Latest News

ഗോദയില്‍ 151 സ്വതന്ത്രര്‍; തലവേദനയായി അപരന്മാരും

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഭാഗ്യപരീക്ഷണത്തിന് ഇത്തവണ ഇറങ്ങുന്നത് 151 സ്വതന്ത്രര്‍. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ശനിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച വരെ സമര്‍പ്പിച്ചവരുടെ ഇരട്ടി പേരാണ് ശനിയാഴ്ച മാത്രം പത്രിക സമര്‍പ്പിച്ചത്. ഇതില്‍ തന്നെ വോട്ടിങ് മെഷീനില്‍ ഏറ്റവും കൂടുതല്‍ സ്വതന്ത്രരുള്ളത് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ തന്നെയാണ്- 15 പേര്‍. രണ്ടാമതുള്ളത് കാസര്‍കോട്ടാണ്- 13 പേര്‍. ഏറ്റവും കുറവ് സ്വതന്ത്രര്‍ രംഗത്തുള്ളത് ഇടുക്കി, മാവേലിക്കര, കോട്ടയം മണ്ഡലങ്ങളിലാണ്. നാലുപേര്‍ വീതമാണ് ഇവിടെ സ്വതന്ത്രന്മാരായുള്ളത്.

വോട്ടര്‍മാരെ കുഴക്കാന്‍ അപരസ്ഥാനാര്‍ഥികളുടെ എണ്ണവും എല്ലാ മണ്ഡലങ്ങളിലും താരതമ്യേന ഇത്തവണ കൂടുതലാണ്. കാസര്‍കോട്ട് ഇടതു സ്ഥാനാര്‍ഥി പി. കരുണാകരന് രണ്ട് അപരന്‍മാരുണ്ട്- കരുണാകരന്‍, പി. കരുണാകരന്‍ എന്നിവര്‍. കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരന് അപരന്മാരായി രണ്ടു കെ സുധാകരന്മാരുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി കെ ശ്രീമതിക്ക് ഒരു പി ശ്രീമതിയും അപരയായുണ്ട്. ഇരുമുന്നണികളുടെയും അഭിമാനപോരാട്ടമുള്ള കൊല്ലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് അതേ പേരില്‍ തന്നെ രണ്ട് അപരന്മാരും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം എ ബേബിക്ക് അപരനായി മറ്റൊരു ബേബിയുമുണ്ട്. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിന് ബെനറ്റ് ബാബുവും ഒ രാജഗോപാലിന് ടി രാജഗോപാലും പാരയായുണ്ട്. ആറ്റിങ്ങലില്‍ എ സമ്പത്തിനും പത്തനംതിട്ടയില്‍ ഇടതുസ്വതന്ത്രന്‍ പീലിപ്പോസ് തോമസിനും അതേ പേരില്‍ തന്നെ അപരനുള്ളപ്പോള്‍ ആന്റോ ആന്റണിക്ക് അപരന്മാര്‍ ആരുമില്ല.

ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനും ബി.ജെ.പി. സ്ഥാനാര്‍ഥി സാബു വര്‍ഗീസിനും അപരന്മാരില്ല. മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായ ജോയ്‌സ് ജോര്‍ജിനു ജോയ്‌സ് വിന്‍സെന്റ്, ജോയ്‌സ് ജോര്‍ജ് എന്നീ പേരുകളില്‍ രണ്ട് അപരന്മാരുടെ ഭീഷണിയുണ്ട്. മാവേലിക്കരയില്‍ സി.പി.ഐ. സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രനും അപരനുണ്ട്. പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് അപരനായി വടകര ചോറോട് കുനിയില്‍ മേനോന്‍തൊടിയില്‍ വീരേന്ദ്രകുമാറും പൊന്നാനിയില്‍ ഇടതു സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന്, അബ്ദുര്‍റഹ്മാന്‍ വടക്കതിനകത്ത്, അബ്ദുര്‍റഹ്മാന്‍ വായരകത്ത്, അബ്ദുര്‍റഹ്മാന്‍ വരിക്കൂട്ടില്‍ എന്നിങ്ങനെ മൂന്നുപേരും വെല്ലുവിളിയാണ്.

കോഴിക്കോട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി എം കെ രാഘവന് വി എം രാഘവന്‍, എം രാഘവന്‍, ഇ എം രാഘവന്‍ എന്നിങ്ങനെ മൂന്ന് അപരന്മാരുള്ളപ്പോള്‍ സി.പി.എം. സ്ഥാനാര്‍ഥി എ വിജയരാഘവന് പാരയായി രണ്ടു വിജയരാഘവന്മാരുണ്ട്. വയനാട്ടില്‍ സത്യന്‍ മൊകേരിക്ക് സത്യന്‍ എന്ന പേരില്‍ രണ്ട് അപരന്മാരുണ്ട്. എം ഐ ഷാനവാസിന് അപരനായി മറ്റൊരു ഷാനവാസുമുണ്ട്. വടകരയില്‍ സി.പി.എം. സ്ഥാനാര്‍ഥി ഷംസീറിന് രണ്ടും ആലത്തൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി കെ ബിജുവിന് മൂന്നും അപരന്മാരാണുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.