Latest News

വിപണി കീഴടക്കാന്‍ കുടുബശ്രീയുടെ ഓജസ് പുട്ടുപൊടി റെഡി

കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം വാര്‍ഡിലെ ഓജസ് കുടുംബശ്രീ യൂണിറ്റാണ് പുട്ടുപൊടി കമ്പോളത്തിലെത്തിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ 1000 പാക്കറ്റ് പുട്ടുപൊടിയാണ് വിപണിയില്‍ ഇറക്കുന്നത്. 

അരക്കിലോ പാക്കറ്റ് പുട്ടുപൊടിക്ക് 27 രൂപയാണ് വില. പിന്നീട് 8000 കിലോ പുട്ടുപൊടി 16000 പാക്കറ്റുകളിലായി വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം. മായം ചേര്‍ക്കാത്ത പരിശുദ്ധമായ പുട്ടുപൊടി യാണ് വിപണിയിലെത്തിക്കുന്നത്. പദ്ധതി വിജയകരമായാല്‍ കേരളമാകെ വിപണനം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ ഓജസ് കുടുംബശ്രീ യൂണിറ്റില്‍ നിന്നാണ് പുട്ടുപൊടി തയ്യാറാക്കുന്നത്. കമ്പോളത്തില്‍ നിന്ന് വിലയ്ക്ക് അരിവാങ്ങി, യൂണിറ്റില്‍ വെച്ച് മിഷന്‍ ഉപയോഗിച്ച് വറുത്തുപൊടിച്ചാണ് പുട്ട്‌പൊടി തയ്യാറാക്കുന്നത്. 

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ച പരിശീലനമാണ് ഇവര്‍ക്ക് മുതല്‍ക്കൂട്ട്. നാല് അയല്‍കൂട്ടങ്ങളില്‍ നിന്നായി ഒമ്പത് കുടുംബശ്രീ അംഗങ്ങളാണ് ഓജസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അംഗണ്‍വാടികളില്‍ വിതരണം ചെയ്യുന്ന അമൃത ഫുഡ് തയ്യാറാക്കികൊണ്ടാണ് ഇവര്‍ ഈ മേഖലയിലേക്ക് കടന്നത്. അമൃതം ഫുഡിന്റെ വിജയം ഇവര്‍ക്ക് മറ്റുല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിന് പ്രചോദനമേകി. അമൃതം കേക്ക്, ബിസ്‌കറ്റ് തുടങ്ങിയവയും ഓജസിന്റെ നേതൃത്വത്തില്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കിയ പ്രോത്സാഹനമാണ് തങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നിലെന്ന് ഓജസ് യൂണിറ്റ് പ്രസിഡന്റ് പി. റീനയും, സെക്രട്ടറി രജനിയും പറയുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കിയ സബ്‌സിഡിയും ക്രൈസിസ് ഫണ്ടും സാമ്പത്തിക അടിത്തറക്ക് ബലമേകിയതായി ഇവര്‍ പറയുന്നു.

Keywords: Kasaragod, Kerala news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.