Latest News

ജയചന്ദ്രനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും ഒരു വിവരവും കിട്ടിയില്ലെന്നു പോലീസ്

കൊച്ചി: ഒളി കാമറ ഓപ്പറേഷന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ജയചന്ദ്രനെ എറണാകുളം ഡിസിപിയുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് പോലീസ്. ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലിലാണോ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന കാര്യം പോലും പോലീസിന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്പീക്കറുടെ ഓഫീസിന്റെ അനുമതിയോടെ പിന്നെ എന്തിനാണ് എംഎല്‍എ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയതെന്ന കാര്യവും അവര്‍ വിശദീകരിക്കുന്നില്ല. മുന്‍ എംഎല്‍എ ശരചന്ദ്രപ്രസാദ് ഉള്‍പ്പടെ ഉന്നതരിലേയ്ക്ക് അന്വേഷണം നീങ്ങുന്നുവെന്ന വിവരമറിഞ്ഞതോടെ കേസ് അട്ടിമറിക്കാനാണ് നീക്കമെന്നാണ് സംശയം. ഒരു സാധാരണ കേസാക്കി മാറ്റി അന്വേഷണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്ന് സൂചനയുണ്ട്. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെല്ലാം ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ജയചന്ദ്രനും ഉടനെ ജാമ്യം നേടുമെന്നാണ് അറിയുന്നത്.

പോലീസ് റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് ഒരൂ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തിലാണെന്നും വ്യക്തമായി കഴിഞ്ഞെങ്കിലും ഇക്കാര്യവും അറിയില്ലെന്നാണ് പോലീസ് ഭാഷ്യം. തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത ജയചന്ദ്രനെ വ്യാഴാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച് തുടര്‍ച്ചയായി 36 മണിക്കൂറോളം ചോദ്യംചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച  ഉച്ച മുതല്‍ ആറു മണിക്കൂര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ അനാശാസ്യം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പ്രമുഖരെ കുടുക്കിയതു താനാണെന്ന് ജയചന്ദ്രന്‍ മൊഴി നല്‍കിയതായാണറിയുന്നത്. ഇയാളുടെ കംപ്യൂട്ടറില്‍ തട്ടിപ്പു സംബന്ധിച്ച നിരവധി വിവരങ്ങള്‍ ഉള്ളതായി ചോദ്യംചെയ്യലില്‍ പറഞ്ഞെങ്കിലും കംപ്യൂട്ടര്‍ പിടിച്ചെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇയാള്‍ താമസിച്ചിരുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറിയിലുണ്ടായിരുന്ന സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണറിയുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പാലാരിവട്ടത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഇയാളെ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയശേഷം കംപ്യൂട്ടര്‍ പിടിച്ചെടുക്കാനായി തിരുവനന്തപുരത്തെ താമസസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കുമെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ഈ സമയത്തിനുള്ളില്‍ കംപ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ ഇയാളുടെ താമസസ്ഥലത്തു നിന്നും നീക്കം ചെയ്യാന്‍ സാധ്യതയുണ്ട്.

ജയചന്ദ്രനെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ഇയാഴ്ച ആദ്യം നോര്‍ത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ സിഗ്നല്‍ പിന്തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ജയചന്ദ്രന്റെ സുഹൃത്തുക്കളായ സുനില്‍ കൊട്ടാരക്കര, മൂര്‍ത്തി എന്നിവരെ പിടികൂടിയതില്‍ നിന്നാണ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്ന് ഉറപ്പാക്കിയത്. ഹോസ്റ്റലില്‍ പോലീസെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌കോര്‍പിയോ കാറില്‍ രക്ഷപ്പെട്ട പ്രതിയെ പാറാശാലയില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

തന്റെ പേരില്‍ മുറി ഉപയോഗിച്ചിരുന്നത് സുനില്‍ കൊട്ടാരക്കരയാണെന്ന് ശരത്ചന്ദ്രപ്രസാദ് തന്നെ വ്യക്തമാക്കിയിരുന്നു. സുനില്‍ കൊട്ടാരക്കരയ്ക്കും മൂര്‍ത്തിയ്ക്കും കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇരകളെ വശീകരിച്ച് ഹോട്ടലിലേക്കു കൊണ്ടുപോയി അനാശാസ്യരംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും തുടര്‍ന്ന് അതിന്റെ സിഡി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതികളിലൊരാളാണ് ജയചന്ദ്രന്‍ എന്നാണറിയുന്നത്. പ്രവാസി മലയാളിയെ ഒളികാമറ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയുടെ പേരില്‍ ഭീഷണിപ്പെടുത്തി മൂന്നു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആലപ്പുഴ സ്വദേശിനികളായ ബിന്ധ്യ തോമസ് (സൂര്യ 32), റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശേരില്‍ സനിലന്‍ (43), തെക്കന്‍ പറവൂര്‍ നികര്‍ത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവരെ നേരത്തെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു.


Keywords: Case, Kerala News, Police, Arrested, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.