Latest News

ഒമ്പത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുകൂടി ക്വാട്ട അനുവദിക്കുന്നു

കോഴിക്കോട്: കഴിഞ്ഞദിവസത്തെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒമ്പത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുകൂടി ഹജ്ജ് ക്വാട്ട അനുവദിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഹജ്ജ് സെല്‍ തീരുമാനിച്ചു.

ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വെളളിയാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2014 മുതല്‍ 2017വരെയുള്ള ഹജ്ജ് ക്വാട്ടയ്ക്ക് ഈ ഗ്രൂപ്പുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. മുംബൈ കേന്ദ്രമായ അല്‍ അക്രം ഹജ്ജ് ടൂര്‍സ് അല്‍ മുഹമ്മദി, ഹജ്ജ് ടൂര്‍, ന്യൂ കാലിക്കറ്റ് ഹജ്ജ് ഗ്രൂപ്പ്, ഇന്റര്‍നാഷനല്‍ സിറ്റി ലിങ്ക്‌സ്, ഡല്‍ഹിയിലെ മുസാഫിര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, കേരളത്തിലെ വാസ്‌കോ ഹജ്ജ് ഗ്രൂപ്പ്, സലാമത്ത് ഹജ്ജ് ഗ്രൂപ്പ്, കേരള ഇസ്‌ലാം ഹജ്ജ് ഉംറ സര്‍വീസ് എന്നിവയാണു പുതിയതായി ക്വാട്ടയ്ക്ക് അര്‍ഹതയുള്ള സ്വകാര്യ ഗ്രൂപ്പുകളായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.

സുപ്രിംകോടതി നേരത്തെ കൊണ്ടുവന്ന ഹജ്ജ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നു കാണിച്ച് 2013ല്‍ ഈ ഒമ്പത് ഗ്രൂപ്പുകളുള്‍പ്പെടെ 22 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ടയ്ക്കായുള്ള അപേക്ഷ കഴിഞ്ഞവര്‍ഷം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിനെതിരേ ഈ 22 ഗ്രൂപ്പുകളും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വര്‍ഷത്തില്‍ ഒരുകോടിയുടെ വിറ്റുവരവ് വേണമെന്നും മൂന്നുവര്‍ഷത്തെ ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കണമെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നു പറഞ്ഞായിരുന്നു ഇവരുടെ അപേക്ഷ തള്ളിയിരുന്നത്.

ഈ നിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസത്തെ വിധിയില്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഇക്കാരണങ്ങള്‍കൊണ്ടു മാത്രം ക്വാട്ട നിഷേധിക്കപ്പെട്ട ഈ ഒമ്പത് ഗ്രൂപ്പുകളോട് 2014ലെ ഹജ്ജ് ക്വാട്ടയ്ക്കായി ആഗസ്ത് 11 ഉച്ചയ്ക്ക് 12നു മുമ്പ് ഡല്‍ഹിയിലെ ഹജ്ജ് സെല്‍ ഓഫിസില്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. സുപ്രിംകോടതിയിലെ ഹരജിയിലുണ്ടായിരുന്ന മറ്റ് 13 ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം ക്വാട്ടയുണ്ടാവില്ലെന്നാണ് സൂചന.

സുപ്രിംകോടതി റദ്ദാക്കാത്ത മറ്റ് ഹജ്ജ് നിയമങ്ങള്‍ ഇവര്‍ പാലിച്ചിട്ടില്ലെന്നാണ് ഇതില്‍നിന്നു മനസ്സിലാവുന്നത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.