Latest News

കുരുന്ന്‌ ഇര്‍ഫാന്റെ 'പുത്തന്‍വീട്ടില്‍' നന്മയുടെ നറുംപാല്‍ നിറഞ്ഞുതൂവി

തിരുവനന്തപുരം: ആഴങ്ങളില്‍നിന്നു ജീവന്റെ തുടിപ്പു മാത്രം അവശേഷിപ്പിച്ചു പാര്‍വതിപുത്തനാര്‍ മടക്കിനല്‍കിയ കുരുന്നിന്‌ ഇനി പുത്തന്‍വീട്ടില്‍ അന്തിയുറങ്ങാം. സന്മനസുള്ളവരുടെ കൂട്ടായ്‌മ സമ്മാനിച്ച സ്വപ്‌നസൗധത്തില്‍ ഞായറാഴ്ച നന്മയുടെ നറുംപാല്‍ നിറഞ്ഞുതൂവി.

ഈ വീടിന്റെ അകത്തളങ്ങളില്‍ ഇനി ഏകമകന്‍ ഇര്‍ഫാന്റെ കളിചിരികള്‍ ഉയരണം. അതിനായുള്ള കാത്തിരിപ്പിലാണു മാതാപിതാക്കളായ ഷാജഹാനും സജിനയും അവരെ സ്‌നേഹിക്കുന്ന സുമനസുകളും.
നാടിനെ നൊമ്പരക്കയത്തിലാഴ്‌ത്തിയ 2011 ഫെബ്രുവരി 17-ലെ കരിക്കകം ദുരന്തത്തില്‍, നഴ്‌സറി വിദ്യാര്‍ഥിയായിരുന്ന ഇര്‍ഫാന്റെ ആറു കൂട്ടുകാരും ആയയുമാണ്‌ പാര്‍വതിപുത്തനാറിന്റെ ആഴങ്ങളില്‍ പൊലിഞ്ഞത്‌. ഇവര്‍ സഞ്ചരിച്ച സ്‌കൂള്‍വാന്‍ തോട്ടിലേക്കു മറിയുകയായിരുന്നു. നാലാംവയസില്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ഇര്‍ഫാന്‍ അന്നുമുതല്‍ ജീവിതവുമായി മല്ലിട്ട്‌, ഒന്നുമറിയാതെ ഒരേ കിടപ്പാണ്‌.
വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായപ്പോഴും മകന്‍ മുമ്പൊരിക്കല്‍ കൊഞ്ചിപ്പറഞ്ഞ വാക്കുകളാണു ഷാജഹാന്റെയും സജിനയുടെയും മനസില്‍ മുഴങ്ങുന്നത്‌.
ഞാന്‍ വലുതാകുമ്പോള്‍ വാപ്പയ്‌ക്കും ഉമ്മയ്‌ക്കും വീടു പണിതുതരും. തലചായ്‌ക്കാനായി വാടകവീടുകള്‍ തേടി അലഞ്ഞ നാളുകളിലായിരുന്നു അത്‌. കരിക്കകം ഹൈസ്‌കൂളിനു സമീപം 1000 ചതുരശ്രയടിയില്‍ മൂന്നു മുറിയും അടുക്കളയും ഹാളുമടങ്ങിയ പുതിയ വീടിന്‌ ഞായറാഴ്ച രാവിലെ പതിനൊന്നരയ്‌ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ പാലുകാച്ചല്‍ നിര്‍വഹിച്ചു. 

14 ലക്ഷം രൂപയാണ്‌ ഇര്‍ഫാന്റെ വീടിനു ചെലവായത്‌. താഴത്തെ നിലയില്‍ അവന്റെ ചികിത്സയ്‌ക്കുതകും വിധം പ്രത്യേകമുറി സജീകരിച്ചിട്ടുണ്ട്‌. വിവിധ വര്‍ണങ്ങളില്‍ അലങ്കരിക്കപ്പെട്ട മുറി ഇര്‍ഫാന്റെ മനസിനു പോസിറ്റീവ്‌ എനര്‍ജി ലഭിക്കുന്ന രീതിയിലാണ്‌. മറിയാമ്മ ഉമ്മനൊപ്പം ഇര്‍ഫാന്റെ ബന്ധുമിത്രാദികളും നാട്ടുകാരും ചേര്‍ന്നാണു വീടു നിര്‍മിച്ചുനല്‍കിയത്‌. മലബാര്‍ ഗോള്‍ഡ്‌ അഞ്ചുലക്ഷം രൂപ നല്‍കി.

ശശി തരൂര്‍ എം.പി, എം.എ. വാഹിദ്‌ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, മലബാര്‍ ഗോള്‍ഡ്‌ തിരുവനന്തപുരം ജനറല്‍ മാനേജര്‍ അനസ്‌, വാര്‍ഡ്‌ കൗണ്‍സിലര്‍, അപകടത്തില്‍ മരിച്ച കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.