Latest News

കൊലപാതകംനടന്ന മുറിയില്‍ നിര്‍വികാരനായി ഷമ്മികുമാര്‍


പയ്യന്നൂര്‍: ഭാര്യ രമ്യ കൊല്ലപ്പെട്ട പയ്യന്നൂരിലെ ലോഡ്ജ്മുറിയില്‍ എത്തുമ്പോള്‍ ഷമ്മികുമാര്‍ തീര്‍ത്തും നിര്‍വികാരനായിരുന്നു.

ക്യാമറകള്‍ക്കുമുന്നില്‍ മുഖംമറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു രമ്യ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഷമ്മികുമാര്‍. നാലുവര്‍ഷം മുമ്പ് കൊലപാതകം നടന്ന അതേരീതിയില്‍ കട്ടിലുകളും ഫര്‍ണിച്ചറും സജ്ജീകരിച്ചാണ് തെളിവെടുപ്പിനായി പയ്യന്നൂര്‍ സി.ഐ. അബ്ദുള്‍റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷമ്മികുമാറിനെ കൊണ്ടുവന്നത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് ഷമ്മികുമാറിനെ ലോഡ്ജിലെ 204-ാം മുറിയിലേക്ക് എത്തിച്ചത്. ചോദ്യംചെയ്യല്‍ 13 മിനിട്ടോളം നീണ്ടു.

കറുത്ത ഷര്‍ട്ടും കടുംനിറമുള്ള കാപ്പി പാന്റുമായിരുന്നു ഷമ്മികുമാറിന്റെ വേഷം. തെളിവെടുപ്പിനായി കൊണ്ടുവരുന്ന വിവരം അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യംകണ്ട് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദുബായിയില്‍നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയാണ് കേരള പോലീസ് ഷമ്മികുമാറിനെ പയ്യന്നൂരിലെത്തിച്ചത്. രമ്യയുടെ കൊലപാതകംനടന്ന് നാലുവര്‍ഷത്തിനുശേഷമായിരുന്നു ഇത്. ഭാര്യ തൂങ്ങിമരിച്ചതാണെന്നും തനിക്ക് മറ്റൊന്നും അറിയില്ല എന്നുമായിരുന്നു രമ്യയുടെ മരണംസംബന്ധിച്ച് ആദ്യം ഷമ്മികുമാര്‍ പോലീസിനോട് പറഞ്ഞത്.

ക്യാമറകള്‍ക്കുമുന്നില്‍ മുഖംമറയ്ക്കാന്‍ ശ്രമിച്ചിട്ട് ഫലമില്ലാതെ, രമ്യ കൊല്ലപ്പെട്ട മുറിയില്‍ നിര്‍വികാരനായി ഷമ്മികുമാര്‍ നിന്നു. ചില നിമിഷങ്ങളില്‍ വിരിച്ചുവെച്ച കട്ടിലുകളിലേക്കും മുകളില്‍ കറങ്ങുന്ന ഫാനിലേക്കും അരികില്‍വെച്ച ചെറിയ മേശയിലേക്കും നോക്കി. അപ്പോഴേക്കും അന്വേഷണസംഘം മാധ്യമപ്രവര്‍ത്തകരെ മുറിക്ക് വെളിയിലാക്കി. സംഭവംനടന്ന സമയത്ത് ലോഡ്ജിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെ തെളിവെടുപ്പ് സമയത്ത് പോലീസ് വിളിച്ചുവരുത്തിയിരുന്നു. മാനേജര്‍, രാത്രിയിലെ ജീവനക്കാരന്‍, രാത്രിയിലെ കാവല്‍ക്കാരന്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവര്‍ ഷമ്മികുമാറിനെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.

ഷമ്മികുമാറിനെ രണ്ടു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. കേസന്വേഷണം നേരത്തേ പൂര്‍ത്തിയായതിനാല്‍ തുടരന്വേഷണം എന്ന നിലയില്‍ ചില കാര്യങ്ങള്‍ മാത്രമാണ് പോലീസിന് ഹാജരാക്കാനുള്ളത്. ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന ഷമ്മികുമാര്‍ നാട്ടിലെത്തി കാര്‍ വാടകയ്‌ക്കെടുത്താണ് കാട്ടാമ്പള്ളി വള്ളുവന്‍കടവിലെ വീട്ടില്‍നിന്ന് ഭാര്യ രമ്യയെയും ഒന്നര വയസ്സുള്ള മകളെയുംകൂട്ടി പോന്നത്. ഇനി കണ്ടെത്തേണ്ടത് കാര്‍ വാടകയ്‌ക്കെടുത്തത് എവിടെനിന്നാണ് എന്ന കാര്യമാണ്. കണ്ണൂരില്‍നിന്നാണ് എന്നാണ് ഷമ്മികുമാര്‍ പറയുന്നത്. എന്നാല്‍, ഈ സ്ഥാപനം ഇപ്പോള്‍ നിലവിലില്ല എന്ന് പോലീസ് പറയുന്നു. അതുകൂടി കണ്ടെത്തിയാല്‍ അന്വേഷണം പൂര്‍ണമായി. കുറ്റപത്രം നേരത്തേ നല്‍കിയിരുന്നെങ്കിലും തുടരന്വേഷണത്തിലെ തെളിവുകള്‍കൂടി പോലീസ് അടുത്തദിവസങ്ങളില്‍ കോടതിയില്‍ സമര്‍പ്പിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.