കോഴിക്കോട്: ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയുണര്‍ത്താന്‍ ലക്ഷ്യമിട്ട് എസ് എസ് എഫ് നഗരത്തില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറന്ന നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിനുമേല്‍ മേധാശക്തിയോടെ ഇസ്‌റാഈല്‍ കടന്ന്കയറുമ്പോഴും യു എന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശിയ സംഘടനകളും ലോകരാഷ്ട്രങ്ങളും പുലര്‍ത്തുന്ന നിസ്സംഗമായ സമീപനം വേട്ടക്കാര്‍ക്ക് വീര്യം പകരുന്നതാണ്. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തിയുള്ള ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ ആഗോളാടിസ്ഥാനത്തില്‍ അഭിപ്രായം രൂപപ്പെടേണ്ടതുണ്ട്.
ഏത് അവസ്ഥയിലും ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ധീരത കാട്ടിയ ഇന്ത്യ ഇപ്പോള്‍ ഇസ്‌റാഈലിന് വേണ്ടി മൗനം ദീക്ഷിക്കുന്നതിലൂടെ സ്വന്തം പൈതൃകത്തെത്തന്നെ തള്ളിപ്പറയുകയാണ്. ഇക്കാര്യത്തില്‍ നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് കോംപ്ലസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.
ഇസ്‌റാഈലിന്റെ നരമേധത്തില്‍ അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാടില്ലായ്മക്കെതിരെ റാലിയില്‍ പ്രതിഷേധമുയര്‍ന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, എ എ റഹീം, ഹാഫിസ് ഉസ്മാന്‍ വിളയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. റാലിക്ക് മുന്‍നിരയായി സുന്നി ബാലസംഘം പ്രവര്‍ത്തകര്‍ പൊരുതുന്ന ഫലസ്ഥീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി അണിനിരന്നത് ശ്രദ്ധേയമായി.
Keywords: ssf, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment