Latest News

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ദിവ്യയെയും സുലൈഖയെയും സി പി എം നോട്ടമിടുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണെ അവിശ്വാസ പ്രമേയത്തിലൂടെ താഴെയിറക്കിയാല്‍ പകരം ആരെ ആ പദവിയില്‍ എത്തിക്കുമെന്നുള്ള ഉള്ളറ ചര്‍ച്ചകള്‍ ആരംഭിച്ചു. സിപിഎമ്മിന്റെ പതിനാറ് കൗണ്‍സിലര്‍മാരും നാഷണല്‍ ലീഗിന്റെ ഒരു പ്രതിനിധിയും ചേര്‍ന്നാല്‍ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാന്‍ കഴിയും.

ഇക്കാര്യത്തില്‍ ബിജെപിയുടെ പിന്തുണ ആവശ്യമായി വരില്ല. ബിജെപി നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാകുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്. പുതിയ ചെയര്‍പേഴ്‌സനെ കണ്ടെത്തണമെങ്കില്‍ സി പി എമ്മിന് ബി ജെപിയുടെ സഹായം തേടേണ്ടി വരും. അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നത്തിലോ സി പി എം സ്വതന്ത്ര വേഷത്തിലോ മത്സരിച്ച് ജയിച്ചവരെ ബി ജെ പി പിന്തുണക്കാന്‍ സാധ്യതയില്ല. സി പി എം ആകട്ടെ ബി ജെ പിയെയും പിന്തുണക്കില്ല.

ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തുള്ള ആരെയെങ്കിലും അടര്‍ത്തിയെടുത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ് സി പി എം. നാഷണല്‍ ലീഗിലെ എ നജ്മ അടക്കം സി പി എം പക്ഷത്ത് 17 കൗണ്‍സിലര്‍മാരുണ്ട്. ബി ജെ പിക്ക് അഞ്ചുപേരും. കെ ദിവ്യയാണ് സോഷ്യലിസ്റ്റ് ജനതയുടെ ഏക പ്രതിനിധി. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ നിഷ്പക്ഷ നിലപാടാണ് നിലവില്‍ സ്വീകരിച്ച് വരുന്നത്. മുസ്‌ലിം ലീഗിന് പത്തും കോണ്‍ഗ്രസിന് എട്ടും കൗണ്‍സിലര്‍മാരുണ്ട്.

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സി പി എം യു ഡി എഫ് സ്വതന്ത്ര എല്‍ സുലൈഖയേയും സോഷ്യലിസ്റ്റ് ജനത പ്രതിനിധി കെ ദിവ്യയെയും നോട്ടമിട്ടിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി ശ്യാമള, മുന്‍ ചെയര്‍പേഴ്‌സണ്‍ ടി വി ശൈലജ, എന്നിവരില്‍ ആരെയെങ്കിലും ഒരാളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചകളും സജീവമാണ്.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.