Latest News

കോണ്‍ഗ്രസ്സും ലീഗും പിന്മാറി; അമേരിക്കന്‍ പരിശീലനത്തിന് എം.എല്‍.എമാരില്ല

തിരുവനന്തപുരം : സി.പി.എമ്മിന് പിന്നാലെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും പിന്മാറിയതോടെ എം. എല്‍.എ മാരുടെ അമേരിക്കന്‍ പരിശീലന പരിപാടിയില്‍ നിന്ന് കേരളസംഘം പൂര്‍ണമായി ഒഴിവായി. പതിനൊന്നംഗ യുവ എം.എല്‍.എ മാരുടെ സംഘമാണ് അമേരിക്കന്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റില്‍പ്പോയി വിസയുമെടുത്ത് ടിക്കറ്റുവരെ വന്നശേഷമാണ് എം.എല്‍.എ മാര്‍ ഒഴിവായത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എ മാര്‍ യാത്ര ഉപേക്ഷിക്കുന്നത്. ഇസ്രയേലിന് അമേരിക്ക പിന്തുണ നല്‍കുന്നതാണ് എതിര്‍പ്പിന് കാരണം.

ആദ്യം സി.പി.എം. എം.എല്‍.എ മാരായ ടി.വി. രാജേഷും കെ.ടി. ജലീലുമാണ് പിന്‍മാറിയത്. പിന്നീട് സി.പി.ഐ. യിലെ ഇ.എസ്. ബിജിമോള്‍ പിന്‍വാങ്ങി. രാജേഷിനോടും ജലീലിനോടും യാത്ര ഒഴിവാക്കാന്‍ പാര്‍ട്ടിയാണ് നിര്‍ദേശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്കന്‍ പരിശീലനത്തിന് പോകണമോയെന്ന് ചിന്തിക്കാന്‍ സി.പി.ഐ. ബിജിമോളോട് ആവശ്യപ്പെട്ടു. അതോടെ അവരും പിന്‍മാറി.

ഇടതുമുന്നണി എം.എല്‍.എ മാരുടെ പിന്മാറ്റം രാഷ്ട്രീയ വിഷയമായി ഉന്നയിക്കപ്പെടാന്‍ തുടങ്ങിയതോടെ ലീഗ് എം.എല്‍.എ മാര്‍ പ്രതിരോധത്തിലായി. സംഘത്തിലുണ്ടായിരുന്ന എന്‍. ഷംസുദ്ദീനും കെ.ഷാജിയും പിന്മാറി. ഇതോടെ കോണ്‍ഗ്രസ് എം.എല്‍. എമാര്‍ക്ക് മറ്റുവഴിയില്ലാതായി. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വി.ടി. ബലറാം, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. പാര്‍ട്ടി നേതൃത്വം അവരോടും പിന്മാറാന്‍ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന എല്ലാവരും മാറിയതോടെ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ മോന്‍സ് ജോസഫും പിന്മാറി.

ഇന്റര്‍നാഷണല്‍ വിസിറ്റേഴ്‌സ് ലീഡര്‍ഷിപ്പ് പ്രോഗ്രാം എന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലെ എം. എല്‍.എ മാരെ പരിശീലനത്തിനായി ക്ഷണിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നായി പ്രതിവര്‍ഷം അയ്യായിരത്തോളം യുവജനങ്ങള്‍ ഈ പരിപാടിക്കായി അമേരിക്കയില്‍ എത്തുന്നുണ്ട്.

വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന ചിന്ത പങ്കിടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പ്രശ്‌നം രാഷ്ട്രീയവത്കരിച്ചതോടെ അത്തരം ന്യായങ്ങള്‍ക്ക് നിലനില്‍പ്പില്ല. ഇരുപക്ഷത്തെയും പ്രമുഖ നേതാക്കളെല്ലാം പലകുറി അമേരിക്ക സന്ദര്‍ശിച്ചവരാണ്. പല പ്രമുഖ നേതാക്കളുടെയും മക്കള്‍ അമേരിക്കയില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. സാഹചര്യമിതായിരിക്കെ ഇക്കാര്യം രാഷ്ട്രീയവത്കരിച്ച് യാത്ര മുടക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായക്കാരുമുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.