Latest News

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍) അന്തരിച്ചു

കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍) അന്തരിച്ചു.

രാവിലെ 10 മണിയോടെ സ്വദേശമായ കടലുണ്ടിയില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയ ശേഷം തന്റെ കര്‍മ ഭൂമിയായ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസിലേക്ക് കൊണ്ട് വരും. വൈകിട്ട് 5 മണിക്ക് സഹോദരനും എസ്.എം.എ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കാരം നിര്‍വവഹിച്ച ശേഷം മള്ഹര്‍ പരിസരത്ത് ഖബറടക്കും.
1961 സപ്തംബര്‍ 21- മുഹറം 24 ന് കടലുണ്ടിയിലെ തറവാട് വീട്ടിലായിരുന്നു ജനനം. പിതാവ് അഹ്മദുല്‍ ബുഖാരി. മാതാവ്: തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങളുടെ മൂത്തമകള്‍ ഫാത്വിമ ഇമ്പിച്ചി ബീവി.
കരുവന്‍തുരുത്തി മദ്രസയില്‍ മൂന്നര വയസു മുതല്‍ പിതാവില്‍ നിന്ന് പഠിപ്പിച്ചുതുടങ്ങി. പിതാവ് വീട്ടില്‍ അധ്യാപകനെ വെച്ച് ഇംഗ്ലീഷ്, കണക്ക്, മലയാളം, മറ്റു വിഷയങ്ങള്‍ എല്ലാം ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ചു.
അല്‍ഫിയയുടെ 200 ബൈത്തും ഫത്ഹുല്‍ മുഈന്‍ സ്വലാത്തുല്‍ ജമാഅത്ത് വരെയും പിതാവില്‍ നിന്നാണ് ഓതിയത്. സൂഫിയായ പണ്ഡിതശ്രേഷ്ഠന്‍ ബീരാന്‍ കോയ മുസ്‌ലിയാരുടെ കോടമ്പുഴയിലെ ദര്‍സില്‍ പിന്നീട് ചേര്‍ന്നു. പതിനൊന്നാം വയസില്‍ തുടങ്ങിയ കോടാമ്പുഴയിലെ ദര്‍സ് ജീവിതം എട്ടുവര്‍ഷത്തിലേറെ നീണ്ടുനിന്നു. വളരെയേറെ സൂക്ഷ്മ ജീവിതം നയിച്ച ബീരാന്‍ കോയയുടെ ശിക്ഷണം തങ്ങളെ ആത്മീയമായി ഉയര്‍ത്തി. 1981 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചെന്നു.
ബിരുദം നേടി പുറത്തിറങ്ങിയ തങ്ങള്‍ പടിക്കോട്ടും പടി, ആക്കോട് എന്നിവിടങ്ങളില്‍ രണ്ട് വര്‍ഷദര്‍സ് നടത്തി. അതിനിടയിലാണ് താജുല്‍ ഉലമ ഖാസിയായ പൊസോട്ട് ദര്‍സിലേക്ക് വരാന്‍ വേണ്ടി വിളിക്കുന്നത്. നീണ്ട പന്ത്രണ്ടുവര്‍ഷം പൊസോട്ട് സേവനം ചെയ്തു. അത് വഴി ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടി.
ദര്‍സ് നല്ല വിധം മുന്നോട്ടുപോയെങ്കിലും സന്ദര്‍ശകരുടെ ബാഹുല്യം നിമിത്തം മഹല്ലിലെ സേവനം അവസാനിപ്പിക്കുകയും ഹൊസങ്കടി ബുഖാരി കോമ്പൊണ്ട് കേന്ദ്രീകരിച്ച് 1997 ല്‍ മള്ഹര്‍ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
25 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും നിസ്‌കരിക്കാനും സൗകര്യമാകുന്ന 1500 സ്‌ക്വര്‍ഫീറ്റ് വിസ്താരമുള്ള ഒരു പള്ളി ദര്‍സില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് പന്ത്രണ്ടിലേറെ സ്ഥാപനങ്ങളിലായി ആയിരത്തിലേറെ പേര്‍ പഠിക്കുന്നു.
പൊസോട്ട് ദര്‍സിലായിരുന്നപ്പോള്‍ അവിടെ യുവാക്കളെ സംഘടിതരാക്കി സംഘടനാ രംഗത്തേക്ക് കടന്നു വന്ന തങ്ങള്‍ പിന്നീട് എസ്.വൈ.എസില്‍ സജീവമാകാന്‍ തുടങ്ങി. 2001ല്‍ എസ്.വൈ.എസിന്റെ ജില്ലാ പ്രസിഡന്റായി. ഒമ്പതു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 2010ല്‍ സംസ്ഥാന സമിതിയില്‍ ഉപാധ്യക്ഷനായും പിന്നീട് സംസ്ഥാന ട്രഷറായും തുടര്‍ന്നു.
സമസ്തയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വര്‍ഷങ്ങളായി വഹിക്കുന്ന തങ്ങള്‍ ഇപ്പോള്‍ കേന്ദ്ര മുശാവറാംഗം കൂടിയാണ്.
ജില്ലയില്‍ നിലവില്‍ ഖാസിയില്ലാത്ത നാല്‍പതോളം മഹല്ലുകള്‍ ബൈഅത്തിനായി മുന്നോട്ടുവന്നപ്പോള്‍ ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിസ്ഥാനം ഏറ്റെടുത്തു. പിന്നീട് ജില്ലാ സുന്നി സംയുക്ത ജമാഅത്ത് ഖാസിയായി.
ആത്മീയ ചികിത്സ രംഗത്തും ശക്തമായ സാന്നിദ്ധ്യമായിരുന്ന തങ്ങള്‍ നിരവധി ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി. മള്ഹറില്‍ നട്ക്കുന്ന മാസാന്ത സ്വലാത്ത് മദജ്‌ലിസ് ഏറെ പ്രസിദ്ധമാണ്. അവസാനമായി കഴിഞ്ഞ റമളാന്‍ 21ന് അവസാനമായി മള്ഹറില്‍ ആാത്മീയ സദസ്സിന് നേതൃത്വം നല്‍കിയ ശേഷം അസുഖ ബാധിതനായതിനാല്‍ കോഴിക്കോട് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
മഅ്ദിനിന്റെ സാരഥിയെന്ന നിലയില്‍ പ്രസിദ്ധനായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി. സയ്യിദ മൈമൂന ബീവി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ബുഖാരി, സയ്യിദ റൈഹാനത്ത്, സയ്യിദ ഉമ്മു ഹബീബ, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി എന്നിവര്‍ സഹോദരങ്ങള്‍.
താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ മകളുടെ മകനായ ചെറുകുഞ്ഞിക്കോയ തങ്ങളുടെ രണ്ടാമത്തെ മകള്‍ ഉമ്മുല്‍ ഹനിയ്യയാണ് ഭാര്യ.
നാല് മക്കള്‍. മൂത്ത മകന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ തങ്ങള്‍ ലത്വീഫി വെല്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ മള്ഹറില്‍ ഭരണകാര്യങ്ങളില്‍ സഹായി. മറ്റ് മൂന്നും പെണ്‍കുട്ടികളാണ്. മടക്കര സുഹൈല്‍ അസ്സഖാഫ് സഖാഫിയുടെ ഭാര്യ സയ്യിദ റഫീദ ബീവി, പൊറ്റക്കാട് സയ്യിദ് ഫസ്‌ല് സഅദി ജിഫ്രിയുടെ ഭാര്യ സയ്യിദ നഫീഖ ബീവി, മള്ഹറിലെ പ്രധാന മുദരിസ് കൂടിയായ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഭാര്യ സയ്യിദശമീമ ബീവി.

മക്കയിലെ മിനയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശേചിച്ചു. കാന്തപുരം രാത്രിയോടെ മള്ഹറിലെത്തും. 

മള്ഹര്‍ കേന്ദ്ര കമ്മറ്റി, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, മുഹിത്താത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കല്ലക്കട്ട മജ്മഅ് സാരഥി സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ് ജില്ലാ കമ്മറ്റി, മഞ്ചേശ്വരം, കുമ്പള സോണ്‍ കമ്മറ്റി , ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം കുമ്പള സംയുകത ജമാഅത്തുകള്‍, ജില്ലാ സംയുകത ജമാഅത്ത തുടങ്ങിയവ അനുശോചനമറിയിച്ചു.
UPDATE




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.