Latest News

ഷഹനാസ് ഹംസ വധം: പ്രതി അബ്ദുള്ളയെ വെറുതെവിട്ടു

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഷഹനാസ് ഹംസ വധക്കേസില്‍ ആറാം പ്രതിയായ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി എ.സി. അബ്ദുള്ളയെ കുറ്റക്കാരന്‍ അല്ലെന്നുകണ്ട് പ്രത്യേക സി.ബി.ഐ. കോടതി ചൊവ്വാഴ്ച വെറുതെവിട്ടു.

ഹംസയെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന സി.ബി.ഐ.യുടെ ആരോപണത്തിന് തെളിവുകള്‍ ഇല്ലെന്ന് വിധിയില്‍ പ്രത്യേക ജഡ്ജി ശശിധരന്‍ പറഞ്ഞു. കേസിന്റെ ഏഴാം ഘട്ട വിചാരണയാണ് ഇതോടെ അവസാനിച്ചത്. ഇനി മൂന്ന് പ്രതികളെ കൂടി സി.ബി.ഐ.ക്ക് പിടികൂടാനുണ്ട്.

1989 ഏപ്രില്‍ 29നാണ് കാസര്‍കോട് പൊയ്‌നാച്ചിയില്‍ വെച്ച് പട്ടാപ്പകല്‍ ഹംസ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ.യാണ് കേസ് അന്വേഷിച്ചത്. മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി, പാകിസ്താന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അധോലോക നേതാവ് ഇപ്പോഴും ഒളിവിലാണ്. 19 പ്രതികളുള്ള കേസില്‍ പ്രതികളെ പലപ്പോഴായി പിടികൂടിയതിനാല്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടന്നത്. ഒന്‍പത് പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്. എ.സി. അബ്ദുള്ള ഉള്‍പ്പെടെ ആറ്‌പേരെ വെറുതെ വിട്ടിട്ടുണ്ട്.

ഒന്നാം പ്രതിയുടെ അറിവോടെ കള്ളക്കടത്തായി കേരളത്തില്‍ 1988ല്‍ എത്തിയ കോടികളുടെ വെള്ളി കേന്ദ്ര റവന്യൂ അധികൃതര്‍ പിടികൂടിയത് ഹംസ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഹംസയെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി ഗൂഢാലോചന നടത്തിയെന്നും അതില്‍ മറ്റ് പ്രതികളെ പങ്കാളികള്‍ ആക്കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

കുറ്റകൃത്യത്തില്‍ ആറാം പ്രതി അബ്ദുള്ളയുടെ പങ്കാളിത്തം തെളിയിക്കാന്‍ സാക്ഷിമൊഴികളും പ്രോസിക്യൂഷന്റെ മറ്റ് രേഖകളും പര്യാപ്തമല്ലെന്ന് വിധിയില്‍ കോടതി പറഞ്ഞു.

കുറ്റകൃത്യത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എ.സി. അബ്ദുള്ളയെ 1995ല്‍ അറസ്റ്റ്‌ചെയ്തു. കൊച്ചി കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ച് മറ്റൊരു കേസിന്റെ വിചാരണയ്ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. 2011ല്‍ വീണ്ടും അറസ്റ്റുചെയ്ത് കൊച്ചിയില്‍ കൊണ്ടുവന്നശേഷമാണ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള സാക്ഷികളില്‍ നിരവധി പേര്‍ മരിച്ചുപോയി. ഹംസയുടെ ഭാര്യ ആദ്യഘട്ടം മുതല്‍ക്ക് സാക്ഷിയായി ഹാജരായി മൊഴി നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.