Latest News

ഒളിച്ചോടിയ മകനെ അച്ഛന്റെ കൈയിലേല്‍പ്പിച്ച് മലയാളി ഭടന്‍ മാതൃകയായി

മുംബൈ: ആകാശ് തീരുമാനിച്ചു. ഇനി ഓളിച്ചോടില്ല. സ്‌നേഹത്തിന്റെ തണലില്‍ എല്ലാ വെറുപ്പും മാറ്റി വെച്ച് അവന്‍ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ പ്രവീണ്‍ കൃതാര്‍ഥനായി. പ്രായത്തിന്റെ ചാപല്യത്തില്‍ ഒളിച്ചോടിയ ഒരു ബാലനെ അവന്റെ രക്ഷിതാക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചല്ലോ എന്ന സന്തോഷത്തിലാണ് ഈ വടകരക്കാരന്‍.

ഭട്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളാണ് മേമുണ്ട കുരുന്നം മനയ്ക്കല്‍ പ്രവീണ്‍. ജൂണ്‍ 24ന് കാലത്ത് 10 മണിയോടെ പ്രവീണിന്റെ മൊബൈലിലേക്ക് ഒരു വിളി വരുകയാണ്. എറണാകുളത്തു നിന്നും പുണെയിലേക്ക് വരുന്ന പൂര്‍ണ എക്‌സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ മറ്റാരും കൂടെയില്ലാതെ സഞ്ചിരിക്കുന്നു എന്നറിയിച്ചു കൊണ്ട്. വണ്ടി ഭട്കലില്‍ എത്തിയപ്പോള്‍ പ്രവീണ്‍ കുട്ടിയെ കണ്ടു പിടിച്ചു കാര്യങ്ങള്‍ തിരക്കി. താന്‍ മുംബൈയിലേക്ക് പോകുകയാണെന്നും അവിടെ നിന്നും പശ്ചിമ ബംഗാളിലുള്ള ബന്ധുക്കളുടെ അടുക്കലേക്കു പോകാനാണ് പരിപാടിയെന്നായിരുന്നു കുന്താപുരയിലെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ആകാശിന്റെ മറുപടി. ഇതില്‍ തൃപ്തനാകാത്ത പ്രവീണ്‍ കുട്ടിയുടെ പക്കല്‍ നിന്ന് അച്ഛന്റെ നമ്പര്‍ വാങ്ങി വിളിച്ചു വിവരങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടി വീട്ടില്‍ പറയാതെ ഒളിച്ചോടുകയാണെന്ന് മനസ്സിലായത്.

'ഉടന്‍ തന്നെ ഞാന്‍ ആകാശിനെ വിളിച്ചിറക്കി ഞങ്ങളുടെ ഓഫീസിലേക്ക് കൊണ്ടു പോയി വിവരങ്ങള്‍ തിരക്കി. ഗള്‍ഫില്‍ ഡ്രൈവറായ ആകാശിന്റെ അച്ഛന്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അച്ഛന് അനിയത്തിയോട് മാത്രമേ സ്‌നേഹമുള്ളൂ എന്നാണ് ആകാശിന്റെ പരാതി. പഠിക്കുന്നില്ലെന്ന് പറഞ്ഞ് അവനെ കുറേ തല്ലി. വൈകീട്ട് കളിക്കാന്‍ വിടാതായി. ഇതു താങ്ങാനാകാതെ ആകാശ് സ്‌കൂളില്‍ പോകാതെ നേരെ വണ്ടി പിടിച്ചു മുംബൈയ്ക്കു തിരിക്കുകയായിരുന്നു. വണ്ടി പുണെയ്ക്കാണെന്നു പോലും അവനറിയില്ലായിരുന്നു. അച്ഛനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമെത്തി. എന്നാല്‍ കൂടെ പോകാന്‍ ആകാശ് തയ്യാറായിരുന്നില്ല. അമ്മ കൂടി വരണമെന്നായി ആകാശ്. എന്നിട്ടും അവന്‍ ശാഠ്യം പിടിച്ചു. പിന്നീട് ഞങ്ങള്‍ ഭട്കലിലെ ഒരു സ്‌കൂളിലെ പി.ടി.എ. അസോസിയേഷന്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍ ഭട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതോടെയാണ് രക്ഷിതാക്കളുടെ കൂടെ തിരികെ പോകാന്‍ ആകാശ് തയ്യാറായത്'- പ്രവീണ്‍ പറഞ്ഞു.

എവിടെയോ നഷ്ടപ്പെട്ടേക്കാവുന്ന മകനെ ചേര്‍ത്തു പിടിച്ചു യാത്രയാകുമ്പോള്‍ ആ രക്ഷിതാക്കളുടെ നനഞ്ഞ കണ്ണുകള്‍ നന്ദി പറയുന്നുണ്ടായിരുന്നു. ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ പ്രവീണിനോടും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ സന്തോഷ് ഗോങ്കറോടും.

Keywords: Mumbai, Escape, Student, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.