Latest News

ഒത്തുകളിയില്‍ ശ്രീശാന്ത് നിരപരാധി: വെളിപ്പെടുത്തലുമായി വിന്ദുധാരാ സിങ്

മുംബൈ: ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിന്ദുധാരാ സിങ്ങിന്റെ വെളിപ്പെടുത്തല്‍.

കോഴവിവാദത്തില്‍ ശ്രീശാന്തിനെ പെടുത്തുകയായിരുന്നുവെന്ന് പറയുന്ന വിന്ദുധാരാ സിങ് ശ്രീ 100 ശതമാനവും നിരപരാധിയാണെന്ന് പറഞ്ഞു. ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും വിന്ദു പറയുന്നു. മുംബൈ പോലീസ് അന്വേഷിച്ച ഒത്തുകളിവിവാദത്തിലെ കേന്ദ്രബിന്ദുവായാണ് വിന്ദു കരുതപ്പെടുന്നത്.

സീ.ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യങ്ങള്‍ പറയുന്നത്. ഒത്തുകളി വിവാദം യഥാര്‍ഥത്തില്‍ ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള വടംവലിയുടെ ഭാഗമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ വടംവലി ലളിത് മോഡിയും ശ്രീനിവാസനും തമ്മിലാണ്. ഇതില്‍ മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്നത് പവാറാണ്-വിന്ദു പറയുന്നു.

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വന്‍ നഷ്ടമുണ്ടായി. എന്നാല്‍ ഐ.പി.എല്‍ തന്നെ ഒത്തുകളിയാണെന്ന് മെയ്യപ്പന്‍ മനസ്സിലാക്കി. 100 ശതമാനവും ഒത്തുകളിയാണിത്. ഐ.പി.എല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുക്കുന്നതും മദ്യരാജാവ് വിജയ് മല്യ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മല്യക്ക് മാത്രമാണ് ഇത് ഒത്തുകളിയാണെന്ന് അറിവുള്ളത്. 100 മുതല്‍ 200 കോടിവരെ വാതുവെയ്പിലൂടെ മല്യ സ്വന്തമാക്കി.

പന്തയം വക്കുന്നവരില്‍ ചലച്ചിത്രലോകത്തെ പല താരങ്ങളുമുണ്ട്. എന്നാല്‍ അവരാരും ഒത്തുകളിയില്‍ പങ്കാളിയല്ലെന്നാണ് വിന്ദുപറയുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയെ അപേക്ഷിച്ച് വലിയ തുകയാണ് കളിക്കാര്‍ക്ക് ഒത്തുകളിക്കുന്നതിലൂടെ കിട്ടുന്നത്. ഒത്തുകളിയില്‍ നിയന്ത്രിക്കുന്നവര്‍ക്ക് അനായാസം കളിക്കാര്‍ക്ക് 15 കോടി വരെ കൊടുക്കാന്‍ കഴിയും. രാജ്യത്തിന് വേണ്ടി കളിച്ചാല്‍ പോലും ഇത്രയും തുക കിട്ടില്ല. ഒത്തുകളി ട്വന്റി 20 ലീഗില്‍ ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഐ.പി.എല്ലില്‍ ഒത്തുകളിക്കുന്നവര്‍ക്ക് എന്തുകൊണ്ട് രാജ്യാന്തരമത്സരവും ഒത്തുകളിച്ചുകൂടാ-വിന്ദു ചോദിക്കുന്നു.

ഐ.പി.എല്‍ ലളിത് മോഡിയുടെ ബുദ്ധിയില്‍ ഉദിച്ചതാണ്. എന്നാല്‍ ശശി തരൂരിനെതിരെ അനാവശ്യമായി തിരിഞ്ഞതോടെ മോഡിക്ക് കഷ്ടകാലം തുടങ്ങി. തരൂര്‍-ലളിത് മോഡി പോര് എന്‍.സി.പി-കോണ്‍ഗ്രസ് പോരായി മാറി. മോഡിക്ക് എല്ലാം അറിയാമായിരുന്നു. അദ്ദേഹത്തിന് തന്നെ നാല് ടീമുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. പല കാര്യങ്ങളും പറഞ്ഞ് മോഡി ബ്ലാക്‌മെയില്‍ ചെയ്തുതുടങ്ങി. ശരദ് പവാറിനോട് എതിരിട്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പവാര്‍ വിചാരിച്ചാല്‍ മാധ്യമസ്ഥാപനങ്ങള്‍ വരെ അടച്ചിടാന്‍ തക്ക ശേഷിയുണ്ട്-വിന്ദു പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreesanth, Vindu Darasingh, Cricket.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.