Latest News

അബ്ദുള്‍ കരിം വധം: മൃതദേഹം കരിമിന്റെ തന്നെയാണോയെന്നു സംശയമുണ്ടെന്നു ബന്ധുക്കള്‍

 
കോഴിക്കോട്: മക്കള്‍ കൊലപ്പെടുത്തിയ കുവൈറ്റിലെ ഹോട്ടല്‍ വ്യാപാരി താമരശേരി കോരങ്ങാട്ട് ഏരഞ്ഞോണ വീട്ടില്‍ അബ്ദുല്‍ കരിമിന്റെ (48) മൃതദേഹ അവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. 

തലയോട്ടിയും കൈകളും നഷ്ടമായ മൃതദേഹം കരിമിന്റേതു തന്നെയാണോയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നു കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐ പി. ആര്‍. സതീശ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും ഇവര്‍ക്കൊപ്പം തെരച്ചിലിനു പോയ കരിമിന്റെ സഹോദരന്‍മാര്‍ ഉള്‍പ്പടെയുള്ള സംഘവും കോഴിക്കോട്ട് തിരിച്ചെത്തി. തുടര്‍ന്നാണു ശരീര അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.

എന്നാല്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ അബ്ദുല്‍ കരിമിന്റേതു തന്നെയാണെന്നു തങ്ങള്‍ക്ക് ഉറപ്പിക്കാനായിട്ടില്ലെന്നാണു സഹോദരന്‍ മുഹമ്മദ് പറഞ്ഞത്. കഴുത്തില്‍ കുരുക്കിട്ടു മുറുക്കിയ പ്ലാസ്റ്റിക് കയര്‍ പ്രതികള്‍ തിരിച്ചറിഞ്ഞതോടെയാണ് അവശിഷ്ടം അബ്ദുല്‍ കരിമിന്റേതാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയിട്ടുള്ളത്. 

ചാമരാജ് നഗര്‍ ജില്ലയിലെ ഹൊമ്മഗാലറി കനാലില്‍നിന്നാണു കഴുത്തിനു താഴോട്ടുള്ള ശരീരഭാഗവും മൃതദേഹം വരിഞ്ഞുകെട്ടിയ പ്ലാസ്റ്റിക് കയറും ഉള്‍പ്പെടെയുള്ളവ വ്യാഴാഴ്ച കണ്ടെത്തിയത്. ജഡം തള്ളിയ സ്ഥലത്തുനിന്നു 67 കിലോമീറ്റര്‍ അകലെയായാണു മീന്‍പിടിക്കാനുപയോഗിക്കുന്ന വലയില്‍ കുരുങ്ങി തല അഴുകി അടര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അബ്ദുള്‍ കരിമിന്റേതു തന്നെയാണെന്നു പ്രതികളായ മക്കള്‍ മിദ്‌ലാജ്, ഫിര്‍ദൗസ് എന്നിവര്‍ തിരിച്ചറിഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഞ്ചു ദിവസമായി നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. 

കരിമിനു ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയുമായുള്ള അടുപ്പവും സ്വത്തും പണവും കൈകാര്യം ചെയ്യാന്‍ സമ്മതിക്കാത്ത പിതാവിനോടുള്ള വിദ്വേഷവും കാരണമാണു മക്കള്‍ ഇരുവരും ചേര്‍ന്നു കൊലപാതകം നടത്തിയതെന്നാണു പോലീസ് പറയുന്നത്. കൊല നടത്തിയ ശേഷം മാതാവിന്റെ മൂത്ത സഹോദരിയുടെ മകന്‍ ഫായിസിനെ വിളിച്ചു വരുത്തി മൃതദേഹം ചാക്കില്‍ കെട്ടി സ്‌കോര്‍പ്പിയോ കാറിന്റെ ഡിക്കിയിലിട്ട് ആദ്യം കൊയിലാണ്ടി റൂട്ടില്‍ കണയങ്കോട് പുഴയില്‍ തള്ളാനായി കൊണ്ടുപോയിരുന്നു. ഇവിടെ മത്സ്യത്തൊഴിലാളികളും മണല്‍ തൊഴിലാളികളും ഉള്ളതിനാല്‍ കാര്യം നടന്നില്ല.

മുത്തങ്ങ വനത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു മിദ്‌ലാജ് ആദ്യം നല്‍കിയ മൊഴി. പിന്നീടു മൈസൂരിനടുത്തുള്ള നഞ്ചന്‍ഗോഡ് കനാലില്‍ തള്ളിയെന്നു മാറ്റി പറഞ്ഞു. ഇതനുസരിച്ച് ഇവിടങ്ങളിലെല്ലാം പോലീസ് പ്രതികളുമായി തെളിവെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് അബ്ദുല്‍ കരിമിനെ കാണാതാകുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.