിനകം കോടതി പരിസരം സംഘര്‍ഷഭരിതമായിരുന്നു. അഭിഭാഷകര്‍ കോടതിവരാന്തയിലും പരിസരത്തുമായി നിലയുറപ്പിച്ചു. കോടതിമുറിയില്‍നിന്ന് പ്രതികളെ പുറത്തേക്ക് കൊണ്ടുവരാന്‍ തുടങ്ങിയതും മതിലിനുമുമ്പില്‍ കൂടിനിന്ന അഭിഭാഷകരില്‍ ചിലര്‍ പ്രതികളെ പിടിച്ചുതള്ളുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ ശക്തമായ ശകാരവര്‍ഷവുമുണ്ടായി. കാര്യം പന്തിയല്ലെന്നുകണ്ട് അകമ്പടി പോലീസ് പ്രതികളെ വീണ്ടും കോടതിമുറിക്കുള്ളിലേക്ക് കടത്തി.
പതിനഞ്ച് മിനിറ്റിനുശേഷം പോലീസ് വലയം തീര്‍ത്ത് കോടതിമുറിക്കുള്ളില്‍നിന്ന് കോടതി പരിസരത്ത് നിര്‍ത്തിയിരുന്ന പോലീസ് ജീപ്പിലേക്ക് പ്രതികളെ കൊണ്ടുവരുന്നതിനിടെ പോലീസ് വലയം ഭേദിച്ച് പ്രതികളെ അഭിഭാഷകരും മറ്റും ചേര്‍ന്ന് തുരുതുരാ മര്‍ദ്ദിച്ചു. പ്രതികളുടെ തലയ്ക്കും മുഖത്തും ശരീരത്തുമെല്ലാം മര്‍ദ്ദിച്ചാണ് അഭിഭാഷകര്‍ അരിശം തീര്‍ത്തത്.
പ്രതികളെ ഒരുവിധം ജീപ്പിലാക്കിയപ്പോള്‍ ചിലര്‍ വാഹനത്തിനുമേല്‍ അടിച്ചു. വളരെ പാടുപെട്ടാണ് പ്രതികളെ കയറ്റിയ ജീപ്പ് കോടതി പരിസരത്തുനിന്ന് പുറത്തേക്ക് ഓടിച്ചുപോയത്. സംഭവം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമമുണ്ടായി.
പ്രതികളുടെ നേരെ കോടതി പരിസരത്ത് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് നടത്തിയ കൈയേറ്റം പോലീസിന്റെ വീഴ്ചമൂലമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അഭിഭാഷകര്‍ പ്രതികള്‍ക്കുനേരെ രോഷപ്രകടനം നടത്തിയേക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും പോലീസ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന് വ്യക്തമാണ്. പ്രതികള്‍ ആദ്യവട്ടം കൈയേറ്റത്തിന് ഇരയായ ശേഷം വീണ്ടും പുറത്തേക്ക് കൊണ്ടുവന്നപ്പോഴും മതിയായ പോലീസ് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായി. മര്‍ദ്ദിക്കുന്നവരെ തടയാന്‍ പോലീസ് ശ്രമിച്ചതുമില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment