Latest News

ഗണേഷ് കുമാറിന്റെ വിവാഹം വെള്ളിയാഴ്ച; സദ്യയുടെ ചുമതല ഇന്ത്യന്‍ കോഫി ഹൗസില്‍

കൊല്ലം:  കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയുടെ വിവാഹം വെള്ളിയാഴ്ച. കൊട്ടാരക്കരയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ക്ഷണമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

വെള്ളിയാഴ്ച 12.15ന് അദ്ദേഹത്തിന്റെ തറവാടായ കൊട്ടാരക്കര വാളകം കീഴൂട്ട് വീട്ടിലാണ് ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ഇതിനു ചിലപ്പോള്‍ മാറ്റമുണ്ടാകുമെന്നും പറയപ്പെടുന്നു. തീര്‍ത്തും സ്വകാര്യ ചടങ്ങാണെന്നാണ് വിവരം.

ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് ഹെഡ് ബിന്ദു മേനോനാണ്‌ വധു. ഗണേശിന്റെയും ബിന്ദുവിന്റെയും രണ്ടാം വിവാഹമാണ്. ഗണേശിന്റെ ഏറ്റവും അടുത്ത ബന്ധുക്കല്‍ മാത്രമെ വിവാഹചടങ്ങില്‍ പങ്കെടുക്കുകയുള്ളു. വധുവിന്റെ ബന്ധത്തിലുള്ള കുറച്ചുപേര്‍ മാത്രമെ വിവാഹത്തിനെത്തുകയുള്ളു. അവര്‍ വ്യാഴാഴ്ച വൈകുന്നേരം കൊട്ടാരക്കരയിലെത്തുമെന്നാണ് സൂചന.

കൊട്ടാരക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പത്രവാര്‍ത്തയിലൂടെയാണ് ഗണേശിന്റെ വിവാഹ കാര്യം അറിയുന്നത്. ഗണേഷിന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയും മാതാവ് വല്‍സലയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സംബന്ധിക്കും. ബിന്ദുവും അടുത്ത 10 ബന്ധുക്കളും വ്യാഴാഴ്ച  വൈകിട്ടു കൊട്ടാരക്കരയില്‍ എത്തും. നൂറു പേര്‍ക്കാണ് സദ്യ ഒരുക്കുക. ഇതിനായി കൊട്ടാരക്കര ഇന്ത്യന്‍ കോഫി ഹൗസിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടി അവതരിപ്പിക്കുന്ന ഗണേഷ് ചാനലിന്റെ ഗള്‍ഫില്‍ നടന്ന പരിപാടികള്‍ക്കിടെയാണ് ബിന്ദുവുമായി പരിചയപ്പെട്ടതെന്നാണ് അഭ്യൂഹം. ഇരുവീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആദ്യഭാര്യ യാമിനി തങ്കച്ചിയുമായുള്ള തര്‍ക്കവും തുടര്‍ന്നുണ്ടായ വിവാദങ്ങളും മൂലം ഗണേഷിനു കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

വിവാഹത്തിനു മുന്‍പ് മന്ത്രിസ്ഥാനം മടക്കി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗണേഷ് കുമാര്‍. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത്. അടുത്തിടെയാണ് ഗണേഷ്‌കുമാര്‍ യാമനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടിയത്. ഗണേഷിന്റെ കോടികള്‍ വരുന്ന സ്വത്തില്‍ പകുതിയോളം യാമിനിക്കും കുട്ടികള്‍ക്കുമായി നല്‍കി പരസ്പരധാരണയോടെയാണ് ഇരുവരും പിരിഞ്ഞത്. ഒരു കേസുമായി ബന്ധപ്പെട്ടു ജയിലില്‍കഴിയുന്ന യുവതിയുമായി ഗണേഷിനു ബന്ധമുണ്ടെന്നു ആരോപണം ഉണ്ടായിരുന്നു.

യുവതിയുടെ ഭര്‍ത്താവെന്നു പറയുന്നയാള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു ഗണേഷിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഗണേഷിന്റെ രാജിക്കും പെട്ടന്നുള്ള വിവാഹമോചനത്തിലും കലാശിച്ചത്. വീണ്ടും ഗണേഷുമായി ബന്ധപ്പെട്ടു സ്ത്രീവിഷയം ഉയര്‍ന്നതിനു പിന്നില്‍ ഗൂഢനീക്കങ്ങളാണെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh Kumar, Bindu Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.