കാസര്‍കോട്: ചരിത്രമുറങ്ങുന്ന തുളുനാടിന് ആവേശമായി ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് മഞ്ചേശ്വരത്തെ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ നിന്നുമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
രാവിലെ 9 മണിക്ക് പള്ളിയിലെത്തിയ സുരേന്ദ്രന്‍ വികാരി ഫാ.ബലേറിയസ് ലൂയിസിനെ കണ്ടു. അദ്ദേഹം സുരേന്ദ്രന് വിജയാശംസ നേര്‍ന്നു. തുടര്‍ന്ന് വികാരിയുമായി അല്‍പസമയം തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ സംസാരിച്ചു. മഞ്ചേശ്വരത്തെ പ്രധാന വികസന പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിയുമായി സംവദിച്ചു. കൂട്ടത്തില്‍ മഞ്ചേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തെകുറിച്ച് ഫാദര്‍ കെ.സുരേന്ദ്രനോട് പറഞ്ഞു. ജയിച്ചുവന്നാല്‍ ആദ്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഫാ.ബലേറിയസ് ലൂയിസ് ആവശ്യപ്പെട്ടു.
അഞ്ചുമിനുട്ട് നേരത്തെ സംഭാഷണത്തിനുശേഷം അച്ചനോട് യാത്ര പറഞ്ഞിറങ്ങി. പിന്നീട് തുമിനാട് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കുഞ്ചത്തൂരിലെ ഹൊസമന കുടുംബശ്രീയുടെ പച്ചക്കറി തോട്ടത്തിലേക്ക് സുരേന്ദ്രനെത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വമാണ് സുരേന്ദ്രനെ വരവേറ്റത്. വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പിന്നീട് പോയത് കുഞ്ചത്തൂര്‍ മത്സ്യമാര്‍ക്കറ്റിലേക്ക്.
വോര്‍ക്കാടി പഞ്ചായത്തിലെ സുങ്കദകട്ടയിലെ തെരഞ്ഞെടുപ്പ് വേദിയിലേക്കായിരുന്നു ശേഷം യാത്ര. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ച് തടിച്ചുകൂടിയിരുന്നത്. വെടിക്കെട്ടിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരണം. തുളിയാമ വാര്‍ഡില്‍ നിന്നും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുപ്പതോളം കുടുംബങ്ങളെ കെ.സുരേന്ദ്രന്‍ അംഗത്വം നല്‍കി സ്വീകരിച്ചു.
ബിജെപി ജില്ലാ കമ്മറ്റി അംഗം ധൂമപ്പ ഷെട്ടി, നാഗപ്പ തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ സംസാരിച്ചു.
തുടര്‍ന്ന് ഹൊസങ്കടിയിലേക്കാണ് സുരേന്ദ്രന്‍ പോയത്. ആവേശം വിതറിയ ഹൊസങ്കടിയിലെ സ്വീകരണത്തിലും പര്യടനത്തിലും ഹരിഛന്ദ്ര, നവീന്‍രാജ്, സ്‌നേഹലത ദിവാകര്‍, എസ്.ആര്‍.രാജീവന്‍, ജയന്ത പാട്ടാളി, സദാശിവ ചേരാള്‍, മുരളീധരയാദവ്, പ്രവീണ്‍രാജ് എന്നിവര്‍ കെ.സുരേന്ദ്രനെ അനുഗമിച്ചു. തുടര്‍ന്ന് മീയ്യപ്പദവ്, മജീര്‍പള്ള, കുരുഡപദവ്, ചിപ്പാര്‍, ലാല്‍ബാഗ്, ബായാര്‍, മുദിഗദ്ദെ, ബെരിപദവ്, അടുക്കസ്ഥല, അഡ്യനടുക്ക, കാട്ടുകുക്കെ, സീതാംഗോളി, നായ്കാപ്പ്, കുറുന്തൂര്‍, പെര്‍മുദെ, ബി.സി.റോഡ്, കുമ്പനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം ജോഡ്കല്ലില്‍ സമാപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment