Latest News

ശ്രീപദ്മനാഭനെ മാത്രം ഭയന്നാണു ഞാന്‍ റിപ്പോര്‍ട്ട് തയാറാക്കിയയതെന്ന്‌ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം

ന്യൂഡല്‍ഹി: രാജവാഴ്ചയുടെ അവസാന സാന്നിധ്യത്തെയും ശ്രീപദ്മനാഭസ്വാമിക്ഷേത്രഭരണത്തില്‍നിന്നു പുറത്താക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചയാളെന്ന നിലയിലായിരിക്കും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം കേരള ചരിത്രത്തില്‍ അറിയപ്പെടുക. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഗോപാല്‍ സുബ്രമണ്യം രാജ്യത്തെ ഏറ്റവും പ്രമുഖനായ നിയമജ്ഞരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

1958ല്‍ ബാംഗഌരിലാണു അദ്ദേഹം ജനിച്ചത്. ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദമെടുത്തു. 1980ലാണു ഔദ്യോഗികമായി സുപ്രീം കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. സുപ്രീം കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ച 1993ല്‍ സുപ്രീം കോടതി സുവോ മോട്ടോ പ്രകാരം സീനിയര്‍ അഭിഭാഷകനായി ഉയര്‍ത്തി. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഈ പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു ഗോപാല്‍ സുബ്രമണ്യം. നിരവധി നിയമ ഗ്രന്ധങ്ങളുടെയും കര്‍ത്താവാണ് അദ്ദേഹം.

അമിക്കസ് ക്യൂറി എന്ന ലാറ്റിന്‍ വാക്കിനര്‍ഥം കോടതിയുടെ സുഹൃത്ത് എന്നാണ്. ഒരു കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ആ കേസില്‍ കക്ഷിയല്ലാത്ത ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ അമിക്കസ് ക്യൂറി ആയി പ്രവര്‍ത്തിക്കാം. നിര്‍ണായകമായ നിരവധി കേസുകളില്‍ സുപ്രീം കോടതിയുടെ അമിക്കസ്‌ക്യൂറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് ഗോപാല്‍ സുബ്രമണ്യം. ഡല്‍ഹി ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഗോപാല്‍ സുബ്രമണ്യം 2009-2011 കാലഘട്ടത്തില്‍ സോളിസിറ്റര്‍ ജനറല്‍ ആയി സേവനമനുഷ്ഠിച്ചു. രാജീവ് ഗാന്ധി വധത്തെതുടര്‍ന്നു സുരക്ഷാ പാളിച്ചകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മീഷനില്‍ അംഗമായിരുന്നു.

കൂടാതെ നിരവധി അന്വേഷണ കമ്മീഷനുകളില്‍ നായക സ്ഥാനം വഹിച്ചിട്ടുണ്ട്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറായിരുന്നു. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി. പിന്നീടു സോളിസിറ്റര്‍ ജനറലുമായി. ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി അജമ്ല്‍ കസബിന്റെ വിചാരണയില്‍ സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറായിരുന്നു.

2011ല്‍ ഇന്ത്യയില്‍ നിന്നു കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതു സംബന്ധിച്ച് ബച്ച്പന്‍ ബചാവോ ആന്തോളന്‍ കേസിലും സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസിലും അമിക്കസ് ക്യൂറി ആയിരുന്നു. ഒബിസി ക്വോട്ടാ നിര്‍ണയത്തിലും പങ്കു വഹിച്ചിച്ചിട്ടുണ്ട് ഇദ്ദേഹം. പ്രസിദ്ധമായ നോവാര്‍ട്ടിസ് ഇന്ത്യ മരുന്നു കമ്പനിയുടെ കേസിലും ഗോപാല്‍ സുബ്രമണ്യമായിരുന്നു അമിക്കസ് ക്യൂറി.സ ടെലികോം കേസില്‍ സ്വകാര്യ അഭിഭാഷകനായ രോഹിന്‍ടണ്‍ ഫാലി നരിമാനെ സോളിസിറ്ററായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗോപാല്‍ സുബ്രമണ്യം സോളിസിറ്റര്‍ പദവി രാജിവെച്ചു.

കടുത്ത എതിര്‍പ്പുകളെ മറികടന്നാണു തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തെക്കുറിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം റിപ്പോര്‍ട്ട് തയാറിക്കിയത്. ബുധനാഴ്ച സുപ്രീം കോടതി റിപ്പോര്‍ട്ട് പരിഗണനക്കെടുത്തപ്പോള്‍ രാജകുടുംബത്തെയോ സര്‍ക്കാരിനെയോ ഭയന്നല്ല മറിച്ചു ശ്രീ പദ്മനാഭനെ മാത്രം ഭയന്നാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തില്‍ നേരിട്ടു തെളിവെടുപ്പു നടത്തി 35 ദിവസം കൊണ്ടാണ് അമിക്കസ് ക്യൂറി 575 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. ഗോപാല്‍ സുബ്രമണ്യത്തിന്റെ റിപ്പോര്‍ട്ടിനെ അതേപടി ശരിവെച്ചു കൊണ്ടാണ് സുപ്രീം കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകളെല്ലാം അതീവ ഗൗരവമുള്ളതാണെന്നു ബുധനാഴ്ച റിപ്പോര്‍ട്ട് പരിശോധിക്കവേ കോടതി നിരീക്ഷിച്ചിരുന്നു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ 247 മുതല്‍ 252 വരെയുള്ള പേജുകളിലാണു ക്ഷേത്രത്തില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നതു സംബന്ധിച്ചുള്ള പരാമാര്‍ശമുണ്ടാ യിരുന്നത്. സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ രാജകൊട്ടാരത്തിനകത്തേക്കും വിരല്‍ ചൂണ്ടിയിരുന്നു. ക്ഷേത്രം മാഫിയകളുടെ കൈകളിലാണെന്നും തന്റെ റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രമണ്യം ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സാന്നിധ്യം ക്ഷേത്രത്തില്‍ സാധാരണാമാണെന്നും എന്നാല്‍ ക്ഷേത്രത്തിനകത്തു സ്വര്‍ണം പൂശുന്ന യന്ത്രം കണ്ടെത്തിയത് ആശ്ചര്യമുളവാക്കുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ക്ഷേത്ര ഭരണത്തിനു പുതിയ ജുഡീഷ്യല്‍ പാനല്‍ അടങ്ങുന്ന സമിതി, ഓഡിറ്റിംഗിനു മുന്‍ സി.എജി വിനോദ് റായ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പുതിയ നിമയനം എന്നിവയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശങ്ങളായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Padmnbha swami Temple, Gopal Subrahmanyam.


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.