Latest News

ഇടതുമുന്നണിയും വലതുമുന്നണിയും കാസര്‍കോടിനെ അവഗണിച്ചു : ജോസഫ് കനകമൊട്ട

രാജപുരം: കാസര്‍കോടിനോടുള്ള ഇരുമുന്നണികളുടെയും അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് മലയോരവികസനസമിതി നേതാവ് ജോസഫ് കനകമൊട്ട. മലയോര മേഖലയുടെ സമഗ്രവികസനത്തിനായുള്ള വിവിധ നിര്‍ദേശങ്ങള്‍ രാജപുരത്ത് നടന്ന ''നാട്ടുകൂട്ടം'' പരിപാടി യില്‍ കെ.സുരേന്ദ്രനു സമര്‍പ്പിച്ചു സംസാരിക്കവെയാണ് കാസര്‍കോടിലെ മലയോര മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇരുമുന്നണികളും പരാജയപ്പെട്ടതിന്റെ രോഷം അദ്ദേഹം പ്രകടിപ്പിച്ചത്. 

എക്‌സ്പ്രസ് ഹൈവേയെ ക്കുറിച്ച് വാതോരാതെ പറഞ്ഞു നടക്കുന്ന രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും മലയോര ഹൈവേ പദ്ധതി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയോര ഹൈവേയ്ക്കായി 100 കോടി രൂപ വകയിരുത്താനാണ് പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതെങ്കിലും കേവലം തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. 

മികച്ച റോഡുകള്‍ മലയോരമേഖലയില്‍ ഉണ്ടാകുകയും ഇപ്പോഴുള്ള റോഡുകള്‍ പരസ്പ്പരം ബന്ധിപ്പിക്കുകയും ചെയ്താല്‍ കാസര്‍കോടിന്റെ മലയോര മേഖലയുടെ വികസനം സാധ്യമാകും. വിനോദ സഞ്ചാരമേഖലയ്ക്കു പുത്തനുണര്‍വ് പകരാന്‍ മലയോര ഹൈവേക്കു സാധിക്കും. അടല്‍ ബിഹാരി വാജ്‌പേയുടെ കാലത്ത് നിലവില്‍ വന്ന സുവര്‍ണ്ണ ചതുഷ്‌കോണ പാതകള്‍ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കാരണമായെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാതയ്ക്കായുള്ള രൂപരേഖ തയ്യാറാണെങ്കിലും പദ്ധതി മലയോര മേഖലയുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. മലയോര മേഖലയില്‍ ആവശ്യത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതിനും പരിഹാരം കാണേണ്ടതുണ്ട്.

എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കാസര്‍കോടിനു ലാഭമൊന്നുമില്ല. കാസര്‍കോടിനു സ്വന്തമായിട്ടൊരു മന്ത്രി ഇല്ലാത്തതിനാലാണ് ഇത്രയും കടുത്ത അവഗണന ജില്ലയ്ക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.കെ.ഗോപാലനടക്കമുള്ള പ്രഗത്ഭരായ പല സി.പി.എം നേതാക്കളും പ്രതിനിധീകരിച്ചിട്ടും കാസര്‍കോടിനു അവഗണനയുടെ ചരിത്രം മാത്രമാണുള്ളതെന്നും മലയോരമേഖലയുടെ പ്രശ്‌ന പരിഹാരത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നും ബിജെപിയുടെ കാസര്‍കോട് മണ്ഡലത്തിന്റെ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ മറുപടി ഭാഷണത്തില്‍ പറഞ്ഞു. 

ജില്ലയ്‌ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി ജനങ്ങള്‍ പ്രതികരിക്കണമെന്നും ബിജെപിയുടെ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ സമര്‍പ്പിച്ചു. ഇത് ക്രോഡീകരിച്ച് നരേന്ദ്രമോദിക്കു സമര്‍പ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.