Latest News

അഫ്ഗാന്‍ തിരഞ്ഞെടുപ്പില്‍ ചോര വീഴ്ത്തി വനിതാ ഫോട്ടോഗ്രാഫറുടെ മരണം

കാബൂള്‍: ശനിയാഴ്ച രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ (എ.പി.) വനിതാ ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു.

ജര്‍മന്‍കാരിയായ ആനിയ നീഡ്രിങ്ഹൗസ് (48) ആണ് കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍. കൂടെയുണ്ടായിരുന്ന അസോസിയേറ്റഡ് പ്രസ്സിന്റെ പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ മേഖലയിലെ പ്രത്യേക ലേഖിക കാത്തി ഗാനണന് വെടിയേറ്റു ഗുരുതരമായി പരിക്കേറ്റു. കാനഡക്കാരിയായ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിയിലെ മികവിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ പുലിസ്റ്റര്‍ സമ്മാനം നേടിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് ആനിയ നീഡ്രിങ്ഹൗസ്.

വെടിവെച്ച പോലീസ് കമാന്‍ഡര്‍ നഖീബുള്ളയെ അറസ്റ്റ് ചെയ്തു. ഖോസ്റ്റ് പ്രവിശ്യയിലെ ട്രാനെ നഗരത്തിലാണ് സംഭവം. താലിബാന്റെ ശക്തികേന്ദ്രമായി പാകിസ്താനിലെ വസീരിസ്താന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണിത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്ന സംഘത്തിന് പിന്നാലെ മറ്റൊരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റത്.

മുന്‍പിലുള്ള വാഹനം നീങ്ങാന്‍ കാത്തുനില്ക്കവേ പോലീസ് ഉദ്യോഗസ്ഥന്‍ നടന്നുവന്ന് ഇവര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ചശേഷം ഇയാള്‍ പോലീസിന് മുന്‍പാകെ കീഴടങ്ങി. തെറ്റിദ്ധാരണമൂലമാകാം പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു.

ജന്മനാടായ ജര്‍മ്മനിയിലെ ഹൊയിസ്റ്ററില്‍ 16 ാമത്തെ വയസ്സില്‍ പ്രാദേശിക പത്രത്തിന് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിട്ടാണ് ആനിയ കരിയര്‍ തുടങ്ങുന്നത്. എ.പിയില്‍ ചേരുന്നതിന് മുമ്പ് യൂറോപ്യന്‍ പ്രസ് ഫോട്ടോ ഏജന്‍സിയിലും ആനിയ പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര മീഡിയ ഫൗണ്ടേഷന്റെ ധീരമായ പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2002 ലാണ് അവര്‍ എ.പിയില്‍ ചേരുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നീമാന്‍ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനില്‍ ഒരുമാസത്തിനിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം മൂന്നായി. മാര്‍ച്ച് 21ന് വിദേശികള്‍ താമസിച്ചിരുന്ന ഹോട്ടലുകള്‍ക്ക് നേരേ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യുടെ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 11ന് അജ്ഞാതരുടെ വെടിയേറ്റ് സ്വീഡനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനും ജീവന്‍ നഷ്ടമായി.

2001 മുതല്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന ഹമീദ് കര്‍സായിയുടെ പിന്‍ഗാമിയെ കണ്ടെത്താനാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചതോടെ കര്‍ശനസുരക്ഷ രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Afakhan, President Election, Murder.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.