Latest News

തീവണ്ടിയിലെ കക്കൂസില്‍ കാല്‍കുടുങ്ങി; യുവാവിനെ റെയില്‍വേ ജീവനക്കാര്‍ രക്ഷിച്ചു

മംഗലാപുരം: അല്പം ലഹരി അകത്താക്കിയപ്പോള്‍ അശോക് വിചാരിച്ചിരുന്നില്ല അത് ഇത്രയും വലിയ പുലിവാലാകുമെന്ന്. തീവണ്ടിയിലെ കക്കൂസിന്റെ കുഴലില്‍ കാല്‍കുടുങ്ങി പത്തുപതിനഞ്ചു മിനിറ്റുനേരമാണ് വേദനതിന്നത്. കുടിച്ചതിന്റെ ലഹരിയും ഇറങ്ങി.

ഉത്തര്‍പ്രദേശുകാരനായ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിക്കാരന്‍ അശോക് കുമാര്‍ വര്‍മയ്ക്കാണ് ജീവിതത്തില്‍ മറക്കാനാവാത്ത അപകടം പിണഞ്ഞത്. രാവിലെ 11.45ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റിയില്‍ പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. അതിനുമുമ്പെ ബാറില്‍ക്കയറി നന്നായി കഴിച്ചു. തീവണ്ടി പുറപ്പെടുന്നതിനുമുമ്പെ മൂത്രമൊഴിക്കാന്‍ കക്കൂസില്‍ പോയി. എങ്ങനെയാണ് ഉളളിലേക്ക് വീണതെന്ന് അശോകിനുപോലും ഓര്‍മയില്ല. 

ക്ലോസറ്റ്കുഴലില്‍ കാല്‍കുടുങ്ങി ബഹളമുണ്ടാക്കിയപ്പോള്‍ മറ്റ് യാത്രക്കാരാണ് സംഭവം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതിനിടയില്‍ യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പൊക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ നല്ലവണ്ണം കുടുങ്ങിപ്പോയതിനാല്‍ പരാജയപ്പെട്ടു.

ഉടന്‍തന്നെ റെയില്‍വേ മെക്കാനിക്കല്‍ ജീവനക്കാരെത്തി തീവണ്ടിയുടെ അടിഭാഗത്തുനിന്ന് ക്ലോസറ്റുമായി ബന്ധിപ്പിക്കുന്ന കുഴല്‍ അഴിച്ചെടുത്തു. പിന്നീട് യുവാവിനെ പൊക്കിയെടുത്തു. പത്തുമിനിറ്റിനുള്ളില്‍ റെയില്‍വേജീവനക്കാര്‍ പണി പൂര്‍ത്തിയാക്കിയതുകൊണ്ട് തീവണ്ടി വൈകിയില്ല. കാര്യമായ പരിക്കൊന്നും ഇല്ലാതിരുന്നതുകൊണ്ട് അശോക്കുമാര്‍ വര്‍മയെ റെയില്‍വേ സുരക്ഷാസേന ചോദ്യംചെയ്ത് വിട്ടയച്ചു. മുംബൈക്ക് പോകാനാണ് വന്നതെന്നുപറഞ്ഞെങ്കിലും ഇയാളുടെ കൈയില്‍ ടിക്കറ്റുണ്ടായിരുന്നില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Manglore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.