Latest News

വീരപ്പന്റെ പിന്‍ഗാമി ജൂനിയര്‍ വീരപ്പന്‍ അറസ്റ്റില്‍

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ പിന്‍ഗാമിയെന്നു സ്വയം പ്രഖ്യാപിച്ച് തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി വനമേഖലയെ വിറപ്പിച്ചു നടന്ന ജൂനിയര്‍ വീരപ്പന്‍ എന്ന ശരവണന്‍ ഗൗണ്ടര്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായി.

ജന്മഗ്രാമമായ ഊജകൊറൈയില്‍ ഇയാള്‍ എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് കൊളത്തൂര്‍ എസ്‌ഐ എന്‍. മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് പിടികൂടിയത്.

നൂറുകണക്കിന് മാനുകളെയും കാട്ടുപോത്തുകളെയും നിരവധി ആനകളെയും ഇയാള്‍ വകവരുത്തിയിട്ടുണ്ട്. പ്രതിയെ സേലം കോടതി അടുത്തമാസം രണ്ടുവരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി കര്‍ണാടക വനംവകുപ്പുദ്യോഗസ്ഥര്‍ മേട്ടൂര്‍ സബ് കളക്ടറുടെ ഓഫീസിലെത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ പോലീസ് തയാറായില്ല. വാറണ്ടോ മറ്റു രേഖകളോ ഇല്ലാതെ വിട്ടുകൊടുക്കില്ലെന്ന നിലപാടാണു തമിഴ്‌നാട് പോലീസ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നു പ്രതിയെ വിട്ടുകിട്ടുന്നതിനായി കര്‍ണാടക വനംവകുപ്പുദ്യോഗസ്ഥര്‍ സേലം ജൂഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.

കര്‍ണാടക തമിഴ്‌നാട് പോലീസ് ശരവണനുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുപതോളം അനുയായികളുമായി വീരപ്പന്റെ പാത പിന്തുടര്‍ന്ന് ശരവണന്‍ കാട് അടക്കിവാഴുകയായിരുന്നു ഇതുവരെ.

2010 മാര്‍ച്ചില്‍ സേലത്തിനടുത്ത് താര്‍ക്കാഡു വനത്തില്‍നിന്നു കാട്ടുകൊമ്പന്മാരെ വകവരുത്തി 16.45 കിലോഗ്രാം വരുന്ന ആറു കൊമ്പുകള്‍ കവര്‍ന്നതായി ശരവണനെതിരെ കേസുണ്ട്. അഞ്ചു കാട്ടാനകളെ കൊന്നു കൊമ്പു കവര്‍ന്നതുള്‍പ്പെടെ കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കുറ്റവാളിയാണ്.

1970കളില്‍ വീരപ്പന്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ ഊജകൊറൈ ഗ്രാമത്തിലെ ഗോവിന്ദപാടി ചേരിയില്‍നിന്നുമാണു ശരവണന്‍ ഗൗണ്ടറും വരുന്നത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Junior Veerappan, Arrested.











No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.