Latest News

കള്ളന്‍മാരെ പിടിക്കാന്‍ ഇനി 'വിസ്‌കി' ഇല്ല

കാസര്‍കോട്: കള്ളന്‍മാരെ പിടിക്കാന്‍ പതിനൊന്നു വര്‍ഷം പോലീസിനെ സഹായിച്ച കാസര്‍കോട് പോലീസിലെ ട്രാക്കര്‍ നായ വിസ്‌കി എന്ന വിസ്‌കി ഓഫ് ശ്രേയസ് വിടവാങ്ങി. പോലീസ് സേനയിലെ 13 വയസ്സുകാരിയായ ഈ ലാബ്രഡോര്‍ ബുധനാഴ്ച പുലര്‍ച്ചെയാണു ചത്തത്. വാര്‍ധക്യസഹജമായ രോഗം മൂലമായിരുന്നു മരണം.

2011-ല്‍ ചത്ത റോമി എന്ന ബോംബ് എക്‌സ്‌പ്ലോസീവ് നായക്കുശേഷം വാര്‍ധക്യസഹജമായ രോഗം മൂലം ചാവുന്ന രണ്ടാമത്തെ നായയാണ് വിസ്‌കി. 2013 സപ്തംബറില്‍ ജാക്കി എന്ന ഷൈന്‍ ചത്തിരുന്നു. ഇത് ബോംബ് എക്‌സ്‌പ്ലോസീവ് നായയായിരുന്നു. 2003-ല്‍ മധ്യപ്രദേശിലെ സെങ്കപുരില്‍നിന്നാണ് വിസ്‌കി എത്തിയത്. കാസര്‍കോട് ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് സുരേന്ദ്രനായിരുന്നു ഈ നായയെ പരിശീലിപ്പിച്ചത്.
തലയെടുപ്പും ശൗര്യവുമുള്ള വിസ്‌കി നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കിയിരുന്നു. കുന്നുമ്മല്‍ ക്ഷേത്രത്തിലെ വിഗ്രഹമോഷണത്തിനു തുമ്പുണ്ടാക്കിയത് ഇതില്‍ പ്രധാനമാണ്. ചെമ്മട്ടംവയലിലെ ഒരു വീട്ടില്‍ നടന്ന മോഷണത്തില്‍ സ്വര്‍ണം കക്കൂസ് ക്ലോസറ്റില്‍നിന്ന് കണ്ടെത്തിയിരുന്നു. മധൂരിലെ മോഷണമടക്കമുള്ളവയ്ക്ക് തുമ്പുണ്ടാക്കി.
മോഷണം കണ്ടുപിടിക്കാന്‍ ഇനി കാസര്‍കോട് പോലീസിലുള്ളത് അലക്‌സ് എന്ന നായ മാത്രമാണ്. ബോംബ് കണ്ടുപിടിക്കാനുള്ള ഒരു നായ ഇപ്പോള്‍ തൃശ്ശൂര്‍ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനത്തിലാണ്. സുരേന്ദ്രന്‍, കെ.വി.ലോഹിതാക്ഷന്‍, ജിന്‍സ് ജോസ്, ഷിബു, യതീഷ്‌കുമാര്‍ എന്നിവരാണ് ഡോഗ് സ്‌ക്വാഡിലെ പോലീസ് അംഗങ്ങള്‍.
വിസ്‌കിക്ക് വികാരനിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങാണ് കാസര്‍കോട്ട് നടന്നത്. കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ നടന്ന ശവസംസ്‌കാരച്ചടങ്ങില്‍ ജില്ലാ പോലീസ് മേധാവിക്കുവേണ്ടി കെ.വിശ്വനാഥന്‍ റീത്ത് സമര്‍പ്പിച്ചു. 

ഡിവൈ.എസ്.പി.മാരായ ദാമോദരന്‍, അജി, ഡ്യൂട്ടി ഓഫീസര്‍ എം.കുഞ്ഞിക്കൃഷ്ണന്‍ അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. റോമി, ജാക്കി എന്നീ നായകളുടെ അടുത്താണ് വിസ്‌കിക്കും കുഴിമാടമൊരുക്കിയത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.