Latest News

എല്ലാവരെയും പേരുചൊല്ലി വിളിച്ച് പി കരുണാകരന്റെ പര്യടനം

മഞ്ചേശ്വരം: തെരഞ്ഞെടുപ്പിനെ വെല്ലുന്ന ചൂടാണ് തുളുനാട്ടില്‍. ഗ്രാമീണതയുടെ നിഷ്‌കളങ്കത ആവോളം സമ്മേളിച്ചു നില്‍ക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ എല്ലാവരെയും പേരുചൊല്ലി വിളിച്ച് പി കരുണാകരന്റെ പര്യടനം. 'അല്ല മൊയ്തീനെ നീ ഇവിടത്തന്നെ ഉണ്ടോ?' എന്ന് ചോദിച്ചപ്പോള്‍ പൈവളിഗെയിലെ മൊയ്തീന്‍ക്ക തന്റെ പ്രിയപ്പെട്ട നേതാവിനെ ചേര്‍ത്തുപിടിച്ച് അഭിവാദ്യം ചെയ്തു.

രാവിലെ തന്നെ കട്ടത്തട്ക്കയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ മുഹിമ്മാത്തിലെത്തിയ ജനകീയ നേതാവിന് ഉസ്താദുമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ് നല്‍കി. ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന് എംപി നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞാണ് യാത്രയാക്കിയത്.
മുഖാരിക്കണ്ടം കോടിമൂലയിലെ കണ്‍വന്‍ഷനില്‍ സംസാരിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ സ്‌നേഹവായ്‌പോടെ അടുത്തുകൂടി. ഓരോരുത്തരോടും വോട്ടു ചോദിച്ചു. ഖത്തീബ്‌നഗറില്‍ ഇറങ്ങി വോട്ടഭ്യര്‍ഥിച്ച് നേരേ ധര്‍മത്തട്ക്ക യൂത്ത് ക്ലബ് ആന്‍ഡ് ലൈബ്രറിയിലേക്ക്. 

പൈവളിഗെയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മത്സരിച്ച് കടക്കാരും നാട്ടുകാരും. പാന്‍ കടക്കാരനോട് പരിചയപ്പെട്ടു 'കരുണാകരന്‍ എംപി'. ഉടനെവന്നു മറുപടി 'ജിതേന്ദ്ര യുപി'. പിന്നീട് രാജഭരണത്തിന്റെ ഓര്‍മകള്‍ ബാക്കിവയ്ക്കുന്ന റംഗത്രയ് ബല്ലാളിന്റെ വീട്ടില്‍. ചെറുഗോളി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ കളിക്കാരെ പരിചയപ്പെടാനെത്തിയ പഴയ കായികതാരത്തെ ഹര്‍ഷാരവത്തോടെയാണ് ഗ്രൗണ്ടിലേക്കാനയിച്ചത്. കളിക്കാര്‍ക്ക് ആവേശം പകര്‍ന്ന് മടക്കം.
തിരക്കുകള്‍ക്കിടയിലും ഈയിടെ നിര്യാതനായ പ്രിയ സഖാവ് അട്ടഗോളിയിലെ വാമനയുടെ വീട് സന്ദര്‍ശിച്ചു. ഓര്‍മകള്‍ തിരതള്ളിയ നിമിഷങ്ങളില്‍ കുടുംബാംഗങ്ങള്‍. ജനകീയ രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ പി കരുണാകരന്റെ സ്വകാര്യ പര്യടനം അവസാനിച്ചപ്പോള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.