Latest News

ആലുവയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

ആലുവ: ബുധനാഴ്ച രാത്രി ഒമ്പതിന് പൈപ്പ്ലൈന്‍ റോഡില്‍ കുന്നത്തേരി ജങ്ഷനുസമീപം മൂന്നുനില കെട്ടിടം മണ്ണിലേക്കിരുന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തരുകുപീടികയില്‍ ഷാജഹാന്‍(44), ഭാര്യ സൈബുന്നിസ(36), മകള്‍ ഐഷ(12) എന്നിവരാണു മരിച്ചത്. ഇവരുടെ മകന്‍ സാബിര്‍ അപകടസമയത്തു കെട്ടിടത്തിനുള്ളില്‍ നിന്നു പുറത്തു കടന്നതിനാല്‍ രക്ഷപ്പെട്ടു. ഇവരുടെ വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.

എട്ടു വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം. താഴത്തെ നിലയില്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പും ഇതിനോടു ചേര്‍ന്നൊരു ഫ്‌ളവര്‍ മില്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു മുകളിലെ നിലയില്‍ ഷാജിയുടെ കുടുംബം താമസിക്കുന്നു. രണ്ടാം നിലയിലും, അതിനു മുകളിലെ ഷീറ്റ് മേഞ്ഞിരിക്കുന്ന നിലയിലും വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നു. എട്ട് മാസം മുന്‍പാണ് ഷീറ്റ് മേഞ്ഞത്.

കനത്ത മഴയത്താണ് കെട്ടിടം ഇടിഞ്ഞത്. തറയുടെ ബലക്ഷയമാണ് കാരണമെന്നു കരുതുന്നു. ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീമിനടിയില്‍ പെട്ടുപോയ ഐഷയെ രാത്രി ഒന്‍പതരയോടെ അഗ്‌നിശമനസേന കണ്ടെടുത്തു കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

രാത്രി 12 മണിയോടെ ഷാജഹാന്റെ മൃതദേഹവും പന്ത്രണ്ടേമുക്കാലോടെ സൈബുന്നിസയുടെ മൃതദേഹവും കണ്ടെടുത്തു. തായിക്കാട്ടുകര തരകുപീടികയില്‍ അബ്ദുള്ളയുടെ മകനാണ് ഷാജഹാന്‍. തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഐഷ. ഐഷയുടെ മൃതദേഹം കാരോത്തുകുഴി ആശുപത്രിയിലും ഷാജഹാന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. രക്ഷപ്പെട്ട സാബിര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

കനത്ത മഴയെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെട്ടു. ഇടുങ്ങിയ റോഡും വെളിച്ചക്കുറവും പ്രതിബന്ധമായി. അപകടത്തെ തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.