വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടിയുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തലമുറക്ക് അന്യം നിന്നുപോയ ഒരു കാഴ്ചയാന്നു.
മരിച്ചുപോയ മഹാന്മാരുടെയും, ഔലിയാക്കളുടെയും മദ്ഹുകള്‍ പാടിയും പറഞ്ഞും വീടുകള്‍ കയറിയിറങ്ങിയിരുന്ന കലീബ; മിക്കവരുടെയും കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മായാതെ തങ്ങി നില്‍ക്കുന്നുണ്ടാകും. കുട്ടികളെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്ന ഈ 'മുസാഫിറിനു ' കലീബ എന്ന പേര് ലഭിച്ചത് എങ്ങിനെ എന്നറിയില്ല.
ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കുമായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും. വീട്ടുകാര്‍ വാതില്‍ തുറക്കുന്നതോടെ കയ്യില്‍ ചുരുട്ടി വെച്ചിരുന്ന കൊടി താഴോട്ട് നിവര്‍ത്തി ബദരീങ്ങളെയും, ശുഹദാക്കളെയും പ്രകീര്‍ത്തിച്ചു അവതാനങ്ങള്‍ ഉരുവിടും. താഴോട്ടു നിവര്‍ന്നിറങ്ങുന്ന പച്ച കൊടിയില്‍ അജ്മീര്‍ പള്ളിയുടെയോ, നാഗൂര്‍ ദര്ഗ്ഗയുടെയോ ചിത്രവും, 786 എന്ന ബിസ്മിയുടെ ചുരുക്കെഴുത്തും, ചന്ദ്രക്കലയും, നക്ഷത്രവും കാണാം. ദീര്‍ഘ ചതുരാകൃതിയിലുള്ളതും നീളം കൂടിയതുമായ കൊടിയുടെ താഴത്തെ അറ്റം രണ്ട് ത്രികോണങ്ങള്‍ ചേര്‍ത്ത് വെച്ചത് പോലെ ഇരിക്കും. ത്രീകോണത്തിന്റെ മൂലയില്‍ ഓരോ പൂച്ചെണ്ടുകള്‍ തൂങ്ങി നില്‍ക്കുന്നുണ്ടാകും. കൊടി നിവരുന്നതിനനുസരിച്ചു ബദരീങ്ങളെ കുറിച്ചും ഔലിയാക്കളെ കുറിച്ചും ഉള്ള അവതാനങ്ങള്‍ ഉച്ചത്തിലാകുന്നു. പിന്നെ തോളില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും മുറുക്കാന്‍ പെട്ടി പോലുള്ള കാണിക്കപെട്ടി പുറത്തെടുത്തു വീടിന്റെ ഉമ്മറപ്പടിയില്‍ തുറന്നു വെക്കും. കാണിക്കപെട്ടിയില്‍ നാണയ തുട്ടുകളും, ഏലസ്സുകളും, മന്ത്രിച്ചു തയ്യാറാക്കി വെച്ച നൂലുകളും, ഏലസ്സുകളില്‍ എഴുതി വെക്കാനുള്ള ചെമ്പ് തകിടുകളും കാണാം.
ഒരു ചെറിയ നാണയ തുട്ട് കാണിക്ക പെട്ടിയില്‍ നിക്ഷേപിച്ച് കലീബയെ പറഞ്ഞു വിടാന്‍ വീട്ടുകാര്‍ ശ്രമിക്കുബോഴേക്കും അയാള്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയായി. പുരുഷന്മാര്‍ ഇല്ലാത്ത വീടുകളിലാണ് ഇവരുടെ അടവുകള്‍ എളുപ്പം ചിലവാകുന്നത്. വീട്ടുകാര്‍ക്ക് വലിയൊരു ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്നും, അതില്‍ നിന്ന് രക്ഷ കിട്ടാന്‍ ദര്‍ഗ്ഗകളിലേക്ക് ഒരു തുക നേര്‍ച്ച നല്‍കണമെന്നും സ്ത്രീകളെ പറഞ്ഞു ഫലിപ്പിക്കും. നേര്‍ച്ചക്കാരുടെ ബര്‍ക്കത്ത് കൊണ്ട് ആപത്ത് ഒഴിഞ്ഞു പോകുമെന്ന വാഗ്ദാനം സ്ത്രീകള്‍ക്ക് ആശ്വാസമാകുന്നു. അറിവില്ലായ്മയും, അജ്ഞതയും, ഭയവും വീട്ടുകാരിയെ ധര്‍മ്മ സങ്കടത്തിലാക്കും. പെട്ടിയിലോ തട്ടിന്‍ പുറത്തോ കരുതി വെച്ച സമ്പാദ്യത്തില്‍ നിന്നും ഒരു തുക എടുത്തു കാണിക്ക പെട്ടിയില്‍ നിക്ഷേപിക്കുന്നു. പണം കിട്ടിയതിനു പകരം ദോഷ മുക്തിക്കായി കൈ മേലോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥന നടത്തുന്നു. ചുമലില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും അല്‍പ്പം ഉണങ്ങിയ പനിനീര്‍ പൂവിതളുകള്‍ എടുത്തു 'ചീരണി ' ആയി വീട്ടുകാര്‍ക്ക് നല്‍കുന്നു. പിന്നെ അടുത്ത വീടിനെ ലക്ഷ്യമാക്കി യാത്ര തുടരുന്നു.
അടുത്തടുത്ത വീടുകളെ തമ്മില്‍ വേര്‍തിരിക്കാനായി ഉയരത്തില്‍ പണിതുയര്‍ത്തിയ ചുറ്റുമതിലുകളും, ഇരുമ്പ് ഗേറ്റുകളും, കാവല്‍ക്കാരും ഇല്ലാതിരുന്ന കാലം. ഒരു വീട്ടില്‍ നിന്നും അടുത്തതിലേക്കു വെറുമൊരു മണ്‍ വരമ്പിന്റെയൊ, മരക്കമ്പുകള്‍ കൊണ്ടുള്ള വേലിയുടെയോ തടസ്സമെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അയല്‍ പക്കങ്ങളിലെ നായ കൂട്ടങ്ങള്‍ കുരച്ചും, മോങ്ങിയും കലീബയോടുള്ള അവരുടെ പ്രധിഷേധം അറിയിക്കും. ഭയപ്പെടുത്തിയിരുന്നെങ്കിലും കുട്ടികള്‍ കൂട്ടം കൂടി കലീബയെ ദൂരെ മാറി നിന്ന് പിന്തുടരും.
അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയപ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖരിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തികളായിരുന്നു ഈ കലീബമാര്‍. ജാറങ്ങളിലും, പള്ളികളിലും നടക്കുന്ന ഉറൂസ്, നേര്ച്ച തുടങ്ങിയ വിശേഷ ചടങ്ങുകളിലേക്ക് തേങ്ങയും, അരിയും, ഗോതമ്പും, പണവും മറ്റു കാണിക്കകളും 'വിശ്വാസികളില്‍' നിന്നും ശേഖരിച്ചു ലക്ഷ്യത്തില്‍ എത്തിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇവര്‍ വരുന്നത്. മഖ്ബറകള്‍ മൂടാനുള്ള പച്ചപട്ടു നേര്‍ച്ചയാക്കാന്‍ പ്രേരിപ്പിച്ചു അതിന്റെ പണം വാങ്ങുന്ന കലീബമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
റൂഹാനി, കൂളി, കണ്ണേര്‍, മാട്ടം, പിശാചുബാധ, കുട്ടിച്ചാത്തന്‍, മാരണം, ഒടിയന്‍, കൊതികൂടല്‍, ജിന്ന്ബാധ, തുടങ്ങിയവയുടെ ഉപദ്രവം മൂലം വീട്ടുകാരെ 'ബാധിക്കുന്ന' സകലമാന പ്രയാസങ്ങള്‍ക്കും ആത്മീയ ചികില്‍സ വാഗ്ദാനം നല്‍കുന്ന കലീബ; വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെയായിരുന്നു. റൂഹാനിയും, ഒടിയനും, മാരണക്കാരും, കുട്ടിച്ചാത്തനും സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്ന പഴയ കാലത്തെ സാമൂഹികാവസ്ഥയെ എളുപ്പം ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. റൂഹാനികളില്‍ നിന്നും രക്ഷ കിട്ടാന്‍ വേണ്ടി ചെമ്പ് തകിടില്‍ എഴുതി കുപ്പിയിലടച്ച് വീടിന്റെ നാലു മൂലയില്‍ കെട്ടിത്തൂക്കാനും, മാരണം ബാധിക്കാതിരിക്കാന്‍ പിഞ്ഞാണമെഴുതി കുടിക്കാനും നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധരായ കലീബമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അയല്‍പക്കത്തെ ആള്‍ താമസമില്ലാത്ത വീട്ടുവളപ്പില്‍ കൂട്ടുകാരോടോത്ത് കുട്ടിയും കോലും കളിക്കാന്‍ പോകുമ്പോള്‍, അയല്‍വാസിയായ വലിയുമ്മ പറയുമായിരുന്ന കാര്യം മനസ്സില്‍ ഓര്‍മ്മ വരുന്നു. ഒടി കെട്ടിയ പുളി മരത്തിന്റെ ചുവട്ടില്‍ കളിക്കുകയോ പുളി പറിച്ചു തിന്നുകയോ ചെയ്യരുത് എന്ന് അവര്‍ താക്കീത് ചെയ്യുമായിരുന്നു. അന്നൊന്നും ഒടി എന്താണെന്ന് ധാരണയില്ലായിരുന്നു. പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പുളി മരത്തിന്റെ തടിയില്‍ തെങ്ങോല കൊണ്ട് അരപ്പട്ട പോലെ ചുറ്റി കെട്ടിയ എന്തോ ഒന്ന് കണ്ടിരുന്നുതായി ഓര്‍ക്കുന്നു. ഒടിയന്മാര്‍ രാത്രിയില്‍ പല രൂപത്തില്‍ വന്നു ആളുകളെ ഉപദ്രവിക്കുമത്രേ. ഇതിനെ 'മാട്ടുക' എന്നാണ് പറഞ്ഞിരുന്നത്. രോഗങ്ങളും പ്രയാസങ്ങളും ആപത്തുകളും നേരിടുമ്പോള്‍ ആരോ നമുക്കിട്ട് 'മാട്ടം' ചെയ്തു എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
അക്കാലത്ത് കൃഷിയും കാര്‍ഷിക വൃത്തിയും ഇന്നത്തെതിനെക്കാള്‍ സജീവമായിരുന്നു. സാധാരണ മിക്ക വീടുകളോടും ചേര്‍ന്നു വീട്ടുവളപ്പില്‍ തന്നെ ചെറിയ രീതിയില്‍ നെല്‍കൃഷി കാണും. വയലുകള്‍ കേന്ദ്രീകരിച്ചും നല്ല നിലയില്‍ കൃഷി നടന്നിരുന്നു. വിളവെടുപ്പിനു ശേഷം നാട് സമൃദ്ധി നേടുന്നതോടെയാണ് കലീബയുടെ വരവിനു വേഗത കൂടുന്നത്. ചാണകം തേച്ചു മിനുക്കിയ മുറ്റം നിറയെ നെല്ലിന്‍ കറ്റകളും, പറമ്പില്‍ അങ്ങിങ്ങായി വൈക്കോല്‍ കൂനകളും കാണാം. അവയ്ക്ക് മുകളില്‍ കയറി ഊളിയിടുകയും, ഒളിച്ചു കളിക്കുകയും ചെയ്യുന്ന കൊച്ചു കുട്ടികളുടെ ആരവം. കൃഷിയുള്ള വീടുകളില്‍ നിന്ന് നാഴി നെല്ല് ചോദിച്ചു വാങ്ങാന്‍ കലീബ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വീട്ടിനകത്ത് നിന്ന് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ പിന്നെ അവരിലായിരിക്കും കലീബയുടെ ശ്രദ്ധ.കുട്ടികള്‍ക്ക് കണ്ണേര്‍ ബാധിക്കാതിരിക്കാനും, അംഗ വൈകല്യം സംഭവിക്കാതിരിക്കാനും, വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത അവയവത്തിന്റെ രൂപം നേര്‍ച്ച നല്‍കാന്‍ വീട്ടുകാരിയോട് നിര്‍ദ്ദേശിക്കുന്നു. തന്റെ മാറാപ്പില്‍ നിന്നും കണ്ണ്, വിരല്‍, മൂക്ക് പോലുള്ള അവയവങ്ങളുടെ രൂപം പുറത്തെടുത്ത് അതില്‍ മന്ത്രിച്ച് കാണിക്ക പെട്ടിയില്‍ നിക്ഷേപിക്കുന്നു. അതിനുള്ള പണം കൂടി വീട്ടുകാരില്‍ നിന്നും കണക്ക് പറഞ്ഞു വാങ്ങും. കുട്ടികളുടെ അരയില്‍ കെട്ടാനുള്ള കറുത്ത അരഞ്ഞ കയര്‍ കൂടി മന്ത്രിച്ചു നല്‍കി അടുത്ത വീട്ടിനെ ലക്ഷ്യമാക്കി കലീബ യാത്ര തുടരുന്നു.
ചെറുപ്പത്തില്‍ ഉദുമ പടിഞ്ഞാര്‍ പ്രദേശത്തുള്ള ബന്ധു വീട്ടിലേക്ക് പോകുമ്പോള്‍ ഒതോത്ത് വയലിലെ വിശാലമായ നെല്‍കൃഷി പാടങ്ങള്‍ക്കിടയിലൂടെ ഒതോത്ത് പള്ളിയിലേക്ക് നടന്നു പോയിരുന്ന ഒരു കലീബയെ സ്ഥിരമായി കാണുമായിരുന്നു. രാത്രി കാലങ്ങളില്‍ പള്ളി വരാന്തകളിലായിരിക്കും കലീബയുടെ വിശ്രമം.
ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം. എങ്കിലും അന്ധവിശ്വാസങ്ങള്‍ പഴയ കോലം മാറി പുതിയ രൂപം സ്വീകരിപ്പോള്‍ കലീബയില്‍ നിന്നും സിദ്ധന്മാരിലേക്ക് എത്തി നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഖാലിദ് പാക്യാര |
VIDEO
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
..... എങ്കിലും അന്ധവിശ്വാസങ്ങള്‍ പഴയ കോലം മാറി പുതിയ രൂപം സ്വീകരിപ്പോള്‍ കലീബയില്‍ നിന്നും സിദ്ധന്മാരിലേക്ക് എത്തി നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം....
ReplyDeleteനല്ല ലേഖനം.അഭിനന്ദനം...